പശ്ചിമഘട്ട സംരക്ഷണം സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനം

Thursday 2 April 2015 10:59 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കാത്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വന്തംനിലയില്‍ തീരുമാനമെടുക്കാനൊരുങ്ങുന്നു. നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും സമയം നീട്ടിനല്‍കില്ലെന്ന് സംസ്ഥാനങ്ങളെ അറിയിച്ചതായി കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്ന ജനങ്ങളെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് ഖനി, ക്വാറി പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു. ഏപ്രില്‍ 30നകം വിഷയത്തില്‍ സംസ്ഥാനങ്ങള്‍ അഭിപ്രായം കൈമാറിയില്ലെങ്കില്‍ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളോട് നേരിട്ട് സ്ഥലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം മാത്രമാണ് യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോലമായി കണ്ടെത്തിയ 123 ഗ്രാമങ്ങളില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കര്‍ണ്ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അലംഭാവം  തുടരുകയാണ്. എട്ടുമാസം മുമ്പ് നല്‍കിയ നിര്‍ദേശം ഇനിയും പാലിക്കാത്ത സംസ്ഥാനങ്ങളുടെ അഭിപ്രായം സ്വീകരിക്കേണ്ടെന്നാണ് കേന്ദ്ര നിലപാട്.  അവശേഷിക്കുന്നവര്‍ ഏപ്രില്‍ 30നകം റിപ്പോര്‍ട്ട് നല്‍കിയാലും ഇല്ലെങ്കിലും മെയ് ആദ്യത്തോടെ പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് 2014 മാര്‍ച്ച് 10ന് യുപിഎ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എങ്കിലും പിന്നീട് അധികാരത്തിലെത്തിയ എന്‍ഡിഎ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാന്‍ തീരുമാനിച്ചു. എന്നാല്‍ കര്‍ണ്ണാടകവും കോണ്‍ഗ്രസ് ഭരണത്തിലിരുന്ന മഹാരാഷ്ട്രയും റിപ്പോര്‍ട്ട് വൈകിപ്പിക്കുകയായിരുന്നു. മണ്‍സൂണ്‍ കാരണം പഠന സംഘത്തിന് പ്രവര്‍ത്തിക്കാനായില്ലെന്നാണ് രണ്ടു സംസ്ഥാനങ്ങളുടെയും വിശദീകരണം. ജൂലൈയ്ക്കു മുമ്പ് തീരുമാനമുണ്ടായില്ലെങ്കില്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ കരടുവിജ്ഞാപനം റദ്ദാകും. അതാണ് എത്രയുംവേഗം തീരുമാനമെടുക്കാന്‍ പരിസ്ഥിതിമന്ത്രാലത്തെ പ്രേരിപ്പിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യക്തത വരുത്താത്ത സാഹചര്യത്തില്‍ കൃത്യമായ നിലപാട് അറിയിക്കണമെന്ന് വനംപരിസ്ഥിതി മന്ത്രാലയത്തോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.