യെമന്‍: 350 പേരെ രക്ഷപ്പെടുത്തി; 206 പേര്‍ മലയാളികള്‍

Wednesday 1 April 2015 11:20 pm IST

ന്യൂദല്‍ഹി: യുദ്ധം രൂക്ഷമായ യെമനിലെ തെക്കന്‍ തുറമുഖ നഗരമായ ഏദനില്‍ ഭാരത നാവികസേനയുടെ ഐഎന്‍എസ് സുമിത്ര അര്‍ധരാത്രിയില്‍ നടത്തിയ ദൗത്യത്തില്‍ 350 പേരെ രക്ഷപ്പെടുത്തി. യുദ്ധക്കപ്പലില്‍ ഏദന്‍ തുറമുഖത്ത് നിന്നും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ കൊണ്ടുവന്ന 206 മലയാളികളടക്കമുള്ളവരെ ഇന്നലെ രാത്രിയോടെ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങളില്‍ തിരികെ നാട്ടിലെത്തിച്ചു. യെമനിലെ സന വിമാനത്താവളം ഉപയോഗിക്കാന്‍ ഭാരത സര്‍ക്കാരിന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ പൗരന്മാരോട് അവിടേക്കെത്താന്‍ ഭാരത എംബസി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വ്യോമസേനാ വിമാനത്തില്‍ ജിബൂട്ടിയിലേക്ക് പരമാവധി ആളുകളെ എത്തിക്കാനാണ് പദ്ധതി. ജിബൂട്ടിയില്‍ നിന്നും എയര്‍ ഇന്ത്യയുടേയും വ്യോമസേനയുടേയും വിമാനങ്ങളില്‍ ആളുകളെ നാട്ടിലേക്ക് കയറ്റിവിടും. വിദേശകാര്യസഹമന്ത്രിയും മുന്‍കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിങ് നേരിട്ടെത്തിയാണ് ഭാരത പൗരന്മാരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ഏദന്‍ തുറമുഖവും സന വിമാനത്താവളവും ഭാരതസേനകള്‍ക്ക് രക്ഷാദൗത്യത്തിനായി വിട്ടുകിട്ടിയത് വി.കെ. സിങ്ങിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. 'ഓപ്പറേഷന്‍ റാഹത്ത്' എന്ന പേരിട്ട നാവികസേനയുടെ രക്ഷാദൗത്യം അത്യന്തം ദുഷ്‌കരമായിരുന്നു. രാത്രിയില്‍ ഏദന്‍ നഗരത്തിനു ചുറ്റും ബോംബുകള്‍ വീഴുന്നതിനിടെയായിരുന്നു ദൗത്യം. ഇരുളില്‍ നടന്ന ദൗത്യം വിജയകരമായെന്ന് ഉറപ്പായശേഷം മാത്രമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഹെലിക്കോപ്റ്ററില്‍ ഐഎന്‍എസ് സുമിത്രയില്‍ ഇറങ്ങിയ വി.കെ. സിങ് പൗരന്മാരോട് 'നിങ്ങള്‍ സുരക്ഷിതരാണ്' എന്നറിയിച്ചു. തിരികെനാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങളും കേന്ദ്രമന്ത്രി വിശദീകരിച്ചു. മലയാളികള്‍ക്ക് പുറമേ തമിഴ്‌നാട് (40 പേര്‍), മഹാരാഷ്ട്ര (31), പശ്ചിമബംഗാള്‍ (23), ദല്‍ഹി (22), കര്‍ണ്ണാടക (15), ആന്ധ്ര (13) എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് യെമനില്‍ നിന്നും നാട്ടിലെത്തിച്ചത്. ഏദന്‍ തുറമുഖവും സന വിമാനത്താവളവും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്നത്. ഏദന്‍ തുറമുഖത്തുനിന്നും ജിബൂട്ടിയിലേക്ക് നാവികസേനാ കപ്പലുകളിലും തുടര്‍ന്ന് ജിബൂട്ടിയില്‍ നിന്ന് മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് വ്യോമസേനാ, എയര്‍ ഇന്ത്യാ വിമാനങ്ങളിലും ആളുകളെ എത്തിക്കാനാണ് പദ്ധതി. സന വിമാനത്താവളത്തില്‍ നിന്നും രക്ഷിക്കുന്നവരെയും ജിബൂട്ടിയിലെത്തിച്ചശേഷം മാത്രമേ ഭാരതത്തിലേക്ക് കൊണ്ടുവരൂ. യുദ്ധക്കപ്പലുകളായ ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് തര്‍കാഷ് എന്നിവയും ജിബൂട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവ ശനിയാഴ്ച അവിടെയെത്തും. കൊച്ചിയില്‍ നിന്ന് നേരത്തേ ജിബൂട്ടിയിലേക്ക് യാത്രതിരിച്ച എം.വി. കവരത്തി, എം.വി. കോറല്‍ എന്നീ കപ്പലുകള്‍ക്ക് യുദ്ധക്കപ്പലുകള്‍ അകമ്പടി സേവിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.