ചെങ്ങന്നൂര്‍ നഗരമദ്ധ്യത്തില്‍ വീണ്ടും മോഷണം

Thursday 2 April 2015 6:43 pm IST

സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോലീസ് നായ പരിശോധന നടത്തുന്നു. മോഷണം നടന്ന കടയില്‍ വിരലടയാള വിദഗ്ധര്‍ പരിശോധിക്കുന്നു

ചെങ്ങന്നൂര്‍: നഗരമദ്ധ്യത്തില്‍ വീണ്ടും മോഷണം. മൊബൈല്‍ ഫോണുകളും, പണവും ഉള്‍പ്പടെ അന്‍പതിനായിരം രൂപയുടെ നഷ്ടം. ചെങ്ങന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നഗരസഭയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലവുംതിട്ട ശാന്തിയില്‍ വീട്ടില്‍ ഉമേഷിന്റെ ഉടമസ്ഥതയിലുളള ഓസ്‌കാര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തിലാണ് ചൊവ്വാഴ്ച രാത്രിയില്‍ മോഷണം നടന്നത്.

കടയുടെ താഴ് തല്ലിത്തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശയ്ക്കുള്ളില്‍ സുക്ഷിച്ചിരുന്ന മൂവായിരം രൂപയും, പത്തു മൊബൈല്‍ ഫോണുകള്‍, ആറായിരം രൂപയുടെ റീച്ചാര്‍ജ് കൂപ്പണുകള്‍, ഫോണ്‍ അനുബന്ധ സാധനങ്ങള്‍ എന്നിവയാണ് അപഹരിച്ചത്. കടയ്ക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നെങ്കിലും ഇവ പ്രവര്‍ത്തനരഹിതമായിരുന്നു.

ചെങ്ങന്നൂര്‍ പോലീസും ആലപ്പുഴയില്‍ നിന്നുള്ള വിരലടയാളവിദഗ്ധരും, ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ്‌സ്‌ക്വാഡിലെ ലിഡോ എന്ന നായ മണംപിടിച്ച് സ്റ്റാന്‍ഡില്‍ തന്നെയുള്ള വിനിതാ വിശ്രമകേന്ദ്രത്തിന് പിന്നിലെത്തുകയും, ഇവിടെ ഓടയ്ക്കുളളില്‍ കിടന്നിരുന്ന ഷര്‍ട്ടുകള്‍ കടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഷര്‍ട്ടിന്റെ ഉടമയെ അറിയാമെന്നും, ഇയാള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നുവെന്നും സമീപവ്യാപാരികള്‍ പോലീസിനെ അറിയിച്ചു.

ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മോഷണമാണ് നടന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന ഫൈന്‍ സ്‌റ്റോഴ്‌സ് എന്ന സ്ഥാപനത്തിലും മോഷണം നടക്കുകയും മോഷ്ടാവ് പന്ത്രണ്ടായിരം രൂപ അപഹരിക്കുകയും ചെയ്തിരുന്നു. ഈ മോഷണത്തിലും പോലീസ് നായ കണ്ടെത്തിയ ഷര്‍ട്ടിന്റെ ഉടമയെ സംശയിക്കുന്നതായി കടയുടമ  അന്ന് തന്നെ പരാതിയില്‍ അറിയിച്ചിരുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.