പാലായുടെ ജീവജലം മലിനപ്പെടുന്നു

Sunday 29 March 2015 10:17 pm IST

പാലാ: വേനല്‍ ശക്തിപ്രാപിച്ചതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നു. ഓടകളില്‍ നിന്നൊഴുകുന്ന മലിനജലം പതിച്ചു മീനച്ചിലാറ്റിലേയും ളാലം തോട്ടിലെയും വെളളം ഉപയോഗ യോഗ്യമല്ലാതായി. ളാലം തോടുമുതല്‍ വലിയ പാലം വരെ പതിനഞ്ചോളം ഓടകളാണുളളത്. നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും പേറിയൊഴുകിയെത്തുന്ന വെളളമാണു നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകള്‍ ഉപയോഗിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വലിയപാലത്തിനു സമീപമുളള പമ്പുഹൗസില്‍ നിന്നാണ് നഗരസഭയിലെ ജലവിതരണം. പമ്പ് ഹൗസിനുസമീപം മാലിന്യം നിറഞ്ഞ വെളളം തടയണ കെട്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. അടുത്തിടെ നടത്തിയ പഠനത്തില്‍ ആരോഗ്യത്തിന് ഹാനികരമായ കോളിഫാം ബാക്ടീരിയ ഒരു മില്ലി ലിറ്ററില്‍ 2,500 എണ്ണമാണെന്ന് തെളിഞ്ഞിരുന്നു ഏറ്റവും ഗുരുതരമായ അവസ്ഥയാണിത്. പാലാ നഗരത്തിന് ആവശ്യമായ കുടിവെളളം ശേഖരിക്കുന്നത് മീനച്ചിലാറിന്റെ വലിയപാലത്തിന് സമീപമുളള പമ്പുഹൗസില്‍ നിന്നാണ്. 25,000 ലേറെ കുടുംബങ്ങള്‍ക്കാണ് കേരളാ വാട്ടര്‍ അതോറിട്ടിയുടെ കീഴിലുളള പദ്ധതിയില്‍ നിന്നും പ്രയോജനം ലഭിക്കുന്നത്. എന്നാല്‍ 30 വര്‍ഷത്തിലേറെ പഴക്കംചെന്ന സംവിധാനങ്ങളിലൂടെയാണ് ശുദ്ധീകരണവും ബ്ലീച്ചിങ്ങും നടത്തി ഇന്നും പാലായ്ക്ക് ജീവജലം ലഭ്യമാക്കുന്നത്. ഒരാഴ്ചയിലേറെയായി വലിയപാലം പമ്പുഹൗസിലെ ആറിനു മധ്യഭാഗത്തുളള കിണറിന്റെ മൂടിയും പമ്പുഹൗസിലെ മോട്ടറിലേക്ക് വെളളമെത്തിക്കുന്ന പമ്പുഹൗസിന് താഴെയുളള ഇരുമ്പ് വലയും തുറന്നുവെച്ചിരിക്കുന്ന അവസ്ഥയാണ്. ഇതുവഴി മാലിന്യം ഉള്‍പ്പടെയുളള മലിനജലം ടാങ്കിലേക്ക് എത്തുന്ന സ്ഥിതിയാണ്. മാലിന്യമേറിയതോടെയാണ് പരിപ്പില്‍ കടവില്‍ പമ്പ് ഹൗസും മോട്ടറും നിര്‍മ്മിച്ച് കുടിവെളളം ശേഖരിച്ച് തുടങ്ങിയത്. വലിയപാലം പമ്പുഹൗസില്‍ നിന്നും പരിപ്പില്‍ കടവിലെ പമ്പ് ഹൗസില്‍ നിന്നും വെളളം ശേഖരിച്ച് പുത്തന്‍പളളിക്കുന്നിലുളള പമ്പുഹൗസിലെത്തിച്ച് ശുദ്ധീകരിച്ച് എട്ടുലക്ഷം ലിറ്ററിന്റെ ഗ്രാവിറ്റി ലെവല്‍(ജിഎല്‍) ടാങ്കിലും, രണ്ടുലക്ഷത്തിന്റെ ഓവര്‍ഹെഡ്(ഒഎച്ച്റ്റി) ടാങ്കിലും ശേഖരിക്കുന്നു. ടൗണ്‍ പമ്പ് ഹൗസില്‍ നിന്ന് രണ്ടുഷിഫ്റ്റ് വെളളവും പരിപ്പില്‍ കടവില്‍ നിന്ന് മൂന്ന് ഷിഫ്റ്റുമാണ് വെളളം ശേഖരിക്കുന്നത്. 8ലക്ഷം ലിറ്ററിന്റെ ടാങ്കില്‍ ശേഖരിക്കുന്ന വെളളം ക്ലോറിനൈസേഷന്‍ ചെയ്താണ് വിതരണം നടത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ മാലിന്യം കലര്‍ന്ന കലക്ക വെളളമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്ന് പരാതി വ്യാപകമാണ്. ഗ്രാവിറ്റി ലെവല്‍(ജിഎല്‍) ടാങ്കിലെത്തുന്ന വെളളം ശേഖരിക്കുന്നതോടൊപ്പം തന്നെ ക്ലോറിനടങ്ങിയ സിലിണ്ടറും പ്രവര്‍ത്തിച്ച് തുടങ്ങും. ടാങ്കില്‍ നിറയുന്ന വെളളം ഓട്ടോമാറ്റിക് ആയി തന്നെ ക്ലോറിന്‍ ചെയ്യപ്പെടുന്നു. ഇതിനുശേഷം ടാങ്കിലെ വെളളം വിവിധ തട്ടുകളിലുളള മണ്ണിലൂടെ അരിച്ചാണ് വാല്‍വുകളിലെത്തുന്നത്. സൂപ്പര്‍ ക്ലോറിനൈസേഷന്‍ എന്നാണ് ഈ സംവിധാനത്തിന് പറയുന്നത്. ഇത്രയും മുന്‍കരുതലുകള്‍ എടുക്കുന്ന ജലം 90 ശതമാനത്തിലധികം ശുദ്ധമാണെന്നാണ് വാട്ടര്‍ അതോറിട്ടി അവകാശപ്പെടുന്നത്. വീടുകളിലെത്തുന്ന കലക്ക വെളളമെത്തുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ ഭാഗത്തേക്ക് പോകുന്ന പൈപ്പ് കണക്ഷന്‍ മണ്ണിനടിയില്‍ എവിടെയെങ്കിലും പൊട്ടിയിട്ടുണ്ടാവാം. ഈ പൊട്ടലിലൂടെ ചെളിയും മറ്റും ഉളളില്‍ കയറുന്നതാണ് വെളളം മലിനപ്പെടാന്‍ കാരണം. ആറ്റിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ പാലായിലും പരിസരങ്ങളിലും കുടവെളള ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. നഗരത്തില്‍ മൂന്നു വാല്‍വുകളിലായിട്ടാണ് വിതരണം. വലിയപാലത്തിനും ളാലം പാലത്തിനും ഇടയിലുളള ഭാഗം 24 മണിക്കൂറും ജലം ലഭ്യമാകുന്ന രീതിയിലും ളാലം പാലത്തിന് മറുവശത്ത് ഉച്ചയ്ക്ക് ശേഷവും വലിയ പാലത്തിന് മറുവശത്തുളള ഭാഗങ്ങളില്‍ ഉച്ചവരെയും കുടിവെളളമെത്തിക്കുന്ന രീതിയിലാണ് വാട്ടര്‍ അതോറിട്ടിയില്‍ നിന്നുളള വാല്‍വുകളുടെ പ്രവര്‍ത്തനം. എന്നാല്‍ വേനല്‍ കടുത്തതോടെ നഗരത്തിന്റെ പലഭാഗത്തും ഒരു നേരം മാത്രം വെളളം ലഭ്യമാകുന്ന അവസ്ഥയാണ്്. ഇതു കൂടാതെ പൈപ്പുളില്‍ അറ്റകുറ്റപ്പണി നടത്താത്തതും കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതും മൂലം കുടിവെളളം പൈപ്പുപൊട്ടിയും മറ്റും പാഴാകുന്നതിന് കാരണമാകുന്നുണ്ട്. മീനച്ചിലാറ്റില്‍ പരിപ്പില്‍ കടവില്‍ തടയണ കെട്ടി വെളളം ശേഖരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പൈപ്പുഹൗസ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് താല്കാലികമായി തടയണ നിര്‍മ്മിച്ച് വെളളം കെട്ടിനിര്‍ത്തിയാണ് പമ്പുഹൗസിന്റെ കിണറില്‍ വെളളം നിറയ്ക്കുന്നത്. 100 എച്ച് പി ശേഷിയുളള രണ്ടു മോട്ടറുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പമ്പിംഗ് നടക്കുന്നുണ്ട്. വെളളിയേപ്പളളി, പന്തത്തല, പുത്തന്‍പളളിക്കുന്ന്, പാലാക്കാട്, മൂന്നാനി, കവീക്കുന്ന്, കിഴതടിയൂര്‍, വെളളാപ്പാട്, നെല്ലിയാനി, ഇളംത്തോട്ടം എന്നീ പ്രദേശങ്ങളില്‍ കുടിവെളളത്തിനായി ജനം നെട്ടോടമോടുകയാണ്. വാട്ടര്‍ അതോറിട്ടിയുടെ പദ്ധതികള്‍ക്ക് പുറമേ നഗരസഭയും ചെറുകിട കുടിവെളള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ വേനലായതോടെ കെടുകാര്യസ്ഥതയും ജലലഭ്യതക്കുറവും പദ്ധതികളുടെ പ്രയോജനം കിട്ടാതാക്കി. വലിയപാലത്തിന് താഴെ പാലംപുരയിടം കുടിവെളളപദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും കുടിവെളള വിതരണം കാര്യക്ഷമമല്ലെന്ന പരാതി ഉയരുന്നുണ്ട്. പദ്ധതി വിപുലീകരിക്കുന്നതിനായി സമീപത്ത് മറ്റൊരു കിണറുകൂടി നിര്‍മ്മിച്ചെങ്കിലും നടപ്പിലാക്കാന്‍ കാലതാമസം നേരിടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.