തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടിവെള്ള വിതരണം ഇനി വനിതാവികസന കോര്‍പ്പറേഷന്‍ വഴി

Thursday 2 April 2015 10:30 pm IST

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടിവെള്ള വിതരണത്തിന്റെ ചുമതല ഇനി മുതല്‍ വനിതാ വികസന കോര്‍പ്പറേഷന്. ശുദ്ധീകരിച്ചതും സുരക്ഷിതവുമായ കുടിവെള്ളത്തിന്റെ ഉല്‍പാദനവും വിതരണവും നിര്‍വഹിക്കാനുള്ള ഏജന്‍സിയായിരിക്കും വനിതാ വികസന കോര്‍പ്പറേഷന്‍. ത്രിതല പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തിന് ഇതോടെ ഒരു ഏകീകൃത ഏജന്‍സിയാകും. ആവശ്യമുള്ള പഞ്ചായത്തുകളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വെള്ളം ഗുണമേന്മയോടെ  വിതരണം ചെയ്യണം. പദ്ധതിക്കായി സ്ഥലവും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള തുകയുടെ 50 ശതമാനവും പഞ്ചായത്തുകള്‍ കോര്‍പ്പറേഷന് നല്‍കണം. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍ നടത്തുന്ന വനിതാ വികസന കോര്‍പ്പറേഷന്‍ ആദ്യമായാണ് കുടിവെള്ള വിതരണ രംഗത്തേക്കെത്തുന്നത്. വെള്ളം 20 ലിറ്ററിന്റെ കന്നാസുകളിലാക്കിയായിരിക്കും ഇവര്‍ നല്‍കുക. ആവശ്യപ്പെടുന്നവര്‍ക്കെല്ലാം വീടുകളില്‍ എത്തിച്ച് നല്‍കും. അതേസമയം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവ്യക്തത ഏറെയുണ്ട്. എത്ര രൂപക്ക് കുടിവെള്ളം നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പഞ്ചായത്തുകളില്‍ ഇപ്പോള്‍ കുടുംബശ്രീ/ ടെണ്ടര്‍ വഴി നടപ്പാക്കുന്ന കുടിവെള്ള പദ്ധതി നിലനില്‍ക്കുമോയെന്നും ഗുണഭോക്തൃ സമിതികള്‍ മുഖേനയുള്ള  പദ്ധതി വനിതാ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമോയെന്നും വ്യക്തമല്ല. പദ്ധതി നടത്തിപ്പൂമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകള്‍ക്ക് അടുത്തയാഴ്ചയോടെ പ്രൊപ്പോസല്‍ അയക്കുമെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണിപ്പോള്‍. അടുത്ത മാസത്തോടെ പദ്ധതി നടപ്പാക്കാനാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.