സെറീന, മുറെ സെമിയില്‍

Thursday 2 April 2015 8:28 pm IST

മിയാമി: ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീനാ വില്ല്യംസ് മിയാമി ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം സെമിയിലെത്തി. നിലവിലെ ജേത്രിയായ സെറീന 27-ാം സീഡ് ജര്‍മ്മനിയുടെ സബീന ലിസിക്കിയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് അവസാന നാലില്‍ എത്തിയത്. സ്‌കോര്‍: 7-6 (7-4), 1-6, 6-3. കഴിഞ്ഞ രണ്ട്‌വര്‍ഷവും ഇവിടെ കിരീടം ചൂടിയ സെറീന ഹാട്രിക്ക് കിരീടമാണ് ഇത്തവണ ലക്ഷ്യം വെക്കുന്നത്. കരിയറിലെ 700-ാം വിജയമാണ് സെറീന ഇന്നലെ സ്വന്തമാക്കിയത്. എഴുന്നൂറാം ജയം നേടിയെങ്കിലും സെറീനക്ക് ക്വാര്‍ട്ടര്‍ മത്സരം അത്ര എളുപ്പമായിലരുന്നില്ല. ആദ്യ സെറ്റ് 7-6 ന് നേടിയ ശേഷം രണ്ടാം സെറ്റ് സെറീന 1-6ന് അടിയറവെച്ചിരുന്നു. മൂന്നാം സെറ്റില്‍ 6-3 ന് ലിസക്കിനെ കീഴ്‌പെടുത്തിയാണ് ലോക ഒന്നാം നമ്പറായ സെറീന ജയവും സെമിയും ഉറപ്പാക്കിയത്. 700 ഡബ്ല്യുടിഎ ജയങ്ങള്‍ നേടുന്ന എട്ടാമത്തെ താരമാണ് സെറീന വില്ല്യംസ്. 1442 ജയങ്ങളുള്ള മാര്‍ട്ടീന നവരത്തിലോവയാണ് ഏറ്റവും കൂടുതല്‍ ജയങ്ങളുള്ള താരം. മറ്റൊരു മത്സരത്തില്‍ മൂന്നാം സീഡ് റുമാനിയന്‍ സുന്ദരി സിമോണ ഹാലപ്പ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കന്‍ താരം സ്ലൊയ്ന്‍ സ്‌റ്റെഫാന്‍സിനെ പരാജയപ്പെടുത്തി സെമിയിലെത്തി. സ്‌കോര്‍: 6-1, 7-5. സെമിയില്‍ സെറീന വില്ല്യംസാണ് സ്‌റ്റെഫാന്‍സിന്റെ എതിരാളി. മറ്റൊരു സെമിയില്‍ ഒമ്പതാം സീഡ് ആന്ദ്രെ പെറ്റ്‌കോവിച്ച് 12-ാം സീഡ് സ്പാനിഷ് താരം കാര്‍ലാ സുവാരസ് നൊവാരോയെ നേരിടും. പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെയും എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചും സെമിയിലേക്ക് കുതിച്ചു. മുറെ സീഡ് ചെയ്യപ്പെടാത്ത ആസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടക്കിയത്. സ്‌കോര്‍: 3-6, 6-4, 6-1. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷമാണ് മുറെ മികച്ച ഫോമിലേക്കുയര്‍ന്ന് മത്സരം സ്വന്തമാക്കിയത്. മറ്റൊരു ക്വാര്‍ട്ടര്‍ഫൈനലില്‍ തോമസ് ബര്‍ഡിച്ച് അര്‍ജന്റീന താരം ജുവാന്‍ മൊണാക്കോയുെട വെല്ലുവിളി മറികടന്നാണ് അവസാന നാലില്‍ ഇടംപിടിച്ചത്. തീര്‍ത്തും ഏകപക്ഷീയമായ കളിയില്‍ 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ബര്‍ഡിച്ചിന്റെ വിജയം. സെമിയില്‍ ആന്‍ഡി മുറെയാണ് ബര്‍ഡിച്ചിന്റെ എതിരാളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.