ആഴ്‌സണലിന് മുന്നില്‍ ലിവര്‍പൂള്‍ വീണു

Saturday 4 April 2015 8:49 pm IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തില്‍ ലിവര്‍പൂള്‍ വീണു. കരുത്തരായ ആഴ്‌സണലിന് മുന്നിലാണ് ലിവര്‍പൂള്‍ കീഴടങ്ങിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിനെതിരെ ഗണ്ണേഴ്‌സിന്റെ പടയോട്ടം. ആഴ്‌സണലിന് വേണ്ടി ബല്ലേറിന്‍, ഓസില്‍, സാഞ്ചസ്, ഒളിവര്‍ ഗിറൗഡ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ലിവര്‍പൂളിന്റെ ഗോള്‍ പെനാല്‍റ്റിയിലൂടെ ഹെന്‍ഡേഴ്‌സന്റെ വകയായിരുന്നു. 84-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ എംറെ കാന്‍ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. മാര്‍ച്ച് 22ന് നടന്ന കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 2-1ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയല്‍ ടോട്ടനത്തോട് 2-1ന് പരാജയപ്പെട്ടശേഷം ഗണ്ണേഴ്‌സ് തോല്‍വിയറിഞ്ഞിട്ടില്ല. വിജയത്തോടെ ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 31 കളികളില്‍ നിന്ന് 63 പോയിന്റാണ് ആഴ്‌സണലിനുള്ളത്. 30 കളികളില്‍ നിന്ന് 60 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്നലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറി പോരാട്ടത്തില്‍ പന്ത് കൂടുതല്‍ കൈവശം വച്ചത് ലിവര്‍പൂള്‍ താരങ്ങളായിരുന്നു. എന്നാല്‍ കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് ഗണ്ണേഴ്‌സായിരുന്നു. കളിയിലുടനീളം അവര്‍ പായിച്ച 16 ഷോട്ടുകളില്‍ 10 എണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയപ്പോള്‍ ലിവര്‍പൂള്‍ താരങ്ങള്‍ക്ക് രണ്ട് തവണ മാത്രമാണ് ഗണ്ണേഴ്‌സ് ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. കളിതുടങ്ങി അഞ്ച് മിനിറ്റ് പിന്നിടുന്നതിന് മുന്നേ മൂന്ന് തവണ ആഴ്‌സണല്‍ ഗോളിനടുത്തെത്തി. 20-ാം സെക്കന്റില്‍ ബോക്‌സിന് പുറത്തുനിന്ന് അലക്‌സി സാഞ്ചസ് പറത്തിയ വലംകാലന്‍ ഷോട്ട് പോസ്റ്റിനെ ഉരുമ്മി പുറത്തേക്ക് പറന്നപ്പോള്‍ സാന്റിയാഗോ കസറോളയുടെയും ആരോണ്‍ റംസിയുടെയും ഷോട്ടുകള്‍ ലിവര്‍പൂള്‍ ഗോളി രക്ഷപ്പെടുത്തി. 19-ാം മിനിറ്റിലാണ് ലിവര്‍പൂള്‍ താരങ്ങളുടെ ആദ്യ ആസൂത്രിത ആക്രമണം ഉണ്ടായത്. എന്നാല്‍ റഹിം സ്റ്റര്‍ലിങിന്റെ ഷോട്ട് പുറത്തേക്ക്പറന്നു. തൊട്ടുപിന്നാലെ രണ്ട് അവസരങ്ങള്‍ കൂടി ലഭിച്ചെങ്കിലും കൗടീഞ്ഞോയും സ്റ്റര്‍ലിങും പാഴാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റില്‍ ഗണ്ണേഴ്‌സ് ലീഡ് നേടി. ആരോണ്‍ റംസിയുടെ പാസില്‍ നിന്ന് ഹെക്ടര്‍ ബെല്ലെറിന്‍ പായിച്ച ഇടംകാലന്‍ ഷോട്ടാണ് ലിവര്‍പൂള്‍ ഗോൡമിഗ്‌നോലെറ്റിനെ മറികടന്ന് വലയില്‍ പതിച്ചത്. രണ്ട് മിനിറ്റിനുശേഷം സുന്ദരമായ ഇടംകാലന്‍ ഫ്രീകിക്കിലൂടെ മെസ്യൂട്ട് ഓസില്‍ ഗണ്ണേഴ്‌സിന്റെ ലീഡ് ഉയര്‍ത്തി. പിന്നീട് 45-ാം മിനിറ്റില്‍ ആരോണ്‍ റംസിയുടെ പാസ് സ്വീകരിച്ച് അലക്‌സി സാഞ്ചസ് ബോക്‌സിന് പുറത്തുനിന്ന് പറത്തിയ വലംകാലന്‍ ഷോട്ടും വലയില്‍ കയറിയതോടെ ഗണ്ണേഴ്‌സ് 3-0ന് മുന്നിലെത്തി. എട്ട് മിനിറ്റിനിടെയായിരുന്നു ഈ മൂന്നു ഗോളുകളും പിറന്നത്. രണ്ടാം പകുതിയിലും ആഴ്‌സണല്‍ താരങ്ങളുടെ മുന്നേറ്റമാണ് മൈതാനത്ത് കണ്ടത്. 51, 55 മിനിറ്റുകളില്‍ ഒളിവര്‍ ഗിറൗഡിന്റെ രണ്ട് ഷോട്ടുകള്‍ ലിവര്‍പൂള്‍ ഗോളി രക്ഷപ്പെടുത്തി. ഇതിനിടെ ലിവര്‍പൂള്‍ താരം സ്റ്റര്‍ലിങിന്റെ ഷോട്ട് പുറത്തേക്കും പറന്നു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ഉണ്ടായി. എന്നാല്‍ 76-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കി. റഹിം സ്റ്റര്‍ലിങിനെ ഹെക്ടര്‍ ബെല്ലെറിന്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഹെന്‍ഡേഴ്‌സണ്‍ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ആഴ്‌സണലിന്റെ ഡാനി വെല്‍ബാക്കിന്റെ ഒരു ശ്രമവും ലിവര്‍പൂള്‍ ഗോളി വിഫലമാക്കി. 90-ാം മിനിറ്റില്‍ കസറോളയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതിന് തൊട്ടുപിന്നാലെ ഒളിവര്‍ ഗിറൗഡ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ തറച്ചുകയറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.