ഔദ്യോഗിക പക്ഷം അന്വേഷണകമ്മിഷനെ നിയോഗിച്ചു വിഎസ് വെറുക്കപ്പെട്ടവന്‍ തന്നെ; അണികളില്‍ അമര്‍ഷം

Monday 30 March 2015 10:37 pm IST

ആലപ്പുഴ: സിപിഎം കേന്ദ്ര കമ്മറ്റിയംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടകനായി പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ രണ്ട് ലോക്കല്‍ കമ്മറ്റി അംഗങ്ങളെ പുറത്താക്കിയ നടപടിയും അന്വേഷണ പ്രഖ്യാപനവും  വിഎസ് പക്ഷത്തിനുള്ള ശക്തമായ താക്കീത്. 'പിബി കമ്മീഷന്‍' എന്ന സാങ്കേതികത്വത്തില്‍ മാത്രം പാര്‍ട്ടിയില്‍ നിലനിര്‍ക്കുന്ന അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്‍ തന്നെയാണെന്ന് ഔദ്യോഗിക പക്ഷം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ്. സംഭവം സംബന്ധിച്ച് അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. പ്രസാദ്, എം. സുരേന്ദ്രന്‍, എ. രാഘവന്‍ എന്നിവരെ ഇന്നലെ ചേര്‍ന്ന അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം നിയോഗിച്ചു. മറ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളായ തങ്കച്ചന്‍, ത്യാഗരാജന്‍, വിക്രമന്‍ പിള്ള എന്നിവരോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ. രാമകൃഷ്ണന്‍, വി.കെ. വാസുദേവന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ ചെങ്ങന്നൂര്‍, മാന്നാര്‍ ഏരിയ കമ്മിറ്റികളെ ചുമതലപ്പെടുത്തി. മാന്നാറില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് രൂപികരിച്ച ദേശാഭിമാനി സഹായസംഘം സംഘടിപ്പിച്ച പരിപാടിയിലാണ് അച്യുതാനന്ദന്‍ പങ്കെടുത്തത്. കാന്‍സര്‍ ബാധിച്ച് മരിച്ച സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് സംഘം നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങിനാണ് അച്യുതാനന്ദന്‍ പങ്കെടുക്കുന്നുവെന്ന  കാരണത്താല്‍ ഔദ്യോഗിക പക്ഷം വിലക്കേര്‍പ്പെടുത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ വിലക്ക് ലംഘിച്ച് നേതാക്കളടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. ചടങ്ങ് സംഘടിപ്പിച്ച 'ദേശാഭിമാനി'യുടെ പ്രസിഡന്റ് മുഹമ്മദ് അജി, സെക്രട്ടറി എന്‍.പി. ദിവാകരന്‍ എന്നീ മാന്നാര്‍ വെസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളെയാണ് നേതൃത്വം ഇടപെട്ട് പരിപാടി നടന്ന ഞായറായാഴ്ച തന്നെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി ഔദ്യോഗികമായി യാതൊരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ലാത്ത അച്യുതാനന്ദനൊപ്പം വേദി പങ്കിടുന്നത് എങ്ങനെ പാര്‍ട്ടി വിരുദ്ധമാകുമെന്ന വിഎസ് പക്ഷത്തിന്റെ ചോദ്യത്തിനുത്തരം നല്‍കാന്‍ ഔദ്യോഗിക പക്ഷത്തിന് കഴിയുന്നില്ല. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെ നിയമസഭയില്‍ നയിക്കുന്നത് ഇപ്പോഴും അച്യുതാനന്ദനാണ്. ഇക്കഴിഞ്ഞ കേന്ദ്ര കമ്മറ്റിയിലും അദ്ദേഹം പങ്കെടുത്തു. കൂടാതെ പാര്‍ട്ടി കോണ്‍ഗ്രസിലും വിഎസിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിഎസിനെ കാണുന്നതിനും വേദി പങ്കിടുന്നതിനും പിണറായി പക്ഷം വിലക്കേര്‍പ്പെടുത്തുന്നത് ഏത് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്വമനുസരിച്ചാണെന്നും വിഎസ് പക്ഷം ചോദിക്കുന്നു. വിഎസ് അല്ല പ്രശ്‌നം, പാര്‍ട്ടിയോട് ആലോചിക്കാതെ പരിപാടി നടത്തിയതാണ് തെറ്റെന്നാണ് നടപടി വിവാദമായപ്പോള്‍ ഔദ്യോഗിക പക്ഷം പറയുന്നത്. എന്നാല്‍ വളരെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. ദേശാഭിമാനി സ്വയം സഹായ സംഘം എന്ന സംഘടനയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ബോധപൂര്‍വ്വം പാര്‍ട്ടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടുകൂടി തയ്യാറാക്കിയ പരിപാടിയാണിത്. ഇത് ഒരു ബദല്‍ സംവിധാനമായി പ്രദേശിക തലത്തില്‍ രൂപപ്പെടുത്തിയ വേദിയാണ്.  പാര്‍ട്ടിയെ വെല്ലുവിളിച്ച് നടത്തിയ ഈ സമ്മേളനത്തെ സംബന്ധിച്ചും അതിന്റെ പിന്നിലെ ആലോചനകളെ സംബന്ധിച്ചും അന്വേഷിച്ച് അതില്‍ ഉത്തരവാദികളായവരെ സംബന്ധിച്ച് അതാത് തലങ്ങളില്‍ സംഘടനാപരമായ തീരുമാനം എടുക്കും. ജില്ലയുടെ പല ഭാഗത്തും പാര്‍ട്ടി അറിയാതെ വിഎസിനെ മുമ്പില്‍ നിര്‍ത്തി ചില പരിപാടികള്‍ ഇതേ പോലെ മുമ്പ് ചിലര്‍ നടത്തിയിട്ടുണ്ട്. ഇനിയും ചില പരിപാടികള്‍ നടത്താന്‍ ആലോചിക്കുന്നതായി അറിയിന്നു. ഒരു സന്നദ്ധ സംഘടന രൂപീകരിച്ച് മഹത്തായ ഈ പ്രസ്ഥാനത്തെ തകര്‍ത്ത് കളയാം എന്ന് വ്യാമോഹിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും ജില്ലാസെക്രട്ടറിയേറ്റ് പരിഹസിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.