പഴനി മുരുക ക്ഷേത്രം

Wednesday 1 April 2015 10:47 pm IST

മധുരയില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ അകലെ പഴനി എന്ന നഗരത്തിലുള്ള പഴനി മലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ കുന്നിനു താഴെയാണ്, മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ഗൃഹങ്ങളില്‍ ഒന്നു സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേര് തിരുഅവിനാന്‍കുടി എന്നറിയപ്പെടുന്നു. നാരദ മഹര്‍ഷി ഒരിക്കല്‍ പരമശിവന്റെ ഇരിപ്പിടമായ ദിവ്യമായ കൈലാസപര്‍വ്വതം സന്ദര്‍ശിക്കുകയുണ്ടായി. ആ അവസരത്തില്‍ നാരദന്‍ അദ്ദേഹത്തിനു ജ്ഞാനപഴം നല്കി. ഇത് വിജ്ഞാനത്തിനു വേണ്ടിയുള്ള അമൃത് ആയി കണക്കാക്കപ്പെടുന്ന ഒരു പഴമാണ്. തന്റെ പുത്രന്മാരായ ഗണപതിക്കും കാര്‍ത്തികേയനും തുല്യമായി നല്കാനായി അദ്ദേഹം അത് മുറിക്കാനായി ഭാവിച്ചപ്പോള്‍, പഴത്തിന്റെ അമൂല്യശക്തി നഷ്ടപ്പെട്ടു പോകുമെന്ന് പറഞ്ഞത് നാരദ മഹര്‍ഷി അത് തടഞ്ഞു. വിഷമഘട്ടത്തിലായ പരമശിവന്‍, പഴം തന്റെ ബുദ്ധിമാനായ മകനു നല്കാനായി ഒരു മത്സരം നിശ്ചയിച്ചു. ഈ ലോകത്തെ മൂന്നു പ്രാവശം വലംവെച്ചു വരുന്നതാരാണോ, അയാള്‍ക്ക് ഈ പഴം സമ്മാനമായി നല്കുമെന്നു പറഞ്ഞു. ഇതു കേട്ടപാടെ സുബ്രഹ്മണ്യന്‍ തന്റെ വാഹനമായ മയിലിന്റെ പുറത്ത് ലോകം ചുറ്റിവരാന്‍ പുറപ്പെട്ടു. എന്നാല്‍ ഗണപതി, തന്റെ മാതാപിതാക്കളായ പരമശിവനേയും, പാര്‍വ്വതിയേയും കവിഞ്ഞ് മറ്റൊരു ലോകമില്ലെന്ന വിശ്വാസത്താല്‍ അവരെ വലംവെക്കാന്‍ തുടങ്ങി. തന്റെ പുത്രന്റെ വിവേകത്തില്‍ സന്തുഷ്ടനായ പരമശിവന്‍ ജ്ഞാന പഴം ഗണപതിക്കു തന്നെ നല്കി. കാര്‍ത്തികേയന്‍ തിരിച്ചുവന്നപ്പോള്‍ തന്റെ പ്രയത്‌നം പാഴായതറിഞ്ഞ് ക്രുദ്ധനായി. ദേഷ്യവും, വിഷമവും കൊണ്ട് വലഞ്ഞ കാര്‍ത്തികേയന്‍ കൈലാസ പര്‍വ്വതത്തില്‍ നിന്നു പോകാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് അദ്ദേഹം പഴനിമലയിലെത്തിച്ചേരുന്നത്. അദ്ദേഹത്തെ തിരിച്ചു കൈലാസത്തിലേക്കു വിളിക്കാന്‍ വന്ന മാതാപിതാക്കള്‍, കാര്‍ത്തികേയനെ സമാധാനിപ്പിക്കാന്‍ പറഞ്ഞ വാക്കാണ്, പഴം നീ. ഇതില്‍ നിന്നുമാണ് ഈ പ്രദേശത്തിനു പഴം നീ ലോപിച്ച് പഴനി എന്ന് പേരു വീണത്. പതിനെട്ടു മഹര്‍ഷിമാരില്‍ ഒരാളായ ഭോഗര്‍ മഹര്‍ഷിയാണ് മുരുകന്റെ വിഗ്രഹം പഴനി മലയില്‍ സ്ഥാപിച്ചതെന്നു കരുതുന്നു. നവപാഷാണത്തിന്റെ ഒരു മിശ്രിതമാണത്രെ ഇതിനുപയോഗിച്ചത്. വളരെ വേഗം ഉറക്കുന്ന ഒരു രാസമിശ്രിതം ആണ് ഇത്. അതുകൊണ്ടു തന്നെ ശില്പിക്ക് വളരെ പെട്ടെന്നു തന്നെ വിഗ്രഹം സൗന്ദര്യവല്കരിക്കാനുള്ള പ്രയത്‌നം തുടങ്ങാന്‍ കഴിഞ്ഞു. എന്നിരിക്കിലും, വിഗ്രഹത്തിന്റെ മുഖം, വളരെ വിശിഷ്ടമായ രീതിയില്‍ പൂര്‍ത്തീകരിക്കാനായി അദ്ദേഹം വളരെയധികം സമയമെടുത്തു. അതുകൊണ്ടു തന്നെ, വിഗ്രഹത്തിന്റെ മറ്റു ഭാഗങ്ങള്‍ മുഖം പോലെ തന്നെ മനോഹരമാക്കാന്‍ ശില്പിക്കു സാധിച്ചില്ല. മുരുകസ്വാമിയുടെ വിഗ്രഹത്തില്‍ മുഖവും, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമായുള്ള ഒരു തുലനമില്ലായ്മ കാണാന്‍ കഴിയും, സൗന്ദര്യത്തിന്റെ കാര്യത്തില്‍. ഭോഗര്‍ മഹര്‍ഷിയുടെ ഒരു ദേവാലയവും ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുണ്ട്. മലയുടെ അകത്തുള്ള ഒരു ഗുഹയുമായി ഈ ഭോഗമഹര്‍ഷിയുടെ ദേവാലയം ബന്ധിച്ചിരിക്കുന്നു. ഇവിടെയാണ് ഇദ്ദേഹം, അഷ്ടദിക്പാലകന്മാരുമായി ധ്യാനത്തിലേര്‍പ്പെടുന്നത് എന്നു വിശ്വസിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ചക്രവര്‍ത്തിയായിരുന്ന ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രനിര്‍മാണത്തിനുശേഷം, പിന്നീട് അരും ശ്രദ്ധിക്കാതെ, വനാന്തര്‍ഭാഗത്തു മറഞ്ഞുപോകുകയാണുണ്ടായത്. രണ്ടാം നൂറ്റാണ്ടിനും, അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് ഈ പ്രദേശം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ തന്റെ പതിവു നായാട്ടുമായി ബന്ധപ്പെട്ട് പഴനി മലയുടെ ഭാഗത്തു വന്നു ചേര്‍ന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ, രാജാവിന്റെ സ്വപ്‌നത്തില്‍ സുബ്രഹ്മണ്യസ്വാമി പ്രത്യക്ഷപ്പെട്ടു. തന്റെ വിഗ്രഹം കണ്ടെടുത്ത്, അത് പഴയ രീതിയില്‍ സ്ഥാപിക്കാന്‍ സ്വാമി രാജാവിനോട് ആജ്ഞാപിച്ചു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന രാജാവ്, അതിനടുത്ത് വിഗ്രഹത്തിനുവേണ്ടി തിരച്ചില്‍ നടത്തുകയും, മറഞ്ഞു കിടന്നിരുന്ന സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു. രാജാവ് വിഗ്രഹം പഴയപടി സ്ഥാപിക്കുകയും ആരാധന മുതലായവ തുടങ്ങുകയും~ചെയ്തു. ഇപ്പോള്‍ ക്ഷേത്രത്തെ ചുറ്റിയുള്ള മതിലില്‍ ഒരു സ്തൂപത്തില്‍ ഈ കഥ കൊത്തിവെച്ചിട്ടുണ്ട്. സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം നേരത്തെ പറഞ്ഞതുപോലെ, ഒമ്പതു വസ്തുക്കളുടെ മിശ്രിതം കൊണ്ടാണ് ഉറപ്പിച്ചിരിക്കുന്ന്. മുരുകന്‍ പഴനിയില്‍ വന്നതുപോലെ തന്നെയാണ് വിഗ്രഹവും പണിതിരിക്കുന്നത്. ബാലകനായിരുന്ന മുരുകനാണ് മാതാപിതാക്കളോട് പിണങ്ങി അവിടെ വന്നത്. തലമുണ്ഡനം ചെയ്ത ഒരു താപസ്വിയുടെ വേഷമാണ് വിഗ്രഹത്തിന്. വസ്ത്രമായിട്ട് ഒരു കൗപീനം മാത്രം. കയ്യില്‍ ദണ്ഡും, വേലും. ഇതില്‍ നിന്നും ആണ് ബാലദണ്ഡ് ആയുധപാണി എന്ന പേരു മുരുകനു കിട്ടിയത്. വിഗ്രഹം പഴനിയില്‍ സ്ഥാപിച്ചിരിക്കുന്നത് പടിഞ്ഞാറു ദിക്കിലേക്ക് ദര്‍ശനമായിട്ടാണ്. കൂടാതെ, സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികള്‍ സാധാരണയിലും വലുപ്പമുള്ളതാണ്. തന്റെ ഭക്തരുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും ശ്രദ്ധാപൂര്‍വ്വം ആ ചെവികളില്‍ എത്താനായിരിക്കും എന്നു കരുതുന്നു. ശ്രീകോവിലിനുള്ളിലെ ഗര്‍ഭഗൃഹത്തിലാണ്, വിഗ്രഹം സ്ഥിതിചെയ്യുന്നത്. പഴനിയിലെ രണ്ടു കുന്നുകളില്‍ ഒന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിഗ്രത്തില്‍ സമര്‍പ്പിക്കാനുള്ള പുണ്യജലവും കൈയിലെടുത്താണ് തീര്‍ത്ഥാടകര്‍ പണ്ട് മല കയറിയിരുന്നത്. ശ്രീകോവിലിന്റെ മതിലില്‍ പഴയ തമിഴ്‌ലിപിയില്‍ ധാരാളം ദൈവീകസ്‌ത്രോത്രങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. ശ്രീകോവിലിനു മുകളിലായി സ്വര്‍ണ്ണഗോപുരം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ മുരുകന്റേയും, ഉപദേവന്മാരുടേയും ശില്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. ശ്രീകോവിലിനരുകിലായി, സുബ്രഹ്മണ്യന്റെ മാതാപിതാക്കളായ പരമശിവന്റേയും, പാര്‍വ്വതിയുടേയും ആരാധനാലയങ്ങളുണ്ട്. അതിനു ചേര്‍ന്ന്, പഴനി മുരുക ക്ഷേത്രത്തിലെ മുഖ്യവിഗ്രഹം സ്ഥാപിച്ച ഭോഗ മഹര്‍ഷിയുടെ ആരാധനാലയമാണ്. പുറത്ത് സഹോദരനായ ഗണപതിയുടെ ആരാധനാലയവുമുണ്ട്. വിഗ്രഹത്തിലുള്ള അഭിഷേകമാണ് പ്രധാന ആരാധനാ രീതി. വിവിധ തരം ലേപനങ്ങള്‍ കൊണ്ട് വിഗ്രഹത്തെ അഭിഷേകം ചെയ്യുന്നു. എണ്ണ, ചന്ദനതൈലം, പാല്‍ എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തിയശേഷം, ശുദ്ധ ജലത്തില്‍ വീണ്ടും അഭിഷേകം നടത്തുന്നു. ദിവസത്തിന്റെ ഓരോ പ്രത്യേക സമയങ്ങളിലാണ് ഈ അഭിഷേകം നടത്തുന്നത്. ഈ പൂജകള്‍ നടക്കുമ്പോള്‍ ഭക്തരെ അറിയിക്കാനായി ക്ഷേത്രത്തിലുള്ള വലിയ മണി മുഴക്കുന്നത് പതിവാണ്. അഭിഷേകത്തിനുശേഷം വിഗ്രഹത്തെ ആടയാഭരണങ്ങള്‍ അണിയിക്കുന്ന ചടങ്ങാണ്. ഇതിനെ അലങ്കാരം എന്നു പറയുന്നു. പിതാവിന്റെ രാജകൊട്ടാരത്തില്‍ നിന്നും പഴനിയില്‍ വന്നിറങ്ങിയ മുരുകന്റെ രൂപത്തിലായിരിക്കും മിക്കവാറും വിഗ്രഹത്തെ അണിയിച്ചൊരുക്കാറ്. ഇതു കൂടാതെ, ഭഗവാനെ ഉത്സവമൂര്‍ത്തിയായി അലങ്കരിച്ച്, സ്വര്‍ണ്ണരഥത്തിനുള്ളില്‍ ഇരുത്തി ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം നടത്താറുണ്ട്. ഇത് ഭക്തരായിരിക്കും ഈ രഥം വലിച്ചുകൊണ്ടു പോകുന്നത്. ഇത് കാണുന്നത് പുണ്യമായി ഭക്തര്‍ കരുതുന്നു. ക്ഷേത്രത്തിലെ മുഖ്യമായ ആചാരമാണ് ഭക്തരുടെ തലയിലെ മുടി നീക്കം ചെയ്ത, ചന്ദനം തേക്കല്‍. ബാലമുരുകന്റെ ശിരസ്സിനോട് സാമ്യം തോന്നിക്കാനാണ് ഈ തലമുടി നീക്കം ചെയ്യല്‍ ചടങ്ങ്. വൈകീട്ട തലമുണ്ഡനം ചെയ്ത ചന്ദനം തേച്ച് അത് രാത്രിമുഴുവന്‍ സൂക്ഷിക്കുന്നത് ഭക്തരുടെ ഒരു രീതിയാണ്. മദ്ധ്യാഹ്നത്തില്‍ കുറച്ചു നേരവും, രാത്രിയില്‍ വളരെ നേരത്തെയും ക്ഷേത്രം നട അടക്കും. പ്രതിഷ്ഠ ബാലമുരുകനായതിനാല്‍, ബാലകന് ആവശ്യമായ ഉറക്കം കിട്ടുവാനാണെന്നാണ് വിശ്വാസം. കാരണം, ഭഗവാന്‍ പകലുമുഴുവനും ഭക്തരോട് സംവദിച്ച് ക്ഷീണിതനായിരിക്കുമത്രെ. മറ്റൊരു ഐതിഹ്യം നിലനില്‍ക്കുന്നത്, എല്ലാ ദിവസവും വൈകീട്ട് ഭഗവാന്റെ പള്ളിയറയില്‍ ആ ദിവസത്തെ ക്ഷേത്ര സംബന്ധമായ കണക്കുകള്‍ ഭഗവാന്‍ പ്രധാന പുരോഹിതനില്‍ നിന്നും കേള്‍ക്കുമത്രെ. അതിനുശേഷം മാത്രമേ ഭഗവാന്‍ പള്ളിയുറക്കത്തിനു പോകാറുള്ളു. തൈ പൂയം ആണ് പഴനി മുരുക ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി കരുതിപോരുന്നതും ആഘോഷിക്കുന്നതും. പൂര്‍ണ്ണചന്ദ്രനെ കാണുന്ന ദിവസമാണ് ഉത്സവദിനമായി ആഘോഷിക്കുന്നത്. തലമുണ്ഡനം ചെയ്ത് കാവടിയെടുത്താണ് ഇവര്‍ ഭഗവാനെ കാണാനായി വരുന്നത്. ഹിഡുംബ എന്ന രാക്ഷസന്‍ പഴനിമലകള്‍ തന്റെ തോളിലേറ്റി ഇവിടെ കൊണ്ടു വന്നു വെച്ചതെന്ന വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഭക്തര്‍ കാവടിയെടുക്കുന്നത്. ഹിഡുംബന്‍, ബാലമുരുകന്റെ ഒരു ആശ്രിതനായിരുന്നു. ഭഗവാന് അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തര്‍ എത്തിച്ചേരുന്നത്. ഇതിനെ തീര്‍ത്ഥകാവടി എന്നു പറയുന്നു. കരൈക്കുടിയിലുള്ള ഭഗവാന്റെ ക്ഷേത്രത്തില്‍ നിന്നും രത്‌നം പതിച്ച വേലുമായി വരുന്ന കരൈക്കുടിയില്‍ നിന്നുള്ള ഭക്തര്‍ വളരെ പ്രധാനപ്പെട്ടതായി കരുതപ്പെടുന്നു. ദര്‍ശനത്തിനായി ഭക്തര്‍ക്ക് ശ്രീകോവില്‍ തുറക്കുന്നത് സാധാരണ രാവിലെ 6.00 മണി മുതല്‍ വൈകീട്ട് 8.00 മണി വരെയാണ്. ഉത്സവദിനങ്ങളില്‍ രാവിലെ 4:30 ന് നടതുറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.