വധശ്രമക്കേസിലെ പ്രതി വനിതാ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു

Thursday 2 April 2015 7:20 pm IST

മുഹമ്മ(ആലപ്പുഴ): വധശ്രമ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി വനിത പോലീസിനെ ആക്രമിച്ച് സ്‌റ്റേഷനില്‍ നിന്നും രക്ഷപെട്ടു. പരിക്കേറ്റ വനിത പോലീസ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സഹകരണബാങ്ക് ജീവനക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച  കേസിലെ പ്രതി കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കോലോത്ത് വെളി അരുണ്‍കുമാറാ (21)ണ് മുഹമ്മ സ്‌റ്റേഷനില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ രക്ഷപെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് മുഹമ്മ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മാധവത്തില്‍ കവിത (28)യ്ക്കാണ് പരിക്കേറ്റത്. ഇവര്‍ മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. ചെറുവാരണം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ബി.ആര്‍. സജീവി (44)നെ കഴിഞ്ഞ 23നാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കടക്കരപ്പള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ച് താമസിച്ചിരുന്ന അരുണ്‍കുമാറിനെ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മുഹമ്മ പോലീസ് പിടികൂടിയത്. സ്‌റ്റേഷനില്‍ കൊണ്ടുവന്ന് സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസിനോട് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കുന്നതിനിടെ വനിതാ പോലീസിനെ തള്ളി നിലത്തിട്ട് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. സ്‌റ്റേഷന്‍ ചാര്‍ജുകാരായ മദനപ്പന്‍, ചന്ദ്രബാബു, പട്രോളിങ് കഴിഞ്ഞെത്തിയ എഎസ്‌ഐ: ജെയിംസ്, സിപിഒ യേശുദാസ് എന്നിവര്‍ പ്രതിയെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. രക്ഷപെട്ട അരുണ്‍കുമാര്‍ ഒരുമാസം മുമ്പ് മൂന്നു യുവാക്കളെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മൂന്നാഴ്ച ആലപ്പുഴ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.