ശിവാനന്ദലഹരി-4

Monday 30 March 2015 9:58 pm IST

കദാ വാ ത്വാം ദൃഷ്ട്വാ ഗിരിശനു തവ ഭവ്യാം ഘ്രി യുഗളം ഗുഹീത്വാ ഹസ്താഭ്യാം ശിരസി നയനേ വക്ഷസി വഹന്‍ സമാശ്ലിഷ്യാ ഘ്രായ സ്ഫുടജലഗന്ധാന്‍ പരിമളാ- നലഭ്യാം ബ്രഹ്മാദൈര്‍മ്മുദമനുഭവിഷ്യാമി ഹൃദയേ അല്ലയോ ഗിരീശാ, അങ്ങയെ കാണാനും അങ്ങയുടെ മനോഹരമായി കാലിണ ഇരുകൈകളാലും പിടിച്ചു ശിരസ്സിലും നേത്രങ്ങളിലും വക്ഷസ്സിലും വെച്ച് ആലിംഗനം ചെയ്യാനും വിടര്‍ന്ന ചെന്താമതപ്പൂവിന്റെ സുഗന്ധപരിമളമാസ്വാദിക്കാനും കഴിയുകവഴി ബ്രഹ്മാദി ദേവകള്‍ക്കും സുലഭമല്ലാത്ത പരമാനന്ദം എനിക്ക് എന്ന് അനുഭവിക്കുവാനാകും? കരസ്ഥേ ഹേമാദ്രാ ഗിരിശ നികടസ്ഥേ ധനപതൗ ഗൃഹസ്ഥേ സ്വര്‍ഭ്രജാമരസുരഭി ചിന്താമണിഗണെ ശിരസ്ഥേ ശീതാംശൗ ചരണയുഗളസ്ഥേഖില ശുഭേ കമര്‍ത്ഥം ദാസേ്യഹം ഭവതു ഭവദര്‍ത്ഥം മമ മനഃ അല്ലയോ ഗിരീശാ, അങ്ങയുടെ തൃക്കൈകളില്‍ കനകശൈലമായ മേരുപര്‍വ്വതമുണ്ട്. സമീപത്തായി ധശേ്വരനായ വൈശ്രവണനുണ്ട്. ഗൃഹത്തിലാകട്ടെ സകലതും സാധിപ്പിച്ചുതരുന്നവയായ കല്പവൃക്ഷവും ചിന്താമണിരത്‌നവും കാമധേനുവുണ്ട്. ശിരസ്സിലാവട്ടെ ചന്ദ്രനും സകലമംഗളവസ്തുക്കളും അങ്ങയുടെ ചരണയുഗളങ്ങളില്‍ കുടിയിരിക്കുന്നു. ഇപ്രകാരം സകല മംഗലങ്ങളുടേയും അധീശനായ അങ്ങേയ്ക്ക് അടിയനെന്താണു സമര്‍പ്പിക്കുക? എന്റെ മനസ്സ് അവിടുത്തേക്ക് അധീനമായിത്തീരട്ടെ. സാരൂപ്യം തവപൂജനേ ശിവ മഹാ- ദേവേതി സം കീര്‍ത്തനെ സാമീപ്യം ശിവഭക്തിധൂര്യജനതാ- സാംഗത്യസംഭാഷണേ സാലോക്യം ച ചരാചരാത്മകതനു ധ്യാനേ ഭവാനീപതേ സായൂജ്യം മമ സിദ്ധമത്ര ഭവതി സ്വാമിന്‍ കൃതാര്‍ത്ഥോസ്മ്യഹം അങ്ങയെ പൂജിക്കുന്ന വേളയില്‍ ശിവ, മഹാദേവ എന്നിത്യാദികളായ നാമസങ്കീര്‍ത്തനം നടത്തുമ്പോള്‍ എനിക്ക് സാരൂപ്യമൂക്തിയും (ഭഗവാന്റെ രൂപമുണ്ടാവുക). ശിവഭക്തരോടു സംഭാഷണം ചെയ്യുമ്പോള്‍ സാമീപ്യമുക്തിയും (ഭഗവാന്റെ സാമീപ്യലബ്ധി) ചരാചരാത്മകമായ അങ്ങയുടെ മൂര്‍ത്തീരൂപങ്ങളെ ധ്യാനിക്കുമ്പോള്‍ അല്ലയോ ഭവാനീപതേ സാലോക്യമുക്തിയും (ഭഗവാന്റെ ലോകത്തിനു തുല്യമായ ലോകലബ്ധി) എന്നിങ്ങനെ എനിക്ക് പരമമായ സായൂജ്യം(ഈശ്വരനുമായി ചേരല്‍ അഥവാ മോക്ഷം) സിദ്ധിച്ചിരിക്കുന്നു. ഹേ സ്വാമിന്‍, അടിയന്‍ കൃതാര്‍ത്ഥനായി. ത്വല്‍പാദാംബുജമര്‍ച്ചയാമി പരമം ത്വാം ചിന്തയാ മ്യന്വഹം സ്വാമീശം ശരണം പ്രജാമി വചസാ ത്വാമേവ യാചേ വിഭോ വീക്ഷാം മേ ദിശ ചാക്ഷുഷീം സകരുണാം ദിവൈ്യശ്ചിരം പ്രാര്‍ത്ഥിതാം ശംഭോ ലോകഗുരോ മദീയ മനസഃ സൗഖേ്യാപദേശം കുരു അടിയന്‍ സദാ അങ്ങയുടെ പാദാംബുജങ്ങളെ അര്‍ച്ചിക്കുന്നു. പരമസ്വരൂപനായ അങ്ങയെ സദാ ചിന്തിക്കുന്നു. ഈശനായ അങ്ങയെ ഞാന്‍ ശരണം പ്രാപിക്കുന്നു. ഈശനായ അങ്ങയെ ഞാന്‍ അഭീഷ്ടങ്ങളെ യാചിക്കുന്നു. കാരുണ്യപൂര്‍ണവും ദിവ്യന്മാരാല്‍ ദീര്‍ഘനാള്‍ പ്രാര്‍ത്ഥിക്കപ്പെട്ടതുമായ അങ്ങയുടെ പ്രത്യക്ഷദര്‍ശനം എനിക്കു നല്‍കിയാലും. ലോകഗുരുവായ ശംഭോ അടിയന്റെ മനസ്സിനു സാഖ്യം ഉണ്ടാകുവാനുള്ള ഉപദേശം നല്‍കിയാലും. വസ്‌ത്രോദ്ധുതിവിധൗ സഹസ്രകരതാ പുഷ്പാര്‍ച്ചനേ വിഷ്ണുതം ഗന്ധേ ഗന്ധവഹാത്മതാന്നപചനേ ബര്‍ഹിര്‍മ്മുഖാദ്ധ്യ ക്ഷമാ പാത്രേ കാഞ്ചനഗര്‍ഭതാസ്തി മയി ചേല്‍ ബാലേന്ദു ചൂഡാമണേ ശുശ്രൂഷാം കരവാണി തേ പശുപതേ സ്വാമീം സ്ത്രിലോകീ ഗുരോ ചന്ദ്രചൂഢനും ത്രിലോകഗുരുവും പശുപതിയുമായ ഹേ സ്വാമിന്‍, അങ്ങയെ പൂജിക്കുമ്പോള്‍ വസ്ത്രസമര്‍പ്പണത്തിലൂടെ സൂര്യന്റേയും പുഷ്പാഞ്ജലിയിലൂടെ വിഷ്ണുവിന്റേയും ഗന്ധസമര്‍പ്പണത്തിലൂടെ വായുവിന്റേയും നൈവേദ്യം പാകം ചെയ്യുന്നതിലൂടെ അഗ്നിദേവന്റെയും പൂജാപാത്രമെടുക്കുന്നതിലൂടെ ഹിരണ്യഗര്‍ഭന്റെയും അവസ്ഥ എനിക്ക് കൈവരുമെങ്കില്‍ അങ്ങയുടെ ശുശ്രൂഷ ഞാന്‍ ചെയ്യാവുന്നതാണ്. ശിവപൂജ ചെയ്യാന്‍ സൂര്യന്റെയും വിഷ്ണുവിന്റെയുമെല്ലാം അവസ്ഥ തനിക്ക് കൈവന്നാലേ സാധിക്കൂ എന്നാണു ആചാര്യസ്വാമികള്‍ പറയുന്നത്. ഇവരുടെ ശക്തി സവിശേഷതകളുണ്ടെങ്കിലേ വിധിയാംവണ്ണം ശിവപൂജ ചെയ്യാനാകൂ എന്ന് സാരം. ആയിരം താമരപ്പൂവുകള്‍കൊണ്ട് ശിവപൂജ ചെയ്യാനാരംഭിച്ച വിഷ്ണുവിനെ പരീക്ഷിക്കാനായി ശിവന്‍ ഒരു താമരപൂവ് ഒളിപ്പിച്ചുവെച്ചു. താമരപ്പൂവിനുപകരം തന്റെ ഒരു നേത്രം ചൂഴ്‌ന്നെടുത്ത് വിഷ്ണു ശിവപൂജ പൂര്‍ത്തിയാക്കി വിഷ്ണുവിനേപ്പോലെ ഭക്തി തനിക്കുണ്ടാകുവാന്‍ അനുഗ്രഹിക്കണമെന്ന് ആചാര്യസ്വാമികള്‍ ഇവിടെ അഭ്യര്‍ത്ഥിക്കുന്നു. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.