കുരുക്കില്‍ വീര്‍പ്പുമുട്ടി വൈറ്റില ജംഗ്ഷന്‍

Wednesday 2 November 2011 10:48 pm IST

മരട്‌: വികസനം പടിവാതിക്കല്‍ നില്‍ക്കുന്ന വൈറ്റില ജംഗ്ഷന്‍ സിഗ്നല്‍ കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ ജംഗ്ഷനുകളിലൊന്നായ വൈറ്റിലയിലെ ഗതാഗത നിയന്ത്രണത്തിലെ അശാസ്ത്രീയതയാണ്‌ ഇതുവഴിയുള്ള വാഹനങ്ങള്‍ക്ക്‌ പ്രതിസന്ധി സൃഷ്ടിക്കുന്നത്‌. ഏറ്റവും പുതിയ സെന്‍സസ്‌ അനുസരിച്ച്‌ ഒന്നരലക്ഷത്തോളം വാഹനങ്ങള്‍ പ്രതിദിനം വൈറ്റില വഴി വിവിധ ഭാഗങ്ങളിലേക്ക്‌ കടന്നുപോകുന്നുണ്ട്‌. എന്നാല്‍ ഇത്‌ ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇവിടെ അപര്യാപ്തമാണ്‌.
ബൈപ്പാസ്‌ വഴി തെക്കുനിന്നും, വടക്കുനിന്നും വരുന്ന വാഹനങ്ങള്‍ ജംഗ്ഷനിലെ സിഗ്നല്‍ കുരുക്കില്‍പ്പെട്ട്‌ നട്ടംതിരിയുന്ന അവസ്ഥയിലാണ്‌. ഇന്ധനനഷ്ടവും സമയനഷ്ടവും വാഹനയാത്രികരെ വീര്‍പ്പുമുട്ടിക്കുന്ന സ്ഥിതിയിലാണെത്തിച്ചിരിക്കുന്നത്‌. ഫ്ലൈ ഓവറോ അണ്ടര്‍ പാസോ ഇല്ലാത്തതാണ്‌ ഗതാഗതക്കുരുക്കിന്‌ മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഇതിന്‌ പുറമെ മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനം കൂടി ആരംഭിച്ചതോടെ വലിയ വാഹനങ്ങള്‍ക്ക്‌ ജംഗ്ഷന്റെ വടക്കുവശത്തുകൂടി റോഡ്‌ മുറിച്ചുകടന്നുവേണം അങ്ങോട്ടെത്തിച്ചേരാന്‍. ഇതാവട്ടെ ഗതാഗത തടസ്സവും അപകടഭീഷണിയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌.
കാല്‍നടക്കാരും ജംഗ്ഷനിലെ പലറോഡുകളും കുറുകെ കടക്കുവാന്‍ പാടുപെടുന്ന സ്ഥിതിയും ഇവിടെയുണ്ട്‌. നാലുപാടുനിന്നും വരുന്ന വാഹനങ്ങള്‍ക്കുനടുവില്‍ എന്തുചെയ്യണം എന്നറിയാതെ പകച്ചുനില്‍ക്കുന്ന കാല്‍ നടക്കാരെ പലപ്പോഴും ഇവിടെ കാണാം.
ഗതാഗത പരിഷ്കാരങ്ങള്‍ ശാസ്ത്രീയമാക്കി വാഹനങ്ങളുടെ കുരുക്ക്‌ അഴിക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തണമെന്നാണ്‌ ആവശ്യം. ജംഗ്ഷനില്‍ കൂടുതല്‍ ട്രാഫിക്‌ പോലീസിനെ നിയോഗിക്കേണ്ടതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.