കൊക്കെയ്ന്‍ കേസ് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Monday 30 March 2015 7:41 pm IST

കൊച്ചി:കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഫാഷന്‍ ഡിസൈനര്‍ രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ലെസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, സ്‌നേഹ ബാബു, ടിന്‍സി ബാബു എന്നിവര്‍ക്കാണ് ജാമ്യംലഭിച്ചത്. പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് ജസ്റ്റിസ് ബി.കമാല്‍ പാഷയുടെ ഉത്തരവ്. ആഴ്ചയില്‍ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണം. കൊച്ചി നഗരം വിടരുതെന്നും നിര്‍ദ്ദേശമുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും പ്രതികള്‍ക്ക് ജാമ്യംനല്‍കരുതെന്നും പോലീസ് ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍, 60 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. മറ്റു മൂന്നുപ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളുടെ ലക്ഷ്യം മയക്കുമരുന്ന് വില്‍പനയാണെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. അതേസമയം, രക്തപരിശോധനയില്‍ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിഞ്ഞിരുന്നില്ല. എന്നാല്‍ കൊക്കെയ്ന്‍ ഇവരുടെ പോക്കറ്റില്‍നിന്ന് കണ്ടെത്തിയെന്നുള്ള ഉറച്ചനിലപാടിലാണ് പൊലീസ്.കേസില്‍ സെന്‍ട്രല്‍ സി.ഐയാണ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മയക്കുമരുന്ന് നിരോധന നിയമത്തിലെ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിശാപാര്‍ട്ടികളില്‍ വില്‍ക്കുന്നതിനുവേണ്ടിയാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.