വലിയ വിമാനങ്ങള്‍ കരിപ്പൂരിലേക്കില്ല

Wednesday 1 April 2015 12:27 am IST

ന്യൂദല്‍ഹി: റണ്‍വേ നിര്‍മ്മാണത്തിനായി മതിയായ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ തയ്യാറാവാതെ, കരിപ്പൂരിലെ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. റണ്‍വേ അറ്റകുറ്റപ്പണികള്‍ സപ്തംബര്‍ വരെ നീട്ടിവെച്ച വ്യോമയാന മന്ത്രാലയം റണ്‍വേയുടെ സുരക്ഷ കണക്കിലെടുത്ത് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരിലിറങ്ങുന്നതിന് നിരോധനവും ഏര്‍പ്പെടുത്തി. ഫലത്തില്‍ അടുത്ത ഒരുവര്‍ഷത്തേക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനാവാത്ത സ്ഥിതി സംജാതമായിട്ടുണ്ട്. കരിപ്പൂരിലെ റണ്‍വേ വലുതാക്കുന്നതിനായി 248 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിരന്തരമായി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുത്തു നല്‍കുന്നതില്‍ യാതൊരു ശ്രമവും നടത്താതെ വന്നതോടെ നിലവിലെ റണ്‍വേ അറ്റകുറ്റപ്പണി ചെയ്യാതെ സര്‍വ്വീസുകള്‍ മുന്നോട്ടു പോകാനാവാത്ത സ്ഥിതിയിലായി. ഇതേ തുടര്‍ന്നാണ് ഏപ്രില്‍ മുതല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ ഭാഗികമായി അടച്ച് അറ്റകുറ്റപ്പണികള്‍ക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പരാതിയുമായി രംഗത്തെത്തി. ഹജ്ജ് സീസണെയും ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാരെയും റണ്‍വേ അടച്ചിട്ടത് ബാധിക്കുമെന്നും അറ്റകുറ്റപ്പണികള്‍ നീട്ടിവെയ്ക്കണമെന്നും സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തെ പാര്‍ലമന്റംഗങ്ങളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികള്‍ നീട്ടിവെച്ചതോടെ ബോയിംഗ് 777,ബോയിഗ് 747,എ-330-200 എയര്‍ക്രാഫ്റ്റുകള്‍ക്ക് കരിപ്പൂരിലിറങ്ങാനാവാത്ത സ്ഥിതിയാണ് സംജാതമായത്. ഒക്‌ടോബര്‍ 31വരെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എന്നിവയുടെ ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള 26 വലിയ വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിടും. കരിപ്പൂരില്‍ ഒരാഴ്ചയിറങ്ങുന്ന 162 വിമാനങ്ങളില്‍ 41 ആഭ്യന്തര വിമാനങ്ങളും 121 ഇന്റര്‍നാഷണര്‍ സര്‍വ്വീസുകളുമാണുള്ളത്. ഇതില്‍ ഇന്റര്‍നാഷണല്‍ സര്‍വ്വീസുകള്‍ നടത്തുന്ന വലിയ വിമാനങ്ങളെയാണ് കരിപ്പൂരിലിറങ്ങുന്നതിന് അറ്റകുറ്റപ്പണികള്‍ അവസാനിക്കുംവരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 1 മുതല്‍ ആറുമാസത്തേക്കാണ് നിരോധനം. റണ്‍വേ അറ്റകുറ്റപ്പണികള്‍ മണ്‍സൂണ്‍ അവസാനിച്ച ശേഷം സപ്തംബറില്‍ മാത്രമേ നടത്തൂവെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.