ആര്‍ക്ക് മറക്കാനാവും ആ അവധിക്കാലം

Thursday 2 April 2015 9:00 pm IST

പെരുമഴ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന ഒരു വൈകുന്നേരത്ത് തൊടിയിലെ വലിയ നാട്ടുമാവിന്റെ ചോട്ടില്‍ മാനം നോക്കിനിന്നൊരു കാലം. കുലകുത്തി തൂങ്ങിക്കിടക്കുന്ന മാങ്ങാക്കൂട്ടത്തില്‍ നിന്ന് ഒരെണ്ണം താഴേക്കുവീഴുന്നത് കൊതിയോടെ നോക്കിനിന്നത്  ഓര്‍മ്മകളില്‍ പേറിനടക്കാത്തവര്‍ ചുരുക്കം. അതൊരു അവധിക്കാലത്തിന്റെ ഓര്‍മ്മകളാണ്. മധ്യവേനലവധി പഴയകാലത്ത് കളിക്കാന്‍ മാത്രമുള്ളതായിരുന്നു. തൊടിയിലെ മാവുകളില്‍ മുഴുവന്‍ പഴുത്തതും പഴുക്കാത്തതുമായ മാങ്ങകള്‍. കാഴ്ചയില്‍ തന്നെ വായില്‍ വെള്ളമൂറുന്ന കര്‍പ്പൂരമാങ്ങ മുതല്‍ ഒറ്റനോട്ടത്തില്‍ വായില്‍ പുളിരസം നിറയ്ക്കുന്ന മൂവാണ്ടന്‍ വരെ. തെക്കേ തൊടിയില്‍ ആകാശം മുട്ടെ വളര്‍ന്നുനില്‍ക്കുന്ന വലിയ മാവ് നാട്ടുമാവാണ്. നിറയെ കുലച്ചു നില്‍ക്കുന്ന ചെറിയ മാങ്ങകള്‍. ചെറിയ കാറ്റുവന്നാല്‍ ചറപറാ കൊഴിഞ്ഞുവീഴുന്ന പഴുത്തമാങ്ങകള്‍. ഒരു കാറ്റിന് ഒരു കുട്ടമാങ്ങ എന്നാണ് കണക്ക്. നാട്ടുമാവിന്റെ ചാഞ്ഞു നില്‍ക്കുന്ന കൊമ്പില്‍ വലിയ ഊഞ്ഞാല്‍ കെട്ടും. ഓരോ ആട്ടത്തിനും മാവ് ഉലയും. പിന്നീട് പഴുത്ത മാങ്ങയുടെ പെരുമഴയാണ്. അവധിക്കാല കളികള്‍ എപ്പോഴും ഈ മാവിന്‍ ചുവട്ടിലാകും. വീഴുന്ന മാങ്ങകളൊക്കെ ചപ്പി തിന്നാം. കളിയും നടക്കും. മാവിന്‍ ചുവട്ടില്‍ ഓലകുത്തിച്ചാരി വീടുകളിക്കും. ചെറിയ കല്ലുകൊണ്ട് അടുപ്പുണ്ടാക്കി അതില്‍ ചിരട്ട മണ്‍കലമാക്കി ചോറും കറിയും വയ്ക്കും. കളിയിലെ വീട്ടില്‍ അച്ഛനും അമ്മയും കുഞ്ഞുങ്ങളുമുണ്ടാകും. അതിരാവിലെ എഴുന്നേറ്റ് മാവിന്‍ ചുവട്ടിലേക്ക് ഓടും. ആരും എത്തുന്നതിനു മുമ്പ് മാങ്ങാ മുഴുവന്‍ പെറുക്കിയെടുക്കാന്‍. ഓരോ ദിവസവും കൂടുതല്‍ മാങ്ങ കിട്ടുന്നവരാണ് അന്നത്തെ നേതാക്കള്‍. കിട്ടിയ മാങ്ങയുടെ എണ്ണം പറഞ്ഞ് കൂട്ടുകാരോട് വീരസ്യം കാട്ടുന്നവര്‍.... പറങ്കിമാവാണ് മറ്റൊരു ആകര്‍ഷണം. പറങ്കിമാവില്‍ കയറി പറങ്കിയണ്ടി പഴത്തോടെ പറിച്ചെടുക്കും. പഴം തിന്നശേഷം പറങ്കിയണ്ടി നിക്കറിന്റെ പോക്കറ്റിലിടും. വൈകുന്നേരം വീട്ടില്‍ ചെല്ലുമ്പോള്‍ അത് വീട്ടില്‍ കൊടുക്കും. അവധിക്കാലത്ത് സിനിമയ്ക്ക് പോകാനുള്ള പണം സ്വരൂപിക്കാനാണ് പറങ്കിയണ്ടി ശേഖരിച്ചു വയ്ക്കുന്നത്. പിന്നെ ചക്ക, ആഞ്ഞിലിച്ചക്ക....എല്ലാം. മുതിര്‍ന്നവരാണ് ആഞ്ഞിലിയില്‍ കയറുന്നത്. പഴുത്ത ആഞ്ഞിലിച്ചക്ക പറിച്ച് താഴേക്കിട്ടു തരും. വലിയ കുട്ടയില്‍ വൈക്കോല്‍ നിറച്ച് അതിലാണ് ആഞ്ഞിലിച്ചക്ക പിടിക്കുന്നത്. തോലുരിഞ്ഞ് ഓരോ ചുളയും രുചിയോടെ തിന്നും. ആഞ്ഞിലിച്ചുവട്ടില്‍ നടന്ന് ആഞ്ഞിലിക്കുരു ശേഖരിച്ച് വീട്ടില്‍ കൊടുക്കും. കുരു മണ്‍കലത്തിലിട്ട് വറുത്ത് ശര്‍ക്കരയും കൂട്ടി ഇടിച്ചുതിന്നും....എന്തുരുചിയാണെന്നോ.... ഇതെല്ലാം നാട്ടിന്‍പുറത്തെ ഒഴിവുകാലത്തിന്റെ ഓര്‍മ്മകളാണ്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നകാലമാണ് അവധിക്കാലം. പത്തുമാസത്തെ പഠനത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷനേടി, കളികളുടെയും ഉത്സവത്തിന്റെയും ആഹ്ലാദത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ആരാണ് ഇഷ്ടപ്പെടാത്തത്. മുകളില്‍ പറഞ്ഞ തരത്തിലുള്ള മധുരതരമായ ഓര്‍മ്മകള്‍ ധാരാളം കൊണ്ടുനടക്കുന്നവരാണ് ഇന്നത്തെ മുതിര്‍ന്ന തലമുറയിലേറെപ്പേരും. സ്‌കൂള്‍ അടച്ചാല്‍ സ്വാതന്ത്ര്യം കിട്ടിയ സന്തോഷമാണ് മുമ്പൊക്കെ കുട്ടികള്‍ക്ക്. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. അവധിക്കാലവും പഠനത്തിനുവേണ്ടി മാറ്റി വയ്ക്കുമ്പോള്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരം നിഷേധിക്കുന്നു. കളികളിലൂടെ പ്രകൃതിയെയും മണ്ണിനെയും അടുത്തറിയാനുള്ള അവസരം നിഷേധിക്കുന്നു.  ഒഴിവുകാലം കമ്പ്യൂട്ടറിനു മുന്നിലും അവധിക്കാല പഠനക്കളരികളിലും ചെലവിടുന്ന ഇപ്പോഴത്തെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാനുള്ള വെറും ഓര്‍മ്മകള്‍ മാത്രമാണ് മുതിര്‍ന്നവര്‍ മനസ്സില്‍ സൂക്ഷിക്കുന്ന അവധിക്കാലം. പഠനത്തോടൊപ്പം കളിക്കാനും അവസരമുണ്ടാകണം. അപ്പോള്‍ മാത്രമേ കുട്ടികളുടെ വ്യക്തിത്വം ശരിയായ തരത്തില്‍ രൂപപ്പെടുകയുള്ളു.  ''കുട്ടികള്‍ക്ക് കളികള്‍ വളരെ പ്രധാനപ്പെട്ടതാണ്. ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് കളികള്‍ ആവശ്യമാണ്. അവര്‍ പുറത്ത് മണ്ണില്‍ കളിക്കണം. കുട്ടികള്‍ കളിച്ച് ചിരിച്ച് മണ്ണില്‍ നടക്കണം. മണ്ണില്‍ തൊടാതെ വളരുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാരണം. അങ്ങനെയുള്ള കുട്ടികള്‍ക്ക് പലതിനോടും അലര്‍ജിയാണ്. കഞ്ഞിയോടും ചോറിനോടും അലര്‍ജി. മണ്ണിനോടും മനുഷ്യരോടും കുട്ടികള്‍ ഇണങ്ങണം. അവര്‍ പ്രകൃതിയെ സ്‌നേഹിക്കണം. പരിസ്ഥിതിയുടെ കൂട്ടുകാരാവണം. മനുഷ്യന്റെ ചങ്ങാതിയാവണം''. കുട്ടികള്‍ കളിച്ചുവളരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളുടെ സ്വന്തം കവി കുഞ്ഞുണ്ണിമാഷ് പറഞ്ഞതിങ്ങനെയാണ്. മുമ്പൊക്കെ അവധിക്കാലത്തെ പ്രധാന കളി കുട്ടിയും കോലുമാണ്. പിന്നെ വട്ടുകളി, കള്ളനും പോലീസും കളി. കൂടാതെ എള്ളുവിളഞ്ഞു കിടക്കുന്ന പാടത്ത് എള്ളിന്റെ ഇടയിലെ വഴികളിലൂടെ ഓടിക്കൊണ്ട് പട്ടം പറത്തുകയും ചെയ്യും. കബഡി, കിളിത്തട്ട് തുടങ്ങിയവയുമുണ്ട്.... കള്ളനും പോലീസും കളിക്കുമ്പോഴാണ് പ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കുന്നത്. ഇന്‍സ്പക്ടര്‍ക്കും പോലീസുകാരനുമുള്ള തൊപ്പികള്‍ പ്രത്യേകമായി ഉണ്ടാക്കും. കൂടാതെ ഓലക്കാലുകൊണ്ട് കണ്ണട, വാച്ച് എല്ലാം ധരിച്ചാണ് പോലീസുകാരന്‍ വരുന്നത്. ഒളിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് കള്ളനെ പോലീസുകാരന്‍ കണ്ടെത്തും. രാവിലെ കളിക്കാനിറങ്ങിയാല്‍ ഉച്ചയ്ക്ക് ചോറുണ്ണാനൊന്നും വീട്ടിലെത്താറില്ല. മാങ്ങയും പറങ്കിമാങ്ങാപ്പഴവും ചക്കയും ആഞ്ഞിലിച്ചക്കയുമൊക്കെയാണ് ആഹാരം. കളികഴിഞ്ഞ് തളര്‍ന്ന് വൈകുന്നേരത്ത് കുളത്തിലേക്കൊരു ചാട്ടമാണ്. എല്ലാവരുംകൂടി കുളം അടിച്ചു കലക്കും. നീന്തിതുടിച്ചുള്ള കുളി. തോര്‍ത്തുമുണ്ടില്‍ മീന്‍ പിടിച്ചുകളിക്കും.... ആര്‍ക്കു മറക്കാനാവും ആ അവധിക്കാലം.....മനസ്സിലേക്ക് ഓടിയെത്തുന്ന നല്ല ഓര്‍മ്മകളാണതെല്ലാം. ഇപ്പോള്‍ അവധിക്കാലം ഇല്ലാത്ത കുട്ടികളാണ് വളര്‍ന്നു വരുന്നത്. അവര്‍ക്ക് പ്ലാവിലത്തൊപ്പിയും വെള്ളയ്ക്കാ വണ്ടിയും പാളയില്‍ കയറിയുള്ള യാത്രയും പരിചിതമല്ല. ഓലവാച്ചും ഓലപ്പന്തും ഓലപ്പമ്പരവും ഓലപ്പീപ്പിയും കണ്ടിട്ടുള്ള കുഞ്ഞുങ്ങളും വിരളം. നഗരത്തില്‍ മാത്രമല്ല, നാട്ടിന്‍ പുറത്തും ഇപ്പോള്‍ അവധിക്കാല ക്ലാസ്സുകളുടെ മേളമാണ്. തുടര്‍ച്ചയായ പഠിത്തത്തിനിടയില്‍ രണ്ടു മാസം കളിക്കാന്‍ മാത്രമുള്ളതാണ് മധ്യവേനലവധി. പ്രകൃതിയുമായി ഇണങ്ങിയുള്ള കളികളിലൂടെ കുട്ടികള്‍ പ്രകൃതിയെ അറിയുകയും പഠിക്കുകയും ചെയ്തിരുന്നു. തൊടിയിലെ വൃക്ഷങ്ങളെ അടുത്തറിഞ്ഞിരുന്നു. പൂക്കളെയും ചിത്രശലഭങ്ങളെയും നിലാവിനെയും അറിയുകയും സ്‌നേഹിക്കുകയും ചെയ്തു. അവധിക്കാലത്തും പഠിത്തം മാത്രമായതോടെ കുട്ടികള്‍ക്കെല്ലാം നഷ്ടപ്പെട്ടു. പ്രകൃതിയുമായി ഇണങ്ങിയ, പ്രകൃതിയില്‍ നിന്നുള്ള കളിപ്പാട്ടങ്ങളും ഇല്ലാതായി. പഴയ കളിപ്പാട്ടങ്ങളുടെ സ്ഥാനത്ത് ബാര്‍ബിസെറ്റും ബില്‍ഡിംഗ് ബ്ലോക്ക്‌സും ഡോളുകളും സ്ഥാനം പിടിച്ചു. ചിരട്ട മണ്‍കലമാക്കി ചോറും കറിയും വച്ചു കളിക്കേണ്ടതില്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക്ക് കിച്ചണ്‍സെറ്റുകള്‍ ഇപ്പോള്‍ സുലഭം. വെള്ളയ്ക്കയും ഈര്‍ക്കിലിയും കൊണ്ട് സ്‌റ്റെതസ്‌കോപ്പുണ്ടാക്കി ഡോക്ടറും രോഗിയും കളിക്കേണ്ടതില്ല. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഡോക്ടര്‍ സെറ്റും റെഡി. കള്ളനും പോലീസും കളിക്കാന്‍ ആധുനിക മെഷീന്‍ഗണ്ണിന്റെ രൂപത്തിലുള്ള തോക്കുള്‍പ്പടെയുള്ള സന്നാഹങ്ങളും വിപണയില്‍ സുലഭം..... കളികളെല്ലാം, വീട്ടിനുള്ളിലോ ഫഌറ്റിന്റെ ഏകാന്തതയിലോ മാത്രമായി ചുരുങ്ങുകയും ചെയ്തു. തൊടികളിലെ കളികള്‍ ഇല്ലാതായി. അതുകൊണ്ട് എന്തു സംഭവിച്ചു...? മാവിലയുടെയും മാവിന്റെയും മണം നോക്കി അതേതുതരം മാങ്ങയാണെന്ന് തിരിച്ചറിയാനുള്ള കഴിവ് കുഞ്ഞുങ്ങള്‍ക്കില്ലാതായി. വരിക്കച്ചക്കയും കൂഴച്ചക്കയും വേര്‍തിരിച്ചറിയാന്‍ കഴിയാതെയായി. തൊടിയില്‍ വളരുന്ന ചെറുചെടികള്‍ പോലും കുട്ടികള്‍ക്ക് അന്യമായി. പൂക്കളും ചിത്രശലഭങ്ങളും വണ്ടും ഉറുമ്പും എല്ലാം അവര്‍ക്ക് അറിയാത്തവരായി.....അച്ഛനേയും അമ്മയേയും മുത്തച്ഛനേയും മുത്തശ്ശിയേയും തിരിച്ചറിയാത്ത സമൂഹമായി അവര്‍ മാറി. നഗരത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് അവധിക്കാലത്ത് ഗ്രാമത്തിലെ ബന്ധുവീട്ടിലോ കുടുംബവീട്ടിലോ അവധി ആഘോഷിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്നു. ഇപ്പോള്‍ അതിനും കഴിയാതെയായി. അവധിക്കാല ക്ലാസ്സുകളുടെ ആധിക്യം തന്നെ കാരണം.  അവധിക്കാലത്ത് കുട്ടികള്‍ക്കൊപ്പം വിനോദയാത്രയ്ക്കു പോകാന്‍ രക്ഷിതാക്കള്‍ക്കും ഇപ്പോള്‍ സമയമില്ല. ജോലിത്തിരക്കു തന്നെ കാരണം. പഠനകാലം മുഴുവന്‍ കുട്ടികള്‍ക്ക് പീഡനകാലമാകുന്ന കാഴ്ചകളാണ് പത്തുമാസം നമുക്കുകാണാനാകുന്നത്. എടുക്കാന്‍ വയ്യാത്ത പുസ്തകങ്ങളുടെ ഭാരവും സ്‌കൂള്‍ പഠനത്തെ കൂടാതെയുള്ള ട്യൂഷന്‍ പഠനവും അതിലുപരി കുട്ടികളുകളുടെ അഭിരുചിക്കിണങ്ങാത്ത പാഠ്യപദ്ധതി തെരഞ്ഞെടുപ്പുമെല്ലാം പഠനകാലം കുട്ടികള്‍ക്ക് പീഡനകാലമാക്കുന്നു. അതില്‍ നിന്നെല്ലാമുള്ള രക്ഷനേടലാണ് അവധിക്കാലം. കളിക്കാനും ഉല്ലസിക്കാനുമുള്ള സമയം കൂടി പീഡനകാലമാക്കുന്ന സമീപനത്തില്‍ നിന്ന് പിന്തിരിയാന്‍ രക്ഷിതാക്കളും വിദ്യാലയാധികൃതരും തയ്യാറാകണം. കളിക്കേണ്ടസമയത്ത് കുട്ടികള്‍ കളിക്കട്ടെ. പഠിക്കേണ്ട സമയത്ത് പഠനവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.