ആം ആദ്മി പിളര്‍ന്നു

Saturday 28 March 2015 11:24 pm IST

ന്യൂദല്‍ഹി: വമ്പന്‍ ഭൂരിപക്ഷത്തിന് ദല്‍ഹി ഭരണം പിടിച്ചടക്കിയ, അരവിന്ദ് കേജ്‌രിവാള്‍ മേധാവിയായ ആംആദ്മി പാര്‍ട്ടി നെടുകെപ്പിളര്‍ന്നു. തുടക്കം മുതല്‍ തമ്മിലടിയും ബഹളവും സംഘര്‍ഷവും കൊണ്ട് അലങ്കോലമായ പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് യോഗം യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നീ സ്ഥാപക നേതാക്കള്‍ അടക്കം നാലു പേരെ പാര്‍ട്ടി പദവിയില്‍ നിന്ന് പുറത്താക്കി. ഇവര്‍ തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരെയും നേതാക്കളെയും ചേര്‍ത്ത് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുമുണ്ട്. നാടകീയ സംഭവവികാസങ്ങള്‍ നിറഞ്ഞ യോഗം പാര്‍ട്ടിയെ നാണക്കേടിന്റെ പടുകുഴിയിലാഴ്ത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് ആപ്പ് നാഷണല്‍ എക്‌സിക്യുട്ടീവ് തുടങ്ങിയത്. യാദവിനെയും ഭൂഷണെയും പേരെടുത്തു പറഞ്ഞ് അതിരൂക്ഷമായി വിമര്‍ശിച്ച കേജ്‌രിവാള്‍ ഒരു മണിക്കൂര്‍ പ്രസംഗത്തിനുശേഷം യോഗത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം മടങ്ങി. തുടര്‍ന്ന് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്, യാദവിനെയും ഭൂഷണെയും അജിത് ഝായെയും പ്രൊഫ. അനന്തകുമാറിനെയും ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കുന്നുവെന്ന പ്രമേയം അവതരിപ്പിച്ചു. കേജ്‌രിവാളിന്റെ അടുത്ത അനുയായിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയാണ് പ്രമേയം അവതരിപ്പിച്ചത്. കേജ്‌രിവാളിന്റെ അസാന്നിധ്യത്തില്‍ ദല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായി അധ്യക്ഷത വഹിച്ചു. ശബ്ദ കോലാഹലത്തിനിടെ പ്രമേയം പാസാക്കിയതായി പ്രഖ്യാപിച്ചു. ബഹളത്തിനിടെ യാദവിനും ഭൂഷണും എതിരെ എംഎല്‍എമാര്‍ അക്രമം അഴിച്ചുവിട്ടു. അസല്‍ ഗുണ്ടായിസമാണ് യോഗത്തില്‍ നടന്നതെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ കശാപ്പാണ് നടന്നത്. തങ്ങളെ അനുകൂലിക്കുന്നവരെ വലിച്ച് പുറത്താക്കി. തങ്ങളെയും തങ്ങളെ അനുകൂലിച്ചവരെയും യോഗത്തിനുള്ളില്‍ വച്ച് ഗുണ്ടകള്‍ മര്‍ദ്ദിച്ചു. അവര്‍ പറഞ്ഞു. രണ്ട് എംഎല്‍ എമാര്‍ ഭൂഷണെ ആക്രമിച്ചു. 311 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവില്‍ 247 പേര്‍ പ്രമേയത്തെ അനുകൂലിച്ചതായി സിസോദിയയും കൂട്ടരും പറയുന്നു. എന്നാല്‍ 167 പേര്‍ മാത്രമാണ് പ്രമേയത്തില്‍ ഒപ്പിട്ടിട്ടുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ് യോഗത്തില്‍ നടന്നതെന്ന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പറഞ്ഞു. തങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കാന്‍ കേജ്‌രിവാള്‍ അംഗങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു. യാദവ് പറഞ്ഞു. ഏകാധിപതിയെപ്പോലെയാണ് കേജ്‌രിവാളിന്റെ പ്രവര്‍ത്തനം. പ്രമേയം അവതരിപ്പിച്ച് ഒരു ചര്‍ച്ചയും ഇല്ലാതെ മിനിറ്റുകള്‍ക്കുള്ളിലാണ് പാസാക്കിയത്. നടപടി ക്രമങ്ങള്‍ യാതൊന്നും പാലിച്ചില്ല. എല്ലാം പ്രഹസനമായിരുന്നു. യാദവ് തുടര്‍ന്നു. ഇത് പാര്‍ട്ടിക്ക് ദു:ഖകരമായ ദിവസമാണ്. അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ യാദവിന്റെയും ഭൂഷണിന്റെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി കെട്ടിപ്പൊക്കാന്‍ കേജ്‌രിവാളിനൊപ്പം തുടക്കം മുതല്‍ നിലകൊണ്ടവരാണ് ഇരുവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.