സ്വയം അറിയാനും ദുഃഖവെള്ളി

Thursday 2 April 2015 9:03 pm IST

പന്തിയോസ് പീലാത്തോസിന്റെ വിധി മറ്റൊന്നായിരുന്നെങ്കില്‍ ചരിത്രംതന്നെ വഴിമാറിയേനെ. മനുഷ്യപുത്രനായി പിറന്ന ദൈവപുത്രനായ യേശുവിന്റേയും ചരിത്രം മറ്റൊന്നാകുമായിരുന്നു. ഓരോ ഗോതമ്പുമണിയിലും അതു ഭക്ഷിക്കേണ്ടവന്റെ പേരുള്ളതുപോലെ എല്ലാം നേരത്തെ എഴുതപ്പെട്ടതായതുകൊണ്ട് വേറൊന്നു സംഭവിക്കാന്‍ ഇടയില്ലായിരുന്നു. ദൈവത്താല്‍ എഴുതപ്പെട്ട തിരക്കഥ അങ്ങനെതന്നെ നടക്കണമായിരുന്നു. ഇതെല്ലാം വിശ്വാസത്താല്‍ എഴുതപ്പെട്ട സത്യമാണ്. ശരീരത്തെ കവച്ചുവെക്കുന്ന ആത്മാവിന്റെ മൂര്‍ച്ചയുള്ള തിരുവെഴുത്തുകള്‍. ഐന്‍സ്റ്റീന്‍ പറഞ്ഞപോലെ യാഥാര്‍ത്ഥ്യം ഭാവനകൊണ്ട്, മനസ്സുകൊണ്ടെഴുതിയ സത്യങ്ങള്‍. അനീതിക്കുമേല്‍ നീതിക്കുവേണ്ടി കുരിശേറുന്ന ദുഃഖവെള്ളിയുടെ വിലാപവും ഇത്തരമൊരു മഹത്തായ സത്യമാണ്. യേശുവിന്റെ കുരിശുമരണം നിരവധി ചോദ്യങ്ങളുടേയും അനവധി ഉത്തരങ്ങളുടേയുമാണ്. യഥാര്‍ത്ഥ മനുഷ്യന്‍ ആരാണെന്നും നല്ല ശമരിയക്കാരന്‍ എന്താണെന്നും ജനനേതാവ്  എങ്ങനെയാവണമെന്നുമുള്ള ആത്യന്തികമായ മറുപടിയാണ് യേശുവിന്റെ മരണം. അത് മഹത്തായ സ്വാതന്ത്ര്യ പ്രഖ്യാപനവും സവിശേഷമായ സത്യപ്രസ്താവനയും കൂടിയാണ്. സത്യം നിങ്ങളെ സ്വതന്ത്രമാക്കുമെന്നും യേശു പറഞ്ഞു. അതിന് ത്യാഗത്തിന്റെയും സഹനത്തിന്റെയും വഴിവേണമെന്ന് അദ്ദേഹം മാതൃക കാട്ടി. ക്ഷമിക്കാനും പൊറുക്കാനും മനുഷ്യന് കഴിയണം. വലുതാകേണ്ടവര്‍ കുഞ്ഞിനെപ്പോലെ ചെറുതാകണം. ശത്രുക്കളെ സ്‌നേഹിക്കുമ്പോള്‍ ശത്രുലോകം തന്നെ ഇല്ലാതാകും. ഉപാധികളില്ലാതെയുള്ള സ്‌നേഹത്തിലൂടെ മനുഷ്യന് ദൈവത്തോളം വളരാനാകുമെന്നതിന് യേശു സ്വന്തം ജീവിതം മാതൃകയായി കാട്ടി. യുദ്ധത്തിന്റെ പ്രത്യയശാസ്ത്രമോ വെറുപ്പിന്റെ രീതിശാസ്ത്രമോ യേശു രചിച്ചില്ല. അല്ലെങ്കില്‍ തന്റെ 'ശത്രു'വിനെതിരെ അദ്ദേഹത്തിന് സംഘടിതമായി പ്രവര്‍ത്തിക്കാമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ അത്ഭുതം കാട്ടിയവന് പ്രത്യേകിച്ചും. ശത്രുക്കളില്ലാത്തവന്‍ ആരോട് യുദ്ധം ചെയ്യാന്‍. എന്നാല്‍ അദ്ദേഹം തന്നോടുതന്നെ യുദ്ധം ചെയ്തിട്ടുണ്ട്. എന്നും ദൈവത്തോടുകൂടിയായിരിക്കാന്‍. ജനത്തെ സേവിക്കാന്‍. ചെകുത്താന്റെ പ്രലോഭനങ്ങളില്‍പ്പെടാതിരിക്കാന്‍. വാളെടുത്തവന്‍ വാളാല്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. തന്നെ പിടിക്കാന്‍ നടക്കുന്നവര്‍ക്ക് പിടികൊടുക്കാനാണ് യേശു ഒടുക്കം ഒലിവുമലയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയത്. സ്വയം ഏല്‍പ്പിച്ചുകൊടുക്കുന്ന അലിവ്. ലോകം ഇന്ന് എന്തുകാരണങ്ങളാലും സംഘര്‍ഷാത്മകമാണ്. എന്തിന്റെ പേരിലെങ്കിലും മനുഷ്യനെ കൊന്നാലും അടിമയാക്കിയാലും മതിയെന്ന അധമലക്ഷ്യം. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ കഴുത്തറപ്പന്‍ നൃത്തം. കുഞ്ഞുങ്ങളെയും വെറുതെവിടുന്നില്ല. ഹിറ്റ്‌ലറുടെ വെറുപ്പിന്റെ രീതിശാസ്ത്രം പലതരത്തില്‍ ലോകം ആഘോഷിക്കുന്നു. മോക്ഷം കിട്ടാന്‍ സംഹാരം എളുപ്പവഴിയെന്നുപോലും വരുന്നു. ഈ അധമാന്തരീക്ഷത്തില്‍ ക്രിസ്തുവിന്റെ പീഡാനുഭവം സമാധാനത്തിന്റെയും ക്ഷമയുടേയും ലോകത്തെക്കുറിച്ച് ആവര്‍ത്തിച്ച് സ്മരിക്കാന്‍ ഇടയാക്കുന്നു. ഓരോ മനുഷ്യനും അവനവനെ കണ്ടെത്താനും സ്വയം ശുദ്ധീകരിക്കാനും അന്യന്‍  നരകമല്ലെന്നു അറിയാനും കൂടിയുള്ള നാളുകള്‍. മറ്റുള്ളവരെ വിധിക്കാതെ സ്വന്തം കുറ്റങ്ങളും കുറവുകളും തെരഞ്ഞുകണ്ട് നന്മയുടെ പുത്തന്‍ വെള്ളത്താല്‍ ആത്മശുദ്ധീകരണം നടത്തേണ്ട ദിനംകൂടിയാണ് ദുഃഖവെള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.