ജനത്തെ കുരുക്കാന്‍ ഒരു പാലം

Monday 30 March 2015 7:34 pm IST

ഇടുക്കി : ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന നേര്യമംഗലം പാലത്തിന് വീതി കൂട്ടണമെന്ന് ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. എട്ട് പതിറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച പാലത്തില്‍  വാഹനക്കുരുക്കൊഴിയുന്ന നേരമില്ല. വ്യത്യസ്ത  ദിശയില്‍ നിന്നും വലിയ വാഹനങ്ങള്‍ ഒരേ സമയം എത്തിയാല്‍  പാലത്തിലൂടെ കടന്ന് പോകാനാവില്ല. പാലത്തിന്റെ രണ്ട് തലയ്ക്കലും മിക്കപ്പോഴും വാഹനങ്ങളുടെ നീണ്ട നിരകാണാം. തിരക്കു കുറവുള്ള സമയത്തു പോലും  അഞ്ച് മിനിറ്റെങ്കിലും കാത്തുകിടക്കണം.എറണാകുളം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന റാണി സേതുലക്ഷ്മിഭായിയാണ് 1935-ല്‍ തുറന്നുകൊടുത്തത്. പെരിയാര്‍ നദിക്ക് കുറുകെയുള്ള പാലം അത്യപൂര്‍വ്വമായ  രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.തൂണുകള്‍ കരിങ്കല്ലിലാണ്  തീര്‍ത്തിരിക്കുന്നത്.  അഞ്ച് ആര്‍ച്ചുകള്‍ പരസ്പരം യോജിപ്പിച്ചിരിക്കുന്നതാണ് പാലത്തിന്റെ ബലം. 4.6 മീറ്റര്‍ വീതിയും 160 മീറ്റര്‍ നീളവുമുണ്ട്. നീളക്കൂടുതലും വീതി കുറവുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. പാലത്തിന്റെ ഒരു ഭാഗം കൃഷിഫാമും മറുവശം കാടുമാണ്.  കൊച്ചി - ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമാണ് നേര്യമംഗലം പാലം. മൂന്നാര്‍, ദേവികുളം, മറയൂര്‍ തുടങ്ങിയ നിരവധി വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന മേഖലകളിലേക്കുള്ള ഏക വഴിയും ഇതാണ്.പാലത്തിന് ബലക്ഷയം ഉണ്ടെന്ന വാദം വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നു. ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വാഹനത്തിന് കുലുക്കം അനുഭവപ്പെടുന്നുണ്ട്. പത്ത് വര്‍ഷത്തോളമെടുത്താണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. പുതിയ പാലത്തിനായി കണക്കുകള്‍ എടുത്തെങ്കിലും കടലാസു പണിപോലും എങ്ങും എത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.