ഇന്ന് ഈസ്റ്റര്‍

Saturday 20 May 2017 7:12 pm IST

മുപ്പതുവയസുവരെയുള്ള യേശുവിന്റെ ജീവിതത്തെക്കുറിച്ച് വിശുദ്ധ ബൈബിള്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. പുതിയ നിയമത്തിലെ ലൂക്കോസിന്റെ സുവിശേഷത്തില്‍ അതിനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തുന്നു: പിന്നെ യേശു മാതാപിതാക്കളോടുകൂടി യരുശലേം ദേവാലയത്തില്‍ നിന്നിറങ്ങി നസറത്തിലെ വീട്ടില്‍ വന്ന് അവര്‍ക്ക് കീഴടങ്ങി ജീവിച്ചു(ലൂക്കോസ്2:51). പന്ത്രണ്ട് വയസ്സുമുതല്‍ മുപ്പത് വയസ്സുവരെ മാതാപിതാക്കളെ അനുസരിച്ച് വീട്ടില്‍ താമസിക്കുന്ന അനുസരണയുള്ള മകനായ യേശുവിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഗലീല തീരത്തും യഹൂദ നാട്ടിലും പ്രഗത്ഭനായ ഒരു പ്രസംഗകനായും സൗഖ്യദായകനായും നന്മചെയ്തുകൊണ്ട് ചുറ്റി സഞ്ചരിക്കുന്ന യേശുനാഥനെയാണ് മുപ്പതാം വയസ്സുമുതല്‍ കാണുവാന്‍ സാധിക്കുക. മൂന്നരവര്‍ഷത്തോളം അദ്ദേഹം തന്റെ പരസ്യശുശ്രൂഷ ഗംഭീരമായി നിര്‍വഹിച്ചു. യഹൂദര്‍ക്ക് പ്രത്യക്ഷനാകുവാനുള്ള മിശിഹ(രക്ഷകന്‍) യേശുവാണെന്നു വിശ്വസിച്ചു. അനേകര്‍ അദ്ദേഹത്തിന്റെ അനുയായികളായി. യഹൂദരുടെ മഹാപുരോഹിതരായ കയ്യാഫാവും ഹന്നാസും അസൂയയോടെ ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചുവന്നു. ഒരു പാവപ്പെട്ട ആശാരിയുടെ മകനായി ബത്‌ലഹേമിലെ പശുത്തൊഴുത്തില്‍ പിറക്കുകയും ഒരു കഴുതയുടെ പുറത്ത് ഒലിവിലകളേന്തിയ ജനസഞ്ചയത്തോടൊപ്പം ഓശാന അകമ്പടിയോടെ എഴുന്നള്ളുകയും ചെയ്ത ദൈവപുത്രനായ യേശുവിനെ മിശിഹയായി അംഗീകരിക്കുവാന്‍ അന്തര്‍നേത്രം അടഞ്ഞുപോയ ആ മഹാപുരോഹിതര്‍ക്ക് സാധിച്ചില്ല. യേശുവിനെ അറസ്റ്റ് ചെയ്ത് അവര്‍ റോമര്‍ ഗവര്‍ണറായ പിലാത്തോസിന്റെ അരമനയില്‍ ഹാജരാക്കി. ജനക്കൂട്ടം മഹാപുരോഹിതനോടു ചേര്‍ന്ന് യേശുവിന്റെ രക്തത്തിനായി മുറവിളി കൂട്ടി. ''ഞാന്‍ ഇവനില്‍ ഒരു കുറ്റവും കാണുന്നില്ല, നിങ്ങള്‍ ഇവനെ ക്രൂശിക്കുവിന്‍''. ഇതായിരുന്നു പിലാത്തോസിന്റെ വിധി. നിരപരാധിയെ ശിക്ഷിച്ചുകൊണ്ടുള്ള ലോകചരിത്രത്തിലെ ആദ്യത്തെ വിധി. ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നു പറഞ്ഞ് പിലാത്തോസ് കൈ കഴുകി. ക്രൂശിക്കപ്പെടുകയും അടക്കപ്പെടുകയും ചെയ്ത യേശുനാഥന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുനേറ്റു. നാല്‍പതാം ദിവസം ദൈവസന്നിധിയിലേക്ക് സ്വര്‍ഗാരോഹണവും ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.