കോഴിക്കോട്: പല കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന പെണ്‍കുട്ടികള്‍ക്ക് താങ്ങായി ബാലികാസദനങ്ങള്‍ ഉണ്ടാകുന്നത് പ്രതീക്ഷ നല്‍കുന്നതായി നടന് സുരേഷ് ഗോപി. സേവാഭാരതിയുടെ ഇത്തരം സംരംഭങ്ങള്‍ സമൂഹത്തിനു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ചെറുവറ്റയില്‍ സേവാഭാരതി ബാലികാ സദനത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ കേരളത്തിലെ വീടുകള്‍ ബാറുകളായി മാറുന്ന സാഹചര്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതായിരുന്നുവെന്ന് നടന് സുരേഷ്ഗോപി പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തിന് താന്‍ എതിരല്ല. എന്നാല്‍ ബാറുകള്‍ പൂട്ടുന്നതോടെ വീടുകളില്‍ വെച്ച് മദ്യപിക്കുന്ന സാഹചര്യം വര്‍ദ്ധിക്കും. ഇത് വീടുകളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വത്തെ ബാധിക്കും. മദ്യപിച്ച് ലക്കുകെട്ട് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്ത പുരുഷന്മാരെച്ചൊല്ലി വേദന തിന്നുന്നവരാണ് നമ്മുടെ നാട്ടിലെ മിക്ക സ്ത്രീകളും. പുതിയ സാഹചര്യം വീടുകളില്‍ സ്ത്രീസുരക്ഷ കൂടുതല്‍ അപകടത്തിലാക്കും. ഇതു സര്‍ക്കാര്‍ പരിഗണിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേവാഭാരതി ജില്ലാ അദ്ധ്യക്ഷന്‍ ഡോ. പി. രാമകൃഷ്ണന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ മാധവന്‍കുട്ടിയുടെ ഭാര്യ കമലാ മാധവന്‍കുട്ടിയുടെ സ്മരണയ്ക്കായുള്ള ബ്ലോക്കിന്റെയും എല്‍ഐസിയുടെ സഹായത്തോടെ നിര്‍മ്മിച്ച ബ്ലോക്കിന്റെയും ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വ്വഹിച്ചു. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന് അഡ്വ. കെ.എ. ഹസ്സന് മുഖ്യപ്രഭാഷണം നടത്തി. സേവാഭാരതി സ്മരണികയുടെ പ്രകാശനം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി. രമേശിനു നല്കി സുരേഷ്ഗോപി നിര്‍വ്വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയോടനുബന്ധിച്ച് സേവാഭാരതി ആരംഭിക്കുന്ന ധന്വന്തരി സേവാകേന്ദ്രത്തിനുള്ള ആദ്യതുക ഡോ. കെ. മാധവന്‍കുട്ടി കൈമാറി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ സുരേഷ് ഗോപിക്ക് ഉപഹാരം സമ്മാനിച്ചു.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എല്‍ഐസി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ജി. വെങ്കട്ടരമണന്, എംഎല്‍എ മാരായ എ.കെ. ശശീന്ദ്രന്, പി.ടി.എ. റഹിം, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള, സേവാഭാരതി രക്ഷാധികാരിയും ഭാരതീയ വിദ്യാഭവന് കോഴിക്കോട് കേന്ദ്രം ചെയര്‍മാനുമായ ഡോ. കെ. മാധവന്‍കുട്ടി, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗം ടി.കെ. പരീക്കുട്ടി ഹാജി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ഷാജികുമാര്‍, അക്കിനാരി മുഹമ്മദ്, എല്‍ഐസി മാര്‍ക്കറ്റിംഗ് മാനേജര്‍ പി. ബിജു, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം അങ്കത്തില്‍ അജയകുമാര്‍, ബിജെപി കലാസാംസ്കാരിക വിഭാഗം കണ്‍വീനര്‍ ഗോപന് ചെന്നിത്തല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി സി. ഗംഗാധരന് സ്വാഗതവും ബാലികാസദനം പ്രസിഡന്റ് ടി. സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: