ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഹരിത പദ്ധതികള്‍ക്ക് പ്രാധാന്യം

Tuesday 31 March 2015 6:04 pm IST

ആലപ്പുഴ: ആലപ്പുഴയെ ഹരിത ജില്ലയാക്കാനുളള വിവിധ പദ്ധതികളുമായി കാര്‍ഷികമേഖലക്ക് പ്രാധാന്യം നല്‍കി 2,44,49,71,000 രൂപയുടെ വരവും 2,43,97,68,000 രൂപയുടെ ചെലവും 52,03,000 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ജില്ലാപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തുകളുമായി ചേര്‍ന്ന് തരിശുകൃഷി, ഇടവിളകൃഷി, ക്ലസ്റ്ററുകള്‍ വഴിയുളള ടെറസ് കൃഷി, പാടശേഖരങ്ങള്‍ക്കായുളള അടിസ്ഥാന സൗകര്യ വികസനം, പൂകൃഷി പ്രോത്സാഹനം തുടങ്ങി കാര്‍ഷിക പദ്ധതികള്‍ക്കാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിട്ടുളളത്. കഞ്ഞിക്കുഴി പഞ്ചായത്തിന് കൃഷിക്കായി അധിക സഹായം ബജറ്റ് വകയിരുത്തിയിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് സ്തനകാന്‍സര്‍ കണ്ടെത്തുന്നതിനായുളള മാമോഗ്രാം പരിശോധന സൗജന്യമായി നല്‍കും. ഇതിനായി മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും. 16 വയസുമുതല്‍ 50 വയസുവരെയുളള സ്ത്രീകളുടെ ആരോഗ്യപരിരക്ഷക്കായി ശ്രേഷ്ഠ പദ്ധതി നടപ്പിലാക്കും. പഞ്ചായത്തുകളുമായി ചേര്‍ന്ന് വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതി, കശുവണ്ടി മേഖലയിലെ തൊഴിലാളികല്‍ക്ക് ആരോഗ്യ സംരക്ഷണ പരിപാടി എന്നിവ നടപ്പാക്കുന്നതോടൊപ്പം കര്‍ഷക മേഖലയില്‍ കുലത്തൊഴില്‍ നിലച്ചുപോയവര്‍ക്ക് മെതിയന്ത്രവും, തെങ്ങ് കയറ്റ യന്ത്രവും നല്‍കും. മാവേലിക്കര ജില്ലാ ആശുപത്രിക്കും, ജില്ലാ ആയുര്‍വേദ ആശുപത്രിക്കും മെയിന്റനന്‍സ് ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിയുടെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ബജറ്റ് അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.