ആലപ്പുഴ ബൈപാസ്: രൂപകല്‍പനയില്‍ ഭാവി വികസന സാധ്യത ഉള്‍ക്കൊള്ളണം

Thursday 2 April 2015 6:39 pm IST

മാളികമുക്കില്‍ തീരദേശ റോഡിനു മുകളിലൂടെയുള്ള ബൈപാസിലെ ഇടുങ്ങിയ മേല്‍പ്പാലം

ആലപ്പുഴ: മൂന്നു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന ആലപ്പുഴ ബൈപാസ് നിര്‍മ്മാണം പുനഃരാരംഭിക്കുമ്പോള്‍ ഭാവി വികസന സാധ്യത കൂടി കണക്കിലെടുത്തു വേണം അനുബന്ധ റോഡുകളും അടിപ്പാതകളും രൂപകല്‍പന ചെയ്തു നിര്‍മ്മിക്കേണ്ടതെന്ന് ആവശ്യമുയരുന്നു.കാല്‍ നൂറ്റാണ്ടു മുമ്പുള്ള ആവശ്യത്തിനായി ബൈപാസ് നിര്‍മ്മാണം ആരംഭിച്ചതിനു ശേഷം പതിമടങ്ങാണ് ഗതാഗതകാര്യങ്ങളില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്.

നിലവില്‍ നാലുവരി ആവശ്യമായ തരത്തിലുള്ള തിരക്കുണ്ടെങ്കിലും രണ്ടു വരിയിലാണ് ബൈപാസ് നിര്‍മ്മിക്കാന്‍ പോകുന്നത്. ആലപ്പുഴ പട്ടണത്തിലാകട്ടെ വലിയ തോതില്‍ വീതി കൂട്ടാന്‍ സാധ്യതയില്ലാത്ത ചെറിയ റോഡുകളാണുള്ളത്. അതിനാല്‍ തടസങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നത്ര വിധത്തില്‍ ബൈപാസ് നിര്‍മ്മാണത്തോടനുബന്ധിച്ചു സമീപ റെയില്‍വേ ക്രോസുകളിലടക്കം മറ്റു വികസന പ്രവര്‍ത്തനങ്ങളും നടത്തണം.

വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന ബൈപാസിലെ മാളികമുക്കില്‍ തീരദേശ റോഡിനു മുകളിലൂടെ നിര്‍മ്മിച്ചിരിക്കുന്ന മേല്‍പ്പാലം ദീര്‍ഘവീക്ഷണമില്ലാതെയുള്ള നിര്‍മ്മാണപ്രവൃത്തിയാണ്. അത്യാവശ്യം മാത്രം കടന്നു പോകത്തക്ക രീതിയിലാണ് ഇടുങ്ങിയ മേല്‍പ്പാല നിര്‍മാണം. ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു വിധത്തിലും ഇവിടെ വീതികൂട്ടാനാകില്ല. ഒരു വന്‍ കുപ്പിക്കഴുത്തായി ഇവിടം കിടക്കും. ഇപ്പോള്‍ തന്നെ ഉയരമുള്ള ഭാരവാഹനങ്ങള്‍ ഇതുവഴി കടന്നുപോകില്ല. അതു റഫ്രിജിറേറ്റഡ് മത്സ്യവാഹനങ്ങള്‍ അടക്കമുള്ളവയ്ക്കു വിനയാണ്.

ഭാവി റോഡുവികസനം കൂടി കണക്കിലെടുത്ത് മേല്‍പാലത്തിനു നീളവും ഉയരവും കൂട്ടി പുനഃനിര്‍മ്മിക്കുകയാണ് വേണ്ടത്. അതിനു ഇനി ഉണ്ടാകാവുന്ന അധികച്ചെലവ് കണക്കിലെടുത്ത് ഒഴിവാക്കിയാല്‍ വലിയ ഗതാഗത തടസമായിരിക്കും പിന്നീട് സ്ഥിരമായി റോഡിലുണ്ടാകുകയെന്നും തത്തംപള്ളി റസിഡന്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം നേരത്തെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറുപടി ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.