ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊന്ന കേസ്; പ്രതിക്ക് മരണംവരെ ജീവപര്യന്തം തടവും അഞ്ചര ലക്ഷം രൂപ പിഴയും

Tuesday 31 March 2015 10:03 pm IST

കോഴിക്കോട്: ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊന്ന കേസില്‍ പ്രതിക്ക് മരണംവരെ ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ശിക്ഷ. താമരശ്ശേരി റെയ്ഞ്ചില്‍പ്പെട്ട പുതുപ്പാടി സെക്ഷനിലെ ഫോറസ്റ്റ് ഗാര്‍ഡ് പുന്നശ്ശേരി കുട്ടമ്പൂര്‍ പാറയില്‍ വീട്ടില്‍ പി. ദേവദാസ്(40) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി പുതുപ്പാടി കൂട്ടാല വീട്ടില്‍ കെ.കെ. മമ്മദി(74)ന് കോഴിക്കോട് അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം.ജി. പത്മിനി ശിക്ഷ വിധിച്ചത്. വനംവകുപ്പ് ജീവനക്കാര്‍ക്ക് സുരക്ഷക്ക് ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കോഴിക്കോട് ഡിഎഫ്ഒക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ദേവദാസിന്റെ കുട്ടികള്‍ക്ക് 18 വയസ്സാകുന്നതുവരെയുള്ള പഠനചെലവുകളും ചികിത്സാ ചെലവുകളും ഫോറസ്റ്റ് വകുപ്പ് വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐപിസി 302-ാം വകുപ്പുപ്രകാരം ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ തുകയില്‍ മൂന്ന് ലക്ഷം രൂപ ദേവദാസിന്റെ വിധവയ്ക്കും ഒരു ലക്ഷം രൂപ ദേവദാസിന്റെ അമ്മയ്ക്കും നല്‍കണം. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഐപിസി 506(2)-ാം വകുപ്പു പ്രകാരം അഞ്ചു വര്‍ഷം തടവ് അനുഭവിക്കണം. ആയുധനിയമം 27(1)പ്രകാരം മൂന്ന് വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, 28 പ്രകാരം മൂന്ന് വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്‍ഷം വീതവും ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2010 മാര്‍ച്ച് 25ന് പുലര്‍ച്ചെ ഒരു മണിയോടെ ഈങ്ങാപ്പുഴയ്ക്കടുത്ത് കൊളമല ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍വെച്ചാണ് ദേവദാസിനെ മമ്മദ് വെടിവെച്ചത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ്കുമാറിനൊപ്പം കാട്ടില്‍ പരിശോധന നടത്തുകയായിരുന്ന ദേവദാസിനു നേരെ മമ്മദ് വെടിവെക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഏപ്രില്‍ മൂന്നിന് രാത്രി 10.30 ഓടെ മരിച്ചു. സംഭവത്തിനുശേഷം രാജീവിനു നേരെ വെടിയുതിര്‍ക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രാജീവിന്റെ വയറിനു കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്താണ് മമ്മദ് രക്ഷപ്പെട്ടത്. രാവിലെ ഒന്‍പതോടെ ഈങ്ങാപ്പുഴ സ്റ്റാന്റില്‍വെച്ചാണ് മമ്മദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. താമരശ്ശേരി സിഐ ആയിരുന്ന അബ്ദുള്‍ റസാഖ് ആണ് കേസ് അന്വേഷിച്ചത്. ദേവദാസിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് അഡ്വ. ബി.എന്‍. ബിനേഷ് ബാബു, അഡ്വ. ടി. അരുണ്‍ ജോഷി എന്നിവരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുകയായിരുന്നു. നാലു മാസം നീണ്ട വിചാരണവേളയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. അന്‍പതോളം രേഖകള്‍ കോടതിയില്‍ ഹാജരാക്കി. തോക്കും വെടിയുണ്ടയും കത്തിയുമടക്കം 19 തൊണ്ടിമുതലുകളും വാദിഭാഗം കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.