യെമന്‍: കപ്പലും വിമാനവുമൊരുക്കി കേന്ദ്ര സര്‍ക്കാര്‍

Sunday 29 March 2015 10:15 pm IST

ന്യൂദല്‍ഹി: ഷിയ ഹുതി വിമതര്‍ക്കെതിരെ അറബ് സൈന്യം ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യെമനിലെ ഭാരതീയരെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം ഭാരതീയരെ നാട്ടിലെത്തിക്കുമെന്നും അവര്‍ അറിയിച്ചു. 3500ഓളം ഭാരതീയരാണ് യെമനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും നേഴ്‌സുമാരാണ്. സംഘര്‍ഷബാധിത മേഖലയില്‍ നിന്നും 80 ഭാരതീയരെ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇവര്‍ നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കൂടാതെ യെമന്റെ തലസ്ഥാനമായ സനയില്‍ നിന്നും പ്രതിദിനം മൂന്നുമണിക്കൂര്‍ വീതം വിമാനം പറത്തുന്നതിനുള്ള അനുമതിയും ലഭിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി അവിടെയുള്ള മുഴുവന്‍ ഭാരതീയരെയും നാട്ടിലെത്തിക്കുമെന്നും സുഷമ വ്യക്തമാക്കി. 1500 പേര്‍ക്ക് യാത്ര ചെയ്യാവുന്ന രണ്ട് കപ്പലുകളും യെമനിലേക്ക് അയയ്ക്കും. എന്നാല്‍ കടല്‍മാര്‍ഗം യെമനില്‍ എത്തണമെങ്കില്‍ അഞ്ചു ദിവസമെടുക്കും. ഈ സാഹചര്യത്തില്‍ വ്യോമ മാര്‍ഗത്തിലൂടെ ഭാരതീയരെ മടക്കിക്കൊണ്ടുവരാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഇതുസംബന്ധിച്ച് ഉന്നതതലസംഘം യെമനുമായി ചര്‍ച്ച നടത്തിവരുന്നു. സൗദി സര്‍ക്കാരുമായും ഭാരതം ആശയവിനിമയം നടത്തുന്നുണ്ട്. അതേസമയം, യെമനില്‍ കഴിഞ്ഞുവരുന്ന ഭൂരിഭാഗം ഭാരതീയരുടേയും പാസ്‌പോര്‍ട്ടുകളും തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് യാത്രയ്ക്ക് തടസമാകുമെന്നതിനാല്‍ പ്രത്യേകം എക്‌സിറ്റ് പാസുകള്‍ നല്‍കുന്നതാണ്. ഭാരതത്തിലെത്തിയശേഷം ഇവര്‍ക്ക് വീണ്ടും പാസ്‌പോര്‍ട്ട് അനുവദിക്കും. ഇതുകൂടാതെ യെമനില്‍ നിന്നും തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നവരുടെ ശമ്പളം ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ എംബസി ശ്രമം തുടരുന്നു. യെമനിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ട പശ്ചാത്തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നു. 91 11 2301 2113, +91 11 2301 4104, +91 11 2301 7905 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. അതിനിടെ, യെമനില്‍ കഴിയുന്ന മലയാളി കുടുംബങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ ബന്ധപ്പെട്ടു. ഇവരെല്ലാം സുരക്ഷിതരാണെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.