വെല്ലിംഗ്ടണ്‍: മെയ്മാസത്തില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമില്‍ ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലും പേസ് ബൗളര്‍ മാറ്റ് ഹെന്റിയും ഇടംപിടിച്ചു. മാറ്റ് ഹെന്റി ആദ്യമായാണ് കിവീസ് ടെസ്റ്റ് ടീമില്‍ ഇടംപിടിക്കുന്നത്. ജെയിംസ് നീഷാമിനേറ്റ പരിക്കാണ് ഹെന്റിക്ക് തുണയായത്.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗുപ്റ്റിലും ടീമില്‍ ഇടംപിടിക്കുന്നത്. 2013-ല്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്സിലാണ് ഗുപ്റ്റില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഈ ടെസ്റ്റില്‍ ന്യൂസിലാന്റ് 247 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ 1, 3 എന്നിങ്ങനെയായിരുന്നു ഗുപ്റ്റിലിന്റെ സ്കോര്‍. ഇതോടെയാണ് താരം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായത്.
ഏകദിനത്തിനുള്ള ടീമില്‍ ഓള് റൗണ്ടര്‍ മിച്ചല്‍ സാന്റ്നറാണ് പുതുമുഖം. ട്വന്റി 20 ടീമിലും മിച്ചലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലെയും നായകനായി ബ്രണ്ടന്‍ മക്കല്ലത്തെ നിലനിര്‍ത്തി. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യും അടങ്ങിയതാണ് പരമ്പര. ഇക്കഴിഞ്ഞ ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോയ ആഡം മില്‍നെയെ ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരമ്പരയിലെ ആദ്യ ടെസ്റ്റ് മെയ് 21ന് ലോര്ഡിസിലും രണ്ടാം ടെസ്റ്റ് 29ന് ഹെഡിങ്ലിയിലും ആരംഭിക്കും. ജൂണ്‍ ഒമ്പതിനാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനം. ജൂണ്‍ 23ന് ഏക ട്വന്റി 20യും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: