കേച്ചേരി പറഞ്ഞത്

Saturday 4 April 2015 8:29 pm IST

? ബാല്യകാല ഓര്‍മകളില്‍ സംഗീതത്തിന്റെ പശ്ചാത്തലം എന്തെങ്കിലുമുണ്ടോ = മാപ്പിളപ്പാട്ടിന്റെ അരമണി കിലുങ്ങുന്ന കേച്ചേരി എന്ന ഗ്രാമത്തിലാണ് ഞാന്‍ കണ്ണുതുറന്നത്. തൃശൂര്‍ ജില്ലയിലെ മേക്കപ്പ് ഇടാത്ത ഒരു കൊച്ചുഗ്രാമമാണ് കേച്ചേരി. അരപ്പട്ടിണിയുള്ള കുടുംബങ്ങളായിരുന്നു എന്റെ വീടിനു ചുറ്റും. അവരില്‍ പലരും എന്റെ വീട്ടിലും ഞങ്ങളുടെ കൃഷിയിടങ്ങളിലും ജീവിക്കുന്നവരായിരുന്നു. ഭക്ഷണക്ഷാമം മറന്ന് മാപ്പിളപ്പാട്ടിന്റെ ലഹരിയില്‍ ജീവിക്കുന്ന എന്റെ നാട്ടുകാര്‍ ശാരീരികമായി പട്ടിണിയിലും എന്നാല്‍ പാട്ടിന്റെ ലഹരിയില്‍ ജീവിക്കുന്നവരുമായിരുന്നു. ജനങ്ങളുടെ ചലനങ്ങളില്‍പ്പോലും മാപ്പിളപ്പാട്ടിന്റെ 'കമ്പിയും കഴുത്തും' കൈകോര്‍ത്തുകൊണ്ടിരുന്നതിനാല്‍ അവര്‍ക്കൊപ്പം പാടുവാന്‍ ഞാനും കൂടുമായിരുന്നു. ആ നാട്ടിന്‍പുറത്തെ ഏറ്റവും വലിയ മാപ്പിളക്കവിയായിരുന്നു എരങ്കുളം അഹമ്മദ് വൈദ്യര്‍. അദ്ദേഹത്തിന്റെ മകള്‍ നജ്മക്കുട്ടിയുമ്മയാണ് എന്റെ മാതാവ്. മുലപ്പാലോടൊപ്പം ആ ഉമ്മ മാപ്പിളപ്പാട്ടിന്റെ അമൃതും എന്റെ ചുണ്ടില്‍ ഇറ്റിച്ചുതരുമായിരുന്നു. ആ നാട്ടിലെ ഏറ്റവും വലിയ കൃഷിക്കാരനും വ്യാപാരിയുമായിരുന്ന ചീമ്പയില്‍ അഹമ്മദ് ആയിരുന്നു എന്റെ ഉപ്പ. ജനനം 1934 മെയ് മാസം 16 ന്. ? കുടുംബത്തില്‍ സാഹിത്യപശ്ചാത്തലമുള്ളവര്‍ ആരെങ്കിലും = ഇത്രമാത്രമാണ് എന്റെ കുടുംബത്തിലെ സാഹിത്യപശ്ചാത്തലം. എന്നാല്‍ എന്റെ വന്ദ്യജ്യേഷ്ഠന്‍ എ.വി.മുഹമ്മദ് ഒരു സ്വാതന്ത്ര്യസമരഭടനായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന കെ.പി.മാധവന്‍ നായര്‍, ലീഡര്‍ കെ.കരുണാകരന്‍ എന്നിവര്‍ എന്റെ കാവ്യവാസനയെ തട്ടിയുണര്‍ത്തിയ ധന്യാത്മാക്കളാണ്. അവര്‍ ആദ്യം കൊച്ചി രാജ്യപ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചുപോന്നു. ടി.എസ്.ബന്ധു, എം.കെ.രാജ, എം.വി.അബൂബക്കര്‍ മുതലായ അനേകം നേതാക്കളും എന്റെ ബാല്യകാല കാവ്യകൗതുകത്തെ ലാളിച്ചുപോന്നവരാണ്. ? അക്കാലത്ത് അങ്ങയെ പ്രചോദിപ്പിച്ച, മോഹിപ്പിച്ച കവികള്‍ ആരൊക്കെയായിരുന്നു = തുറന്നുപറയാം, മഹാകവി കുമാരനാശാനെപ്പോലെ എന്നെ ആഴത്തില്‍ സ്വാധീനിച്ച മറ്റൊരു കവിയുമില്ല. താന്‍ മുറുകെപ്പിടിച്ച ആദര്‍ശങ്ങളോടൊപ്പം കവിതയുടെ ആര്‍ജവവും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ആശാനോളം സാധിച്ച മറ്റൊരു കവിയേയും എനിക്ക് പരിചയമില്ല. സംസ്‌കൃതഭാഷയിലുള്ള പാണ്ഡിത്യം ആശാനെ കവിതയുടെ തുംഗസ്ഥലികളെ പരിചയപ്പെടുത്തി. ആ വഴിയേ പോകാനാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. അക്കാരണത്താല്‍ത്തന്നെ ഞാനും പത്താംക്ലാസ് കഴിഞ്ഞതിനുശേഷവും സംസ്‌കൃതപഠനം തുടര്‍ന്നുപോന്നു. എന്റെ നാട്ടുകാരനായ ഭരതപ്പിഷാരടി, കേരളവര്‍മ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന കെ.പി.നാരായണപ്പിഷാരടി എന്നിവര്‍ തുടര്‍ന്നും എന്നെ സംസ്‌കൃതത്തിന്റെ ഉപരിപാഠങ്ങള്‍ പഠിപ്പിച്ചു. അഹംഭാവമില്ലാതെ പറയട്ടെ, മലയാളം തെറ്റു കൂടാതെയും ശക്തിയോടുകൂടിയും എഴുതുവാന്‍ സാധിക്കണമെങ്കില്‍ തെല്ലെങ്കിലും സംസ്‌കൃതഭാഷാ പരിജ്ഞാനം കൂടിയേ തീരൂ. ? കവിതയെഴുത്തിലെ ശീലങ്ങള്‍ ഒന്നു വ്യക്തമാക്കാമോ = ആത്മാവിനേയും ശരീരത്തേയും വേറിട്ടു നിര്‍ത്തി ശ്രമകരമായ പഠനങ്ങള്‍ നമ്മുടെ മഹര്‍ഷിമാര്‍ നടത്തിയിട്ടുണ്ട്. ദ്വാ സുപര്‍ണാ സയുജാ സഖായ എന്ന ശ്രുതിവാക്യം ശ്രദ്ധിക്കുക. എന്നാല്‍, എല്ലാം ബ്രഹ്മത്തില്‍ ഉള്‍ക്കൊള്ളുന്നു എന്ന അഭേദചിന്തയാണ് മുറുകെ പിടിക്കേണ്ട ഏക ദൈവസിദ്ധാന്തം, നേഹ നാനാസ്തി കിഞ്ചന. ? കവിതയുടെ ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരുന്നതെങ്ങനെയാണ് = സ്വപ്നസമാനമായ ചില അപൂര്‍വജാഗ്രനിമിഷങ്ങള്‍! അവയില്‍ ചിലപ്പോള്‍ വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ ഒരു സ്വര്‍ണക്കുമിള സ്‌ലോമോഷനില്‍ ഇറങ്ങിവരാറുള്ളതായി എനിക്ക് അനുഭവപ്പെടാറുണ്ട്. ആ കുമിള എന്റെ ക്യാച്ച്‌മെന്റ് ഏരിയായില്‍ എത്തിയാല്‍ ഞാനതിനെ കടന്നുപിടിക്കുന്നു, എന്റേതാക്കുന്നു. അതാണ് എന്റെ കവിതയുടെ മൂലകന്ദം. പിന്നീട് മാനസികമായ ചില പ്രക്രിയകളിലൂടെ ആ കന്ദം ഹൃദയത്തില്‍ വേരൂന്നി മേലോട്ടു വളര്‍ന്ന് തളിരും താരും ഫലങ്ങളും അണിയുന്നു. ഇതാണെന്റെ കവിത. ? എഴുതാന്‍ പലര്‍ക്കും പല രീതികളുണ്ട്. ചിലര്‍ അര്‍ദ്ധരാത്രിയിലാണ് സര്‍ഗരചനയില്‍ മുഴുകുന്നത്. മറ്റുചിലര്‍ക്ക് അതിരാവിലെയാണ് എഴുത്തിന്റെ മുഹൂര്‍ത്തം. ഇനിയും ചിലര്‍ക്ക് പുറത്തെ ബഹളങ്ങളോ ആള്‍ക്കൂട്ടമോ ഒന്നുംതന്നെ എഴുത്തിന് പ്രതിബന്ധമാകുന്നില്ല. അങ്ങയുടെ അനുഭവം. = എഴുത്തില്‍ മുഴുകിക്കഴിഞ്ഞാല്‍ പിന്നെ രാവേത് പകലേത് എന്നൊന്നും ഞാന്‍ അറിയാറില്ല. ഞാനും എന്റെ കവിതയും ഒരൊറ്റ ബിന്ദുവില്‍ ചേര്‍ന്നലിയുന്ന നിമിഷങ്ങളിലെ എനിക്ക് എഴുത്തിന്റെ നിര്‍വൃതി ബോധ്യപ്പെടാറുള്ളൂ. അതും എഴുതിക്കഴിഞ്ഞ് തിരുത്തലും ചിന്തേരിടലും കഴിഞ്ഞ് പിന്നീടുള്ള വായനയാണ് കാളിദാസന്‍ പറഞ്ഞതുപോലെയുള്ള മധുവ്രതം (പൂവില്‍ വന്നിരുന്ന് മധുവുണ്ണുന്ന വണ്ടത്താന്റെ രതികൂജനം). ? അങ്ങയുടെ നാലുവരി ഗാനമെങ്കിലും മൂളാത്ത മലയാളി ഇല്ലതന്നെ. കവിത എന്തുകൊണ്ടായിരിക്കാം അത്രമേല്‍ ജനഹൃദയങ്ങളില്‍ ഇറങ്ങിച്ചെല്ലാത്തത്. = ഗാനം പ്രയുക്തകാവ്യമാണ്. ഒരു പ്രത്യേക ചലച്ചിത്ര കഥാ സന്ദര്‍ഭത്തില്‍ ഒരു പ്രത്യേക കഥാപാത്രത്തിന് പാടാന്‍വേണ്ടി മെനഞ്ഞുണ്ടാക്കുന്ന ഈരടികളാണ് ഗാനം. കവിതയാകട്ടെ, സന്ദര്‍ഭനിരപേക്ഷമായി കവിഹൃദയത്തില്‍ നിന്നും സ്വയം പൊട്ടിയൊഴുകുന്നവയാണ്. ? കവിതാരചനയും ഗാനരചനയും അങ്ങയെ സംബന്ധിച്ച് എങ്ങനെയാണ് വേറിട്ടുനില്‍ക്കുന്നത് = തൊട്ടുമുന്‍പ് സൂചിപ്പിച്ച വ്യത്യാസത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ടും ഒന്നുതന്നെയാണ്. ചലച്ചിത്ര കഥാപാത്രം പാടുന്നത് ഗാനം, കവി അനപേക്ഷിതമായി പാടുന്നത് കവിത. ? അനുഗൃഹീത കവി, അനുഗൃഹീത ഗാനരചയിതാവ്. ഇതില്‍ അങ്ങ് അറിയപ്പെടാനാഗ്രഹിക്കുന്നത് ഏതുപേരിലാണ് (മലയാളികളെ സംബന്ധിച്ച് അങ്ങ് ഇതു രണ്ടുമാണെങ്കിലും.) = ഞാന്‍ വിനീതനായ ഒരു കവിയശഃപ്രാര്‍ഥിയാണ്. ഈ ലക്ഷ്യം നേടാന്‍ വേണ്ടി ഞാന്‍ മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകള്‍ ആവുംവിധം സ്വായത്തമാക്കി. ഇന്നു കേള്‍ക്കുന്ന ചില മലയാളഗാനങ്ങളില്‍ 'പ്രതിദിനമനു, ജാതവേദാഗ്നി, കടലോരതീരം, തിരികെ മടങ്ങുന്നു' മുതലായ ഭാഷാവൈകല്യങ്ങള്‍ എന്റെ കൃതികളെ തീണ്ടാതിരിക്കുവാനുള്ള കാരണവും ഈ സംസ്‌കൃതപഠനം മാത്രമാണ്. ദൈന്യത (ദൈന്യം മതി), ജാള്യത (ജാള്യം മതി), വൈരാഗ്യം (വൈരം മതി) അങ്ങനെ എത്രയോ തെറ്റുകളാണ് നാം പണ്ഡിതരെന്നു കരുതുന്ന ചിലര്‍ വരുത്തിവയ്ക്കുന്നത്. ? കള്ളനാണയങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിലസുന്നത് കവിതയുടെ ലേബലിലാണെന്നു തോന്നുന്നു. 'വായില്‍ തോന്നിയത് കോതയ്ക്കുപാട്ട് എന്ന മാതിരി. എഴുതപ്പെടുന്ന പുതുരീതി ശ്രദ്ധിച്ചിരിക്കുമല്ലോ. = ഈ ചോദ്യത്തില്‍ത്തന്നെയുണ്ടല്ലോ സമീചീനമായ ഉത്തരവും. ? മാറുന്ന കാലത്തില്‍ കവിതയും മാറണമെന്ന അഭിപ്രായമുണ്ടോ = ആയിരം കൊല്ലം കഴിഞ്ഞാലും അന്നത്തെ സൂര്യോദയവും ഭംഗിയുറ്റതും മനുഷ്യോപകാരപ്രദവുമായിരിക്കും. ? പുതു കവികള്‍ കവിതകളെക്കാള്‍ കൂടുതലായി വ്യക്തിപ്രഭാവത്തിലാണ് മിടുക്കുകാണിക്കുന്നത്. = വ്യക്തിപ്രഭാവത്തെക്കാള്‍ കൂടുതലായി മാഫിയാപ്രഭാവവും ചില കവികളുടെ കൂട്ടായ്മയും ഇവിടെ കാഴ്ചവെക്കാറുണ്ടെന്ന് സൂക്ഷ്മദൃഷ്ടികള്‍ക്കു കാണാം. ? കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ സംഭവബഹുലമായ ജീവിതത്തിലേക്ക് ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു = തിന്മകളേക്കാള്‍ കൂടുതലായി നന്മകളാണ് എന്റെ ഉപാദാനങ്ങള്‍ എന്നു ഞാന്‍ അഭിമാനിക്കട്ടെ.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.