തിരുവനന്തപുരം: ഭാരതത്തിലെ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് തൊഴിലാളി സംഘടനകളുടെ ഭാവി ദിനംപ്രതി അപ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്ന് ബിഎംഎസ് അഖിലഭാരതീയ സഹസംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര. കേരളം, ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടതുതൊഴിലാളിസംഘടനകള്ക്ക് ശക്തമായ വേരോട്ടമുണ്ട്. എന്നാല്‍ അവിടങ്ങളില്‍ വികസനവും വ്യാവസായിക പുരോഗതിയും വേണ്ടത്ര ഉണ്ടായിട്ടില്ല. സാഹചര്യങ്ങളെ ദേശീയധാരയോട് അടുപ്പിച്ച് രാഷ്ട്രപുരോഗതി കൈവരിക്കാന്‍ ഇടതുയൂണിയനുകളുടെ നയങ്ങള്‍ക്ക് കഴിയുന്നില്ല. അതിനാലാണ് ഇടത് തൊഴിലാളിസംഘടനകളുടെ ഭാവി ചോദ്യം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎംഎസിന്റെ 17-ാം സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധിസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളരാഷ്ട്രീയം മുന്നണി ഭരണത്തിന്റെ പിടിയിലാണ്. മാറി മാറി കേരളം ഭരിച്ച മുന്നണികള്‍ കേരളത്തെ രൂക്ഷമായ തൊഴില്‍ ക്ഷാമത്തിലാണ് എത്തിച്ചത്. കേരളം ഭരിച്ച സര്‍ക്കാരുകള്‍ ഇവിടെ വ്യവസായം വളര്‍ത്തി മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ബിഎംഎസ് പോലുള്ള തൊഴിലാളിസംഘടന ശക്തിപ്പെട്ടില്ലെങ്കില്‍ തൊഴിലാളികളെയും തൊഴിലിനെയും സംരക്ഷിക്കാന്‍ സാധിക്കില്ല. ചൂഷണരഹിത, സമത്വ, സമ്പന്ന, സ്വയംപര്യാപ്ത സമുദായത്തെ സൃഷ്ടിക്കാനാണ് ബിഎംഎസ് ലക്ഷ്യമിടുന്നത്. ഇതിലൂടെ രാഷ്ട്രത്തിന് പരംവൈഭവം പ്രാപ്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ശബ്ദമില്ലാത്ത തൊഴിലാളികളുടെയും ശബ്ദമാണ് ബിഎംഎസ്. ബിഎംഎസിന്റെ ദേശീയനേതാക്കള്‍ മുതല്‍ താഴേത്തട്ടുവരെയുള്ളവര് വ്യക്തിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. അതുള്ളതുകൊണ്ടാണ് ബിഎംഎസ് സര്‍വവ്യാപിയും സര്‍വസ്പര്‍ശിയും സക്ഷമതയും ആര്‍ജിച്ചുകൊണ്ടിരിക്കുന്നത്. സംഘടന വളരുമ്പോള്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഹങ്കാരം ഉണ്ടാകരുത്. നേതാക്കളും പ്രവര്‍ത്തകരും എല്ലായ്പ്പോഴും പരിശുദ്ധരായിരിക്കണം. ഭാവിയില്‍ സ്ത്രീകള്‍ കൂടുതലായി ബിഎംഎസിന്റെ നേതൃനിരയിലേക്ക് വരേണ്ടതാണ്. പ്രവര്‍ത്തകരുടെ എണ്ണത്തില്‍ മാത്രമല്ല അവരുടെ ആത്മാര്‍ഥതയിലും ബിഎംഎസ് മറ്റുസംഘടനകള്‍ക്ക് മാതൃകയാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും മറ്റേതെങ്കിലും സംഘടനകളുടെയും സമ്മര്‍ദ്ദം ബിഎംഎസിന് മുകളിലില്ല. തൊഴിലാളിയുടെ സര്വതോന്മുഖമായ ഉന്നമനവും രാജ്യതാത്പര്യവും സാമൂഹികപുരോഗതിയും നേടുകയാണ് ബിഎംഎസിന്റെ ഉത്തരവാദിത്വം. രാജ്യത്തു നിന്ന് രാഷ്ട്രീയഅഴിമതി തുടച്ചുനീക്കാനും സംഘടന കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: