ലീഗിനെ കൂട്ടുപിടിച്ച് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കെതിരെ

Sunday 29 March 2015 10:20 pm IST

തിരുവനന്തപുരം: മാണിയെ തകര്‍ത്ത് ഉമ്മന്‍ചാണ്ടിയെ ഒതുക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ രമേശ് ചെന്നിത്തലയുടെ കാര്‍മ്മികത്വത്തില്‍ നടപ്പാക്കിയ തിരക്കഥ ഫലം കാണുന്നു. ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും ഉന്മൂലനം ചെയ്ത് പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കുകയാണ് ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലെ ഗൂഢാലോചനകളുടെ ലക്ഷ്യം. അതങ്ങ് പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തിയില്ലെങ്കിലും ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കാന്‍ ചെന്നിത്തലയ്ക്ക് സാധിച്ചു. പി.സി. ജോര്‍ജിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസിനെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചതോടെ ഉമ്മന്‍ചാണ്ടിയുടെ അടിത്തറയിളക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗിന്റെ പിന്തുണ ഉറപ്പിച്ചാണ് ചെന്നിത്തലയുടെ നീക്കങ്ങള്‍. ബാര്‍ കോഴ കേസില്‍ മാണിയെ ഒതുക്കിയതിന് പിന്നാലെ ജോര്‍ജെന്ന ഭൂതത്തെ കുപ്പി തുറന്നുവിട്ടതും ചെന്നിത്തലയുടെ അറിവോടെ തന്നെ. ലീഗിനെ പ്രീതിപ്പെടുത്തി മുന്നണിയിലും കോണ്‍ഗ്രസിലും തന്റെ നിലയുറപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കം ഏറെക്കുറെ ലക്ഷ്യ സ്ഥാനത്താണ്. യുഡിഎഫിനെ ആകെ വെട്ടിലാക്കിയ ബാര്‍കോഴ അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാന്‍ കെ.എം. മാണി രാജിവയ്ക്കണമെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ഐ ഗ്രൂപ്പിന്. എന്നാല്‍ മാണിയെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കുന്നത് സര്‍ക്കാര്‍ വീഴാന്‍ ഇടയാക്കുമെന്നും തന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്നും ഉമ്മന്‍ ചാണ്ടിക്ക് നന്നായറിയാം. അതു മനസിലാക്കിയാണ് മാണിക്ക് മുഖ്യന്‍ പിന്തുണ നല്‍കിവന്നത്. പക്ഷേ, ബാര്‍കോഴയ്ക്ക് പിന്നാലെ പി.സി. ജോര്‍ജ് ഉയര്‍ത്തിയ വിവാദങ്ങള്‍ കൂടിയായപ്പോള്‍ വിഷയം ഉമ്മന്‍ചാണ്ടിയുടെ കൈയില്‍ നിന്നില്ല. കരയ്ക്ക് നിന്ന് കളികാണുകയല്ലാതെ ഐ ഗ്രൂപ്പ് ഇത്തവണയും ഉമ്മന്‍ചാണ്ടിക്ക് പിന്തുണ നല്‍കിയുമില്ല. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. ഇതോടെ മാണിയുടെ രാജിയ്ക്ക് വേണ്ടിയുള്ള ആവശ്യം ഐ ഗ്രൂപ്പ് ശക്തമാക്കും. അഴിമതിക്കാരനായ മാണിയെ സംരക്ഷിക്കാന്‍ ലീഗും ബലം പിടിക്കില്ല. മാണിയുടെ തകര്‍ച്ചയോടെ ഉമ്മന്‍ചാണ്ടിയെ ഒതുക്കി ഒന്നാമനാകാമെന്നാണ് ചെന്നിത്തലയുടെ ധാരണ. പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കുകയല്ലാതെ ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ മറ്റു വഴിയില്ല. ജോര്‍ജിനെ മാറ്റിയില്ലെങ്കില്‍ കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് മാണി അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ജോര്‍ജിനെ മാറ്റുന്നതിനു പിന്നാലെ ബാര്‍കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് മാണിയുടെ രാജി ചോദിച്ച് വാങ്ങും. മന്ത്രിസഭാ അഴിച്ചുപണിയില്‍ ജോര്‍ജിന് കാര്യമായ സ്ഥാനം നല്‍കാമെന്നാണ് ഐ ഗ്രൂപ്പിന്റെ വാഗ്ദാനം. അഴിച്ചുപണിയിലൂടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ അവരോധിക്കാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. തുടരെത്തുടരെ അഴിമതി ആരോപണത്തില്‍ മുങ്ങിയ സര്‍ക്കാരിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ കാര്യമായ മാറ്റങ്ങള്‍ വേണമെന്ന ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന് ഹൈക്കമാന്റിനും വഴങ്ങേണ്ടിവരും. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും വരാന്‍പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കരകയറണമെങ്കില്‍ ഭരണതലപ്പത്ത് വന്‍ മാറ്റങ്ങള്‍ വേണമെന്ന് ഐ ഗ്രൂപ്പ് ഇപ്പോഴേ ആവശ്യപ്പെട്ടുകഴിഞ്ഞു. ലീഗിനെ വിശ്വാസത്തിലെടുത്ത് ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. ഹൈക്കമാന്റിന് ഏറെ താല്‍പര്യമുള്ള രമേശിന്റെ കരുനീക്കം ഫലപ്രദമാകുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.