നമാമിഗംഗേ : ബൃഹദ് പദ്ധതിയുമായി അമൃതാനന്ദമയീ മഠം

Sunday 29 March 2015 10:13 pm IST

ന്യൂദല്‍ഹി: ഗംഗാ ശുചീകരണ പദ്ധതിയില്‍ പങ്കാളിയാകുന്ന മാതാ അമൃതാനന്ദമയിമഠം അഞ്ചു സംസ്ഥാനങ്ങളില്‍ ഗംഗാതീരത്തെ ഗ്രാമങ്ങളില്‍ കക്കൂസ് നിര്‍മ്മിച്ചു നല്‍കും. പതിനായിരക്കണക്കിനു കക്കൂസുകള്‍ നിര്‍മ്മിക്കുന്ന ഈ ബൃഹദ് പദ്ധതിയോടെ നമാമി ഗംഗേ എന്ന ലോകചരിത്രത്തിലിടം പിടിക്കുന്ന സംരംഭത്തില്‍ പങ്കാളിയാകുന്ന മുഖ്യ സര്‍ക്കാരിതര സ്ഥാപനമാകും അമൃതാനന്ദമയീ മഠം. കഴിഞ്ഞ ദിവസം മാതാ അമൃതാനന്ദമയീ ദേവിയുമായി നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് അമ്മ ആശ്രമത്തിന്റെ പങ്കാളിത്തം പ്രഖ്യാപിച്ചത്. ഗംഗ ഒഴുകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലുള്ളവര്‍ക്ക് കക്കൂസ് നിര്‍മിച്ചുനല്‍കുന്ന പദ്ധതിയാണ് ആശ്രമം ഏറ്റെടുക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലൂടെയാണ് ഗംഗ ഒഴുകുന്നത്. അതില്‍ ഏറ്റവും മലിനീകരണമേല്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലായിരിക്കും ആശ്രമത്തിന്റെ ഗംഗാ ശുചീകരണ പദ്ധതി നടപ്പിലാകുന്നത്. ആശ്രമത്തിന് ഗംഗാ ശുചീകരണ പദ്ധതിയില്‍ പങ്കാളിയാകുന്നതിന് സന്തോഷമുണ്ടെന്ന് അമ്മ വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ആശ്രമത്തിന് പിന്നീട് കൈമാറും. ആശ്രമത്തിന്റെ ദല്‍ഹി ചുമതലയുള്ള സ്വാമി നിജാമൃതയും അമ്മയോടൊപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം അമ്മയും പ്രധാനമന്ത്രിയും തമ്മില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഏപ്രില്‍ നാലാം തീയതിവരെ അമ്മ ദല്‍ഹിയിലുണ്ടാകും. വസന്ത്കുഞ്ജിലെ ആശ്രമത്തില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ദര്‍ശനത്തിലും സത്‌സംഗത്തിലും പതിനായിരക്കണക്കിന് ഭക്തരാണ് പങ്കാളികളായത്. ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച ദര്‍ശനം അര്‍ധരാത്രിവരെ നീണ്ടു. ഉത്തരഭാരത സംസ്ഥാനങ്ങളിലെ ആശ്രമം ഏറ്റെടുത്തിട്ടുള്ള 101 ഗ്രാമങ്ങളിലെ 360 നിര്‍ധനരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി കൃഷന്‍ പാല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ അമ്മയില്‍നിന്ന് സ്വീകരിച്ചു. കേദാര്‍നാഥ് എംഎല്‍എ ഷൈലാറാണി റാവത്ത്, ഡിഎവിപി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വേണൂദര്‍ റെഡ്ഡി, സിബിഎസ്ഇ മുന്‍ ചെയര്‍മാന്‍ അശോക് ഗാംഗുലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അസഹിഷ്ണുതയാണ് ലോകത്ത് ഇന്ന് കാണുന്ന എല്ലാ തീവ്രവാദങ്ങളുടെയും അടിസ്ഥാനമെന്ന് അമ്മ പറഞ്ഞു. പരസ്പരം സഹകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുവാനുള്ള കാഴ്ചപ്പാട് ഉണ്ടായാലേ ഇന്നത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകൂ. ശുചിത്വം ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ ഔന്നിത്യം പുലര്‍ത്തിയാല്‍ ഭാരതത്തിന് ലോകത്തിന്റെ നെറുകയിലെത്താനാകൂവെന്ന് അമ്മ പറഞ്ഞു. അമൃതാനന്ദമയിമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദയും അമ്മക്കൊപ്പമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.