ജൂലിയാന്‍ അസാഞ്ചിനെ നാടുകടത്തും

Wednesday 2 November 2011 4:54 pm IST

ലണ്ടന്‍: ലൈംഗികാരോപണ കേസില്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ചിനെ നാടുകടത്താന്‍ ഉത്തരവ്. പത്തു ദിവസത്തിനകം സ്വീഡനിലെക്കു നാടുകടത്താനാണു ലണ്ടന്‍ ഹൈക്കോടതിയുടെ ഉത്തരവ്. നാടുകടത്തരുതെന്ന അസാഞ്ചിന്റെ അപ്പീല്‍ കോടതി തളളി. രണ്ടു സ്വീഡീഷ് വനിതകളെ പീഡനത്തിനിരയാക്കി എന്നാരോപിച്ചാണു ലണ്ടന്‍ പോലീസ് അസാഞ്ചിനെ അറസ്റ്റ് ചെയ്തത്. വിക്കിലീക്സ് സ്ഥാപനത്തിലെ ജീവനക്കാരികളില്‍ ഒരാളെ പീഡിപ്പിച്ചെന്നും മറ്റൊരാളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണു കേസ്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അസാഞ്ച്‌ നിഷേധിച്ചു. വിക്കിലീക്‌സ്‌ വെളിപ്പെടുത്തലുകളുടെ ഭാഗമായി ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ്‌ തനിക്കെതിരെ കേസുകള്‍ ഉണ്ടാക്കിയതെന്ന്‌ അസാഞ്ച്‌ വ്യക്തമാക്കി. ലണ്ടനിലെ ജയിലില്‍ കഴിയുന്ന അസാഞ്ച് സ്വീഡനിലേക്കു തിരിച്ചയയ്ക്കരുതെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയിരുന്നു. ലോകത്താകമാനമുളള രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യജീവിതവും നയതന്ത്രരേഖകളും വെളിപ്പെടുത്തിയാണ് വിക്കിലീക്സ് ശ്രദ്ധേയമായത്. പല ലോകരാജ്യങ്ങളുടെയും കണ്ണില്‍ കരടായി മാറിയ അസാഞ്ചിനെ പിന്നീടു മാനഭംഗക്കേസ് ഫയല്‍ ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഹൈക്കോടതി വിധിക്കതിരെ അസാഞ്ച്‌ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ അസാഞ്ചിന്റെ അഭിഭാഷകന്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അസാഞ്ചെയ്ക്ക്‌ 14 ദിവസത്തെ സാവകാശം തേടാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.