എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന് 67 ലക്ഷത്തിന്റെ ബജറ്റ്

Monday 30 March 2015 5:56 pm IST

ആലപ്പുഴ: എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ യൂണിയന്റെ 76-ാമത് വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍.ഗോപിനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടി. യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും രോഗ ചികിത്സയ്ക്കും വിവാഹ ധനസഹായത്തിനും കൂടുതല്‍ മുന്‍ഗണന നല്‍കിക്കൊണ്ടുള്ള 67,04,300 രൂപ വരവും 65,71,550 രൂപ ചെലവും 1,32,750 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റും യോഗം അംഗീകരിച്ചു. വിവിധ മാരക രോഗങ്ങള്‍ മൂലം വിഷമിക്കുന്ന രോഗികളെ സഹായിക്കുന്നതിനായി കാരുണ്യ ചികിത്സാ ഫണ്ട് സ്വരൂപിക്കുക, രോഗികളെ സഹായിക്കുന്നതിനായി എസ്എന്‍ഡിപി യോഗത്തിന്റെ സഹായത്തോടു കൂടി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങുക, ശാഖാ യോഗങ്ങളില്‍ ബാലജനയോഗം സംഘടിപ്പിക്കുക, യൂണിയന്റെ ആഭിമുഖ്യത്തില്‍ കര്‍മ്മസേന രൂപീകരിക്കുക തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കണമെന്നും പിന്നോക്ക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നുമുള്ള പ്രമേയങ്ങള്‍ പാസാക്കി. യൂണിയന്‍ ഭാരവാഹികളായി കലവൂര്‍ എന്‍.ഗോപിനാഥ് (പ്രസിഡന്റ്), പി. ഹരിദാസ് (വൈസ് പ്രസിഡന്റ്), കെ.എന്‍. പ്രേമാനന്ദന്‍ (സെക്രട്ടറി), എ.കെ. രങ്കരാജന്‍, ബി. രഘുനാഥ്, പി.വി. സാനു (ബോര്‍ഡ് മെമ്പര്‍മാര്‍), പി.വി. രമേശ്, പ്രദീപ്കുമാര്‍, രാജേന്ദ്രന്‍ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികള്‍ കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി. ഹരിദാസ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.