വിലക്ക് ലംഘിച്ച് വിഎസിന്റെ പരിപാടി; സിപിഎം നേതൃത്വം വെട്ടില്‍

Monday 30 March 2015 5:43 pm IST

വിഎസ് നിര്‍ധന കുടുംബത്തിന് സ്വാശ്രയസംഘം നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറുന്നു

മാന്നാര്‍: സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഎസിന്റെ പരിപാടി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടിയെടുത്താല്‍ കൂട്ടരാജിയ്‌ക്കൊരുങ്ങി സിപിഎം പ്രവര്‍ത്തകര്‍. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലംഘിച്ച് മാര്‍ച്ച് 29ന് മാന്നാറില്‍ ദേശാഭിമാനി സഹായസംഘത്തിന്റെ പരിപാടിയില്‍ വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിക്കുകയും ആയിരങ്ങള്‍ പങ്കെടുത്തതുമാണ് സിപിഎമ്മിനുള്ളില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

വിഎസ് വിഭാഗത്തിന് സ്വാധീമുള്ള മാന്നാറില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ ശക്തമായി പോരാടാനാണ് ഇവരുടെ തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശം പോലും തള്ളി പ്രവര്‍ത്തകര്‍ എത്തിയത് വിഎസ് പക്ഷത്തിന് ആവേശം പകര്‍ന്നിരിക്കുകയാണ്.
പരിപാടിയുമായി മുന്നോട്ടു പോയാല്‍ സിപിഎം ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗങ്ങളായ ദേശാഭിമാനി സഹായ സംഘം പ്രസിഡന്റ് മുഹമ്മദ് അജി, സെക്രട്ടറി എന്‍.പി. ദിവാകരന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചാല്‍ നൂറോളം കുടുംബങ്ങള്‍ ഒന്നിച്ച് പാര്‍ട്ടി വിടാനാണ് തീരുമാനം എടുത്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത് സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നടപടിയെടുത്തില്ലെങ്കില്‍ സമാനമായ പരിപാടികള്‍ ജില്ലയില്‍ വ്യാപിപ്പിക്കുമെന്നും സിപിഎം ജില്ലാ നേതൃത്വം ഭയക്കുന്നു.

കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളിയില്‍ നടന്ന വിഎസിന്റെ പരിപാടിയിലും വന്‍ ജനാവലിയാണ് പങ്കെടുത്തത്. വരും ദിവസങ്ങളിലും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് വിഎസ് പക്ഷത്തിന്റെ നീക്കം. അതിനായി പ്രവര്‍ത്തനം നിലച്ചിരിക്കുന്ന ചില ക്ലബുകളും സാംസ്‌കാരിക സംഘടനകളും സജിവമാക്കാനും വിഎസ് പക്ഷം നീക്കം ആരംഭിച്ചിട്ടുണ്ട്.

പരിപാടി വിവാദമായതോടെ സമീപ പഞ്ചായത്തുകളില്‍ നിന്നും ആള്‍ക്കാര്‍ വിഎസിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്ന വിഎസ് പക്ഷത്തെ പ്രമുഖ നേതാവായ ചെങ്ങന്നൂര്‍ ഏരിയ കമ്മറ്റിയംഗം വി.കെ. വാസുദേവന്റെ വീട്ടിലും നിരവധി വിഎസ് അനുകൂല നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.