ശബരീശന് ഇന്ന് പമ്പയില്‍ ആറാട്ട്

Thursday 2 April 2015 7:25 pm IST

ശബരിമല: ശ്രീശബരീശന് ഇന്ന് പമ്പയില്‍ ആറാട്ട്. ആറാട്ട് തിരിച്ചെഴുന്നെള്ളിയശേഷം പത്തുദിവസംനീണ്ടുനിന്ന ഉത്സവത്തിന് സന്നിധാനത്ത് കൊടിയിറങ്ങും. ഭഗവാന്റെ തിരുനാളായ പൈങ്കുനി ഉത്രം നക്ഷത്രത്തിലാണ് തിരുവുത്സവത്തിന് സമാപനം കുറിക്കുന്നത്. ഇന്നുരാവിലെ ഉഷപൂജയ്ക്കുശേഷമാണ് ആറാട്ടുപുറപ്പാടിനുള്ള ചടങ്ങുകള്‍ ആരംഭിക്കുക. ആറാട്ടുബലിക്കുശേഷമാണ് തിടമ്പുമായി ഘോഷയാത്ര ആരംഭിക്കുക. പതിനൊന്നുമണിയോടെ പമ്പയിലെത്തുന്ന ആറാട്ട് ഘോഷയാത്രക്ക് വന്‍ സ്വീകരണമാണ് നല്‍കുക. പമ്പാ ഗണപതി ക്ഷേത്രത്തിലാണ്് തിടമ്പിറക്കുക. 11.30ഓടെ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പമ്പയിലെ ആറാട്ടുകടവില്‍ ശബരീശന്റെ ആറാട്ട്. ഭക്തിനിര്‍ഭരമായ ചടങ്ങ് ദര്‍ശിക്കുവാന്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക. ആറാട്ടിനുശേഷം കലിയുഗവരദന്റെ വിഗ്രഹം പമ്പാഗണപതി ക്ഷേത്രത്തില്‍ എഴുന്നെള്ളിച്ചിരുത്തും. തുടര്‍ന്ന് മൂന്നുമണിക്കൂറോളം ഭഗവദ് ദര്‍ശനത്തിനും പറയിടാനുമുള്ള അവസരം ഭക്തര്‍ക്ക്  ലഭിക്കും. ആറാട്ടിനുശേഷമുള്ള ഭഗവദ് ദര്‍ശനം പുണ്യമായാണ് കരുതപ്പെടുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത് ആരംഭിക്കും. രാത്രി ഒന്‍പതുമണിയോടെ ശബരീശന്‍ സന്നിധാനത്തെത്തും. തുടര്‍ന്ന് പൂജകള്‍ക്കുശേഷം ഉത്സവം കൊടിയിറങ്ങും. പിന്നീട് വിഷു ഉത്സവത്തിനായി ശബരിമല നട ഈ മാസം 10ന് വൈകിട്ട് തുറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.