ലോറി സമരം ശക്തം; ഈസ്റ്ററും വിഷുവും വറുതിയിലേക്ക്

Thursday 2 April 2015 10:28 pm IST

പാലക്കാട്: ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഉപേക്ഷിച്ചതോടെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ശക്തമാക്കി. പാചക വാതക ടാങ്കറുകളും സമരത്തിലേക്ക് കടക്കുന്നതോടെ കേരളം നിതേ്യാപയോഗ സാധനങ്ങളുടെ ക്ഷാമത്തിലേക്ക് നീങ്ങുകയാണ്.സമരം തീര്‍ക്കാന്‍ മുന്‍കയ്യെടുക്കേണ്ട സര്‍ക്കാരാകട്ടെ ബാര്‍ കോഴക്കു പിന്നിലെ ചരടുവലിയില്‍ മുഴുകിയിരിക്കുകയാണ്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പാലക്കാട് ജില്ലയിലൂടെയുള്ള മുഴുവന്‍ ചരക്കുനീക്കവും ഏതാണ്ട് നിലച്ചിച്ചുകഴിഞ്ഞു. ഈസ്റ്ററും വിഷുവും മറ്റുവിശേഷ ദിനങ്ങളമുള്ള സമയത്താണ് ലോറി സമരം. ഇത് വ്യാപാരികളെയും ജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. പലച്ചരക്ക്, പച്ചക്കറികള്‍, കോഴി ഇറച്ചി എന്നിവ ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങള്‍ക്കും ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. സമരം ഇനിയും നീണ്ടാല്‍ ഈസ്റ്ററും വിഷുവും വറുതിയുടേതാകും. പാചകവാതക നീക്കം കൂടി നിലച്ചാല്‍ സംസ്ഥാനത്തെ ജനജീവിതം അതിലും ദുസ്സഹമാകും. ലോറി ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം മണിക്കൂറുകള്‍ക്കകം ഉപേക്ഷിക്കുകയായിരുന്നു. ധനമന്ത്രി കെം. എം. മാണി ധ്യാനത്തിനു പോയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്ന കാരണം. ചര്‍ച്ചക്ക് വിളിച്ചിട്ട് അകാരണമായി മാറ്റിവെച്ചത് ലോറിഉടമകളെ പ്രകോപിപ്പിച്ചതു മൂലമാണ് സമരം ശക്തമാക്കാനും പാചകവാതക ലോറികളെക്കൂടി പങ്കെടുപ്പിക്കാനും പ്രേരിപ്പിച്ചത്. സാധാരണ ദിവസങ്ങളില്‍ വാളയാറിലൂടെ  മാത്രം 2500 ഓളം ചരക്കുലോറികളാണ് കടന്നുപോകാറുള്ളത്. എന്നാല്‍ ഇതിന്റെ പത്ത് ശതമാനം പോലും കഴിഞ്ഞദിവസം ചെക്ക്‌പോസ്റ്റ് കടന്നില്ല. ജില്ലയിലെ മറ്റു അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ വാളയാര്‍, വേലന്താവളം, ഗോപാലപുരം, കോഴിപ്പാറ, മീനാക്ഷിപുരം, നടുപ്പുണി തുടങ്ങിയ ചെക്ക് പോസ്റ്റുകള്‍ വഴിയും ചരക്കുനീക്കം നിലച്ചു. വണ്ടികള്‍ക്ക് വേഗം ക്ലിയറന്‍സ് ലഭിക്കാനായി ചെക്ക് പോസ്റ്റില്‍ സ്‌കാനിംഗ് മെഷീനും കാമറകളും സ്ഥാപിക്കുക, സുഗമമായ ചരക്ക് നീക്കത്തിന് ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുക, വാഹനം പാര്‍ക്കുചെയ്യാന്‍ സൗകര്യമൊരുക്കുക, വാളയാര്‍ ചെക്കുപോസ്റ്റിന് സമീപം സംയുക്ത പരിശോധനയ്ക്കായി സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത സ്ഥലത്ത്   ഇന്റഗ്രേറ്റഡ് ചെക്കുപോസ്റ്റ് തുടങ്ങുക,  ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക,  ചെക്ക് പോസ്റ്റിലെത്തുന്ന ലോറി ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവയാണ് ലോറി ഉടമകളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.