മതംമാറ്റം, മദര്‍ തെരേസ, മാര്‍ പവ്വത്തില്‍

Wednesday 1 April 2015 11:30 pm IST

ധര്‍മിഷ്ഠന്‍ നുണപറയുന്നതിനെ വെറുക്കുന്നു. എന്നാല്‍ ദുഷ്ടന്‍ ലജ്ജാകരമായും അപമാനകരമായും പെരുമാറുന്നു'' എന്നാണ് ബൈബിള്‍ വചനം. ക്രിസ്തുവിന്റെ അനുയായികളെന്ന് നടിക്കുന്നവരില്‍ ഇത്തരക്കാരെ ധാരാളമായി കാണാം. എന്നാല്‍ നല്ല ഇടയന്മാരില്‍ ഈ ബൈബിള്‍ വചനത്തെ വിടാതെപിന്തുടരുന്നതായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെപ്പോലെ മറ്റൊരാള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. 2015 മാര്‍ച്ച് 19 ലെ ദീപിക ദിനപത്രത്തില്‍ പവ്വത്തില്‍ എഴുതിയ 'മദര്‍ തെരേസയും മതപരിവര്‍ത്തനവും' എന്ന ലേഖനത്തില്‍ അദ്ദേഹം ലജ്ജാകരമായി നുണപറയുകമാത്രമല്ല, ആത്മാഭിമാനവും പ്രതിപക്ഷ ബഹുമാനവും തൊട്ടുതീണ്ടാത്തവിധത്തില്‍ സത്യം മറച്ചുവച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. മദര്‍ തെരേസ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മതപരിവര്‍ത്തന ലക്ഷ്യമുണ്ടായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവത് ഒരു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയതാണ് ബിഷപ് മാര്‍ പവ്വത്തിലിനെ പ്രകോപിതനാക്കിയത്. വിമര്‍ശനം സത്യമാണെന്ന് അറിയാവുന്നതിനാല്‍ വിമര്‍ശകനേയും അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തെയും ചരിത്രബോധവും ബുദ്ധിപരമായ സത്യസന്ധതയും തൊട്ടുതീണ്ടാത്തവിധം കടന്നാക്രമിച്ച് താനുള്‍പ്പെടുന്ന കത്തോലിക്കാസഭയുടെ ഹീനവും വികൃതവുമായ മുഖം മറച്ചുപിടിക്കാനാണ് പവ്വത്തില്‍ ശ്രമിക്കുന്നത്. ഇറാഖിലെ ഐഎസ് ഭീകരര്‍ മനുഷ്യക്കുരുതി നടത്തി ഒരു ജനതയെ തുടച്ചുനീക്കുന്നതുപോലെ വന്ദ്യരെ അപമാനിച്ചും ആരാധനാലയങ്ങള്‍ തകര്‍ത്തും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചും ചരിത്രം മാറ്റിയെഴുതിയും വംശവിച്ഛേദം നടത്തുകയെന്നതാണ് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും അജണ്ടയില്‍ ഉള്ളതെന്ന് തോന്നുന്നുവെന്നാണ് ബിഷപ് പറയുന്നത്. ശരിക്കും മലര്‍ന്നുകിടന്ന് തുപ്പുകയാണ് ബിഷപ് പൗവ്വത്തില്‍ ഇവിടെ ചെയ്യുന്നത്. ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വലിയ വംശവിച്ഛേദമായിരുന്നു ജര്‍മനിയില്‍ അധികാരത്തില്‍ വന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ 1944-48 കാലയളവില്‍ നടത്തിയത്. ആറ് ദശലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറുടെ നടപടിയെ മതശത്രുതയുടെ പേരില്‍ അന്നത്തെ പോപ്പായിരുന്ന പീയൂസ് പന്ത്രണ്ടാമന്‍ പിന്തുണക്കുകയായിരുന്നു. ഈ മഹാപാതകത്തിന് ജോണ്‍ പോള്‍ രണ്ടാമന്‍ 1988 ല്‍ മാപ്പ് പറഞ്ഞത് മാര്‍ പവ്വത്തിലിന് അറിയില്ലെന്നുണ്ടോ? മനുഷ്യത്വം തീരെ നഷ്ടമായതാണ് പ്രാകൃതമായ നരഹത്യകള്‍ നടത്താന്‍ ഐഎസ് ഭീകരരെ പ്രേരിപ്പിക്കുന്നതെന്ന് പറയുന്ന മാര്‍ പവ്വത്തില്‍ ക്രൈസ്തവസഭ നടത്തിയിട്ടുള്ള ഇത്തരം കൂട്ടക്കൊലകള്‍ക്കുനേര്‍ക്ക് ബോധപൂര്‍വം കണ്ണടക്കുകയല്ലേ? പതിനാറാം നൂറ്റാണ്ടില്‍ ഇന്നത്തെ ലാറ്റിനമേരിക്ക ആക്രമിച്ച ഫ്രാന്‍സിസ്‌കോ പിസാറോയെപ്പോലുള്ള സ്പാനിഷ് മതഭ്രാന്തന്മാര്‍ ക്രിസ്തുവിനെക്കുറിച്ചും ബൈബിളിനെക്കുറിച്ചും യാതൊന്നുമറിയാത്ത സാധുജനങ്ങളെ മതംമാറാത്തതിന്റെ പേരില്‍ കൊന്നൊടുക്കിയതിന് സമാനമായ ക്രൂരത ലോകചരിത്രത്തിലില്ല. ക്രൈസ്തവസഭകളുടെ മതംമാറ്റമാണ് ഗ്രീസിലെ പഴയ സംസ്‌കാരത്തെ നശിപ്പിച്ചത്. തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, ആസ്‌ട്രേലിയ, ആഫ്രിക്ക എന്നിങ്ങനെ എത്രയെത്ര രാജ്യങ്ങളിലെ പൗരാണികസംസ്‌കാരങ്ങളെയാണ് മതംമാറ്റത്തിലൂടെ കത്തോലിക്കാസഭകള്‍നാമാവശേഷമാക്കിയത്. ഇന്ന് ഇസ്ലാമികഭീകരര്‍ മതത്തിന്റെ പേരില്‍ ക്രൈസ്തവരെ കൊന്നൊടുക്കുമ്പോള്‍ കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം അത് വിതച്ചത് കൊയ്യലല്ലേ? വേദപുസ്തകം വായിക്കുന്ന തിരക്കില്‍ മാര്‍ പവ്വത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ ചരിത്രഗ്രന്ഥങ്ങള്‍ മറിച്ചുനോക്കിയാലറിയാം മതത്തിന്റെപേരില്‍ ആരാധനാലയങ്ങള്‍ തകര്‍ത്തതും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചതും ചരിത്രം മാറ്റിയെഴുതിയതും ക്രൈസ്തവസഭകളും സഭകള്‍ പിന്തുണച്ച സാമ്രാജ്യത്വശക്തികളുമായിരുന്നുവെന്ന്.കറുത്ത സായിപ്പന്മാരെ സൃഷ്ടിക്കാന്‍ കൊളോണിയല്‍ ശക്തികള്‍ എഴുതിയുണ്ടാക്കിയ 'ചരിത്രം', ചരിത്രബോധവും ആത്മാഭിമാനവും വീണ്ടെടുക്കുന്ന ജനത തിരുത്തിയെഴുതുന്നതില്‍ ബിഷപ്പുമാര്‍ അസ്വസ്ഥരാവാന്‍ തുടങ്ങിയാല്‍ ഇനിയവര്‍ക്ക് അതിനേ നേരംകാണൂ. വെറുതെ അസ്വസ്ഥരാവുന്നതിനുപകരം തിരുത്തിയെഴുതുന്ന ചരിത്രം വായിച്ച് സത്യം മനസ്സിലാക്കി തെറ്റുകള്‍ ഏറ്റുപറയുകയാണ് മാര്‍ പവ്വത്തിലിനെപ്പോലുള്ള മതപ്രമാണിമാര്‍ ചെയ്യേണ്ടത്. അല്ലാത്തപക്ഷം കുര്‍ബാനയ്ക്കും കുമ്പസാരിക്കാനും എത്തുന്നവരെ കാത്ത് ചില യൂറോപ്യന്‍ നാടുകളിലേതുപോലെ ഇവിടേയും ബിഷപ്പുമാര്‍ വല്ലാതെ കാത്തിരിക്കേണ്ടിവരും. യൂറോപ്പിലേതുപോലെ കുഞ്ഞാടുകള്‍ അകന്നുപോയ പള്ളികള്‍ ആര്‍ക്കെങ്കിലും വാടകയ്ക്കുകൊടുക്കേണ്ട ഗതികേടും വന്നുചേരും. ചരിത്രത്തിലുടനീളം മതപരിവര്‍ത്തനം മുഖ്യ അജണ്ടയാക്കി പ്രവര്‍ത്തിക്കുകയും അതിനുവേണ്ടി എന്ത് കടുംകൈ ചെയ്യാനും മടിക്കാത്തതുമായ കത്തോലിക്കാസഭയുടെ ചാവേറുകളിലൊന്നായിരുന്നു മദര്‍ തെരേസയും. അസുഖകരമായ ഈ സത്യം മൂടിവെയ്ക്കാനാണ് പവ്വത്തില്‍ ശ്രമിക്കുന്നത്. മദര്‍ തെരേസ മതപരിവര്‍ത്തനം നടത്തുന്നില്ലെന്ന് സ്ഥാപിക്കാന്‍ ബിഷപ്പ് ഉദ്ധരിക്കുന്നത് അവരുടെ തന്നെ വാക്കുകളും! ''കൂടുതല്‍ മെച്ചപ്പെട്ട ഹിന്ദുവും മുസ്ലീമും കത്തോലിക്കനും സിഖുകാരനുമാക്കാനാണ് ഞാന്‍ പരിവര്‍ത്തനം നടത്തുന്നത്. ഒരിക്കല്‍ ദൈവത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ എന്തുചെയ്യണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. മതപരിവര്‍ത്തനം എന്റെ ജോലിയല്ല, അത് ദൈവത്തിന്റെ ജോലിയാണ്'' എന്നാണത്രെ തെരേസ പറഞ്ഞിട്ടുള്ളത്. മതപരിവര്‍ത്തനത്തെ ശരിവയ്ക്കുകയും ന്യായീകരിക്കുകയുമാണ് തെരേസ ഇവിടെ ചെയ്യുന്നത്. അധികാരത്തിനുവേണ്ടി കത്തോലിക്കാ സഭകള്‍ ചെയ്തുകൂട്ടിയിട്ടുള്ള കൊള്ളരുതായ്മകളെല്ലാം ദൈവത്തിന്റെ ചുമലില്‍ ഇറക്കിവയ്ക്കുന്ന പതിവുപണിയാണിത്. അന്യമതസ്ഥരെ മതംമാറ്റാന്‍ ദൈവമല്ല, കത്തോലിക്കാസഭയാണ് തെരേസയെ ചുമതലപ്പെടുത്തിയത്. പ്രതിഷേധങ്ങളും തിരിച്ചടികളും കാര്യമാക്കാതെ മരിക്കുന്നതുവരെ അവര്‍ അത് നിര്‍ബാധം തുടരുകയും ചെയ്തു. മതംമാറ്റി സിസ്റ്റര്‍ നിര്‍മലയാക്കിയ കുസുമം ജോഷി എന്ന ബ്രാഹ്മണ വനിതയെയാണല്ലോ തെരേസ 'മിഷണറീസ് ഓഫ് ചാരിറ്റി'യുടെ സുപ്പീരിയര്‍ ജനറലാക്കിയത്. താന്‍ കേവലം സാമൂഹ്യപ്രവര്‍ത്തകയല്ലെന്ന് മദര്‍ ഒരിക്കല്‍ പറഞ്ഞതിനെ പിന്‍പറ്റിയാണ് അവര്‍ മതപരിവര്‍ത്തനം നടത്തുന്നതായി ചിലര്‍ ആരോപിക്കുന്നതെന്നും ഇത് കഥയറിയാതെ ആട്ടം കാണലാണെന്നും ലേഖനത്തില്‍ മാര്‍ പവ്വത്തില്‍ പറയുന്നു. എന്നാല്‍ തെരേസ പറഞ്ഞതിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് നുണപ്രചരിപ്പിക്കാനാണ് ബിഷപ്പ് ശ്രമിക്കുന്നത്.''ഒരുപാടാളുകള്‍ ഞാന്‍ ഒരു സാമൂഹ്യപ്രവര്‍ത്തകയാണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്. ഞാന്‍ ഒരു സാമൂഹ്യപ്രവര്‍ത്തകയല്ല. ഞാന്‍ ഈശോമിശിഹായുടെ സേവനത്തിലാണ്. ക്രിസ്തുമത സന്ദേശം പ്രചരിപ്പിക്കുകയും ആളുകളെ അതിലേക്ക് കൊണ്ടുവരികയുമാണ് എന്റെ ജോലി.'' ഔദ്യോഗിക ജീവചരിത്രകാരന്മാരില്‍ ഒരാളായ മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗളയോട് തെരേസ പറഞ്ഞ വാക്കുകളാണിത്. മതപരിവര്‍ത്തനമാണ് തന്റെ ലക്ഷ്യമെന്നും സേവനപ്രവര്‍ത്തനങ്ങള്‍ അതിനുള്ള ഉപാധിയാണെന്നും യാതൊരു മറയുമില്ലാതെ പ്രഖ്യാപിക്കുകയാണ് തെരേസ ഈ വാക്കുകളിലൂടെ. മാര്‍ പവ്വത്തില്‍ പറയുന്നതുപോലെ സംഘപരിവാര്‍ ഇക്കാര്യത്തില്‍ കഥയറിയാതെ ഒരു ആട്ടവും കാണുന്നില്ല. കഥയെന്തെന്ന് മാത്രമല്ല, അത് ആര് എഴുതിയുണ്ടാക്കിയെന്നും തെരേസയെപ്പോലുള്ളവരുടെ റോള്‍ എന്തായിരുന്നുവെന്നും അവര്‍ക്ക് നന്നായറിയാം. ഇക്കാര്യത്തില്‍ മാര്‍ പവ്വത്തിലിന്റെ ട്യൂഷന്‍ സംഘപരിവാറിന് ആവശ്യമില്ല. മതപരിവര്‍ത്തനം നടത്തിയ മദര്‍ തെരേസയുടെ തനിനിറം പലപ്പോഴും പുറത്തുവന്നിട്ടുള്ളതാണ്. ജനതാ പാര്‍ട്ടി എംപിയായിരുന്ന ഒ.പി.ത്യാഗി 1978 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മതപരിവര്‍ത്തന നിരോധന ബില്ലിനെ (മതസ്വാതന്ത്ര്യ ബില്‍) എതിര്‍ത്ത് പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്ക് തുറന്നകത്തെഴുതിയ വ്യക്തിയാണ് മദര്‍ തെരേസ. സേവനപ്രവര്‍ത്തനവും മതപരിവര്‍ത്തനവും ഒന്നിച്ചുപോവില്ലെന്നചുട്ടമറുപടിയാണ് മൊറാര്‍ജി അന്ന് തെരേസയ്ക്ക് നല്‍കിയത്. ഇതിനെതിരെ കത്തോലിക്കാ സഭാനേതൃത്വവുമായിചേര്‍ന്ന് തെരേസ കോലാഹലമുണ്ടാക്കിയെങ്കിലും മതപരിവര്‍ത്തനം കൊടിയ തിന്മയാണെന്നും തനിക്ക് അധികാരം കിട്ടിയാല്‍ അത് നിരോധിക്കുമെന്നും പറഞ്ഞിട്ടുള്ള ഗാന്ധിജിയുടെ ഉറച്ച അനുയായി ആയിരുന്ന മൊറാര്‍ജി കുലുങ്ങിയില്ല. തെരേസയ്ക്ക് അടങ്ങിയൊതുങ്ങി കഴിയേണ്ടിവന്നു. മദര്‍ തെരേസയെ ഭാരതരത്‌നം നല്‍കി ആദരിച്ച നാടാണിതെന്നും മറ്റും മാര്‍ പവ്വത്തില്‍ വാചാലനാവുന്നുണ്ട്. തെരേസയ്ക്ക് ഭാരതരത്‌ന ഉള്‍പ്പെടെയുള്ള ബഹുമതികള്‍ ലഭിച്ചതിന്റെ പിന്നാമ്പുറക്കഥകള്‍ അധികം പറയിപ്പിക്കാതിരിക്കുന്നതാണ് ഭേദം. ഘര്‍വാപസിയാണ് ബിഷപ് പവ്വത്തിലിനെ പ്രകോപിതനാക്കുന്ന മറ്റൊരു കാര്യം. ''സത്യം എവിടെ കണ്ടെത്തിയാലും അതിനെ സ്വതന്ത്രമായി സ്വീകരിക്കാന്‍ മനുഷ്യന് കടമയുണ്ട്. ശാസ്ത്രരംഗത്തും സാമ്പത്തികരംഗത്തും വിശ്വാസരംഗത്തുമെല്ലാം ഈ കടമയും സ്വാതന്ത്ര്യവും മാനിക്കപ്പെടണം. അത് ആരുടെയെങ്കിലും ഭാവനയില്‍ മാര്‍ഗഭ്രംശമായി കാണുന്നത് പരമാബദ്ധമാണ്. അവിടെയാണ് ഘര്‍വാപസിക്കാരുടെ പൊള്ളത്തരം വെളിച്ചത്തുവരുന്നത്. തങ്ങളുടെ മനഃസാക്ഷിക്ക് ബോധ്യപ്പെട്ട മതം സ്വതന്ത്രമായി സ്വീകരിച്ചവര്‍ തിരിച്ചുവരണമെന്ന് പറയുന്നത് അഹന്തയുടെ ഭാഷയാണ്, ബഹുസ്വരതയുടെ നിഷേധമാണ്.'' സത്യധര്‍മങ്ങള്‍ പാലിക്കേണ്ട ഒരു മതപുരോഹിതന് ഇത്ര സത്യവിരുദ്ധമായി വാക്കുകളുപയോഗിക്കാന്‍ അപാരമായ കാപട്യം വേണം. ''മറ്റ് മതവിശ്വാസികള്‍ക്കും തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാന്‍ അടിസ്ഥാനാവകാശമുണ്ട്. ആ സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന വ്യക്തമായി സംരക്ഷിക്കുന്നു. പ്രചരിപ്പിക്കുന്ന വിശ്വാസം സ്വീകരിക്കാനുള്ള അവകാശവും ആ പ്രഖ്യാപനത്തില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മതപരിവര്‍ത്തനം പാടില്ല എന്നും മറ്റും പറയുന്നത് സര്‍വാധിപത്യ മനോഭാവത്തിന്റെ പ്രകടനം മാത്രമാണ്'' എന്ന് ലേഖനത്തിലൊരിടത്ത് മാര്‍ പവ്വത്തില്‍ പറയുന്നു. ഇതുതന്നെയാണ് പൗവ്വത്തിലിനോട് തിരിച്ചുപറയാനുള്ളത്. ഒരു ക്രിസ്തുമത വിശ്വാസിക്ക് ഉണ്ടെന്ന് പറയുന്ന ഈ അവകാശം ഭരണഘടനയനുസരിച്ച് ഹിന്ദുക്കള്‍ക്കുമുള്ളതാണല്ലോ. തങ്ങളുടെ മതമാണ് ശരി എന്ന് അവര്‍ പറയുന്നത് ബോധ്യപ്പെട്ട് മറ്റേതെങ്കിലും മതവിശ്വാസികള്‍ ഹിന്ദുക്കളാവുന്നത് ഭരണഘടനാവകാശം തന്നെയാണല്ലോ. ഇതല്ലേ ഘര്‍വാപസി. ഇത് പാടില്ലെന്നുപറയാന്‍ മാര്‍പാപ്പയ്ക്കുപോലും അധികാരമില്ല, പിന്നല്ലേ ഒരു ആര്‍ച്ച് ബിഷപ്. പവ്വത്തില്‍ ശഠിക്കുന്നത് വളരെ വ്യക്തമാണ്. മതപരിവര്‍ത്തനം, അത് ഞങ്ങള്‍ ക്രൈസ്തവര്‍ക്കുമാത്രം അവകാശപ്പെട്ട അധികാരമാണ്. നിങ്ങള്‍ ഹിന്ദുക്കള്‍ ഈ അധികാരം ഉപയോഗിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഇവിടെ പവ്വത്തലിനെപ്പോലുള്ളവര്‍ ബോധപൂര്‍വം പ്രചരിപ്പിച്ചുപോരുന്ന ഒരു കള്ളമുണ്ട്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ മതം പ്രചരിപ്പിക്കാനും ഭാരതഭരണഘടന പൗരന് നല്‍കുന്ന സ്വാതന്ത്ര്യം ഒരാളെ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും കബളിപ്പിച്ചും മതംമാറ്റാനുള്ള അവകാശമല്ല. ഒന്നിലധികം സുപ്രീംകോടതി വിധികള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടും മതംമാറ്റാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ക്രൈസ്തസഭാമേധാവികള്‍ ബോധപൂര്‍വം കള്ളം പ്രചരിപ്പിക്കുകയാണ്. ഇത്തരത്തില്‍ ഭരണഘടനാവിരുദ്ധമായും നിയമവിരുദ്ധമായും മദര്‍ തെരേസയും മാര്‍ പവ്വത്തിലും ഉള്‍പ്പടെയുള്ളവര്‍ മതംമാറ്റിയ ഹിന്ദുക്കള്‍ സ്വമേധയാ തിരിച്ചുവരുന്നതാണ് ഘര്‍വാപസി. നീ അളക്കുന്നതുകൊണ്ടുതന്നെ നിനക്കും അളന്നു കിട്ടും എന്നല്ലേ ബൈബിള്‍ വചനം. മാര്‍ പവ്വത്തിലിനെപ്പോലുള്ളവരുടെ രോഗം വേറെയാണ്. ഈസ്റ്റിന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ് സര്‍ക്കാരിന്റേയും തണലില്‍ ക്രൈസ്തവസഭകള്‍ അനുഭവിച്ചുപോന്ന നിര്‍ബന്ധ മതംമാറ്റത്തിനുള്ള ദുഃസ്വാതന്ത്ര്യം ഇനിയും ലഭിക്കണം. നെഹ്‌റു കുടുംബത്തിന്റെ ആറുപതിറ്റാണ്ടിലേറെ നീണ്ട, പ്രത്യേകിച്ച് 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ നേതൃത്വത്തില്‍ 2004 മുതല്‍ 2014 വരെ നിലനിന്ന ഭരണകാലത്ത് ഈ ദുഃസ്വാതന്ത്ര്യത്തിന് പറയത്തക്ക തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതേസ്ഥാനത്ത് ഇന്ന് നിലവിലുള്ളത് ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവര്‍ നയിക്കുന്ന ഒരു സര്‍ക്കാരാണ്. ഇത് ക്രൈസ്തവസഭകളെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഒന്നാം സഹസ്രാബ്ദത്തില്‍ യൂറോപ്പിനേയും രണ്ടാം സഹസ്രാബ്ദത്തില്‍ ആഫ്രിക്കയേയും സുവിശേഷവല്‍ക്കരിച്ച നാം മൂന്നാം സഹസ്രാബ്ദത്തില്‍ ഏഷ്യയെയാണ് ലക്ഷ്യംവെക്കേണ്ടത് എന്നാണല്ലോ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഭാരതത്തില്‍വന്ന് ആഹ്വാനം ചെയ്തത്. മാര്‍പാപ്പ പറയുന്ന ഈ സുവിശേഷവത്കരണം നിര്‍ബന്ധിത മതംമാറ്റമല്ലാതെ മറ്റൊന്നുമല്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ ഇതിന് തടസ്സമുണ്ടാകാന്‍ പാടില്ല. ചില വൈദേശിക ശക്തികളുടെപോലും പിന്തുണയോടെ മാര്‍ പവ്വത്തലിനെപ്പോലുള്ളവര്‍ മുറവിളികൂട്ടുന്നത് ഇതിനാണ്. ഇനിയുള്ള കാലം ഇതൊന്നും വിലപ്പോവില്ലെന്ന് ബിഷപ്പുമാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നുമാത്രമേ തല്‍ക്കാലം പറയുന്നുള്ളൂ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.