പി. കൃഷ്ണപിള്ളയ്ക്ക് കിട്ടാത്ത 'നീതി' വിഎസ് വിരുദ്ധ നീക്കത്തിന്

Sunday 5 April 2015 8:47 pm IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസില്‍ വര്‍ഷം ഒന്നര പിന്നിട്ടിട്ടും അന്വേഷണ കമ്മീഷനെ നിയോഗിക്കാത്ത സിപിഎം ഔദ്യോഗിക നേതൃത്വം വിഎസ് വിരുദ്ധ നീക്കത്തിന് 24 മണിക്കൂറിനുള്ളില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാകുന്നു. കഴിഞ്ഞ 29നാണ് സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ വിലക്കിനെ മറികടന്ന് മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മറ്റിയംഗവുമായ വി.എസ്. അച്യുതാനന്ദന്‍ മാന്നാറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. അന്തരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കുടുംബത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗങ്ങളായ സ്വാശ്രയ സംഘം നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്നതിനാണ് വിഎസ് എത്തിയത്. സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ഭീഷണി തള്ളി ഏരിയ, ലോക്കല്‍, ബ്രാഞ്ച് നേതാക്കളടക്കം ആയിരത്തിലേറെ പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.പിറ്റേന്ന് കൂടിയ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. വിഎസ് പക്ഷത്തെ ഔദ്യോഗിക വിഭാഗത്തിന്റെ കരുത്ത് കാട്ടാന്‍ വിഎസിന്റെ പരിപാടി നടന്ന അതേസ്ഥലത്ത് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് യോഗം നടത്താനും തീരുമാനിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം കത്തിച്ച കേസില്‍ 'സഖാക്കള്‍' ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സിപിഎം തയാറായിട്ടില്ല. 2013 ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെയാണ് സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്. കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി, കഞ്ഞിക്കുഴി ഏരിയ കമ്മറ്റി, ജില്ലാ കമ്മറ്റി, ടി.കെ. പളനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍, കേസിലെ ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രന്‍ തുടങ്ങി വാദികളും പ്രതികളും അടക്കമുള്ളവര്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. പക്ഷേ യാതൊരു നടപടിയുമുണ്ടായില്ല. ഒടുവില്‍ പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വന്ന ശേഷം അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പുതിയ സംസ്ഥാന സെക്രട്ടറി ചുമതലയേറ്റിട്ടും പഴയ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രം പ്രതികളായ കേസില്‍ സത്യം എന്താണെന്ന് കണ്ടെത്തി അണികളെ ബോദ്ധ്യപ്പെടുത്താന്‍ തയാറാകാത്ത ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ട്. നിലവില്‍ കേസിലെ പ്രതികളെല്ലാം വിഎസ് പക്ഷക്കാരാണ്. പാര്‍ട്ടി തലത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ ഔദ്യോഗിക പക്ഷത്തെ പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കാത്തതെന്ന് വിഎസ് പക്ഷം ഒറ്റപ്പെടുത്തുന്നു. പാര്‍ട്ടിയിലെ വിഭാഗീയ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് കമ്മീഷനെ പോലും നിയമിക്കുന്നതെന്നും വിഎസ് പക്ഷം വെളിപ്പെടുത്തുന്നു. ടിപി വധക്കേസില്‍ പ്രകാശ് കാരാട്ട് അദൃശ്യ അന്വേഷണ കമ്മീഷനെ നിയോഗിച്ചതും ഇതേ രീതിയിലായിരുന്നു. ഒടുവില്‍ കോടതി ശിക്ഷിച്ച ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.സി. രാമചന്ദ്രനെ മാത്രം പഴിചാരി ഉന്നത നേതാക്കളെ കമ്മീഷന്റെ മറവില്‍ സംരക്ഷിക്കുകയും ചെയ്തു. അതിനിടെ പാര്‍ട്ടിയില്‍ വിഎസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാക്കമ്മറ്റി യോഗം ചേരും. പാര്‍ട്ടിയുടെ വിലക്കിനെ മറികടന്ന് 26ന് മുഹമ്മ കല്ലാപ്പുറത്തെ സമന്വയ വായനശാലയുടെ കെട്ടിടോത്ഘാടനത്തിന് വിഎസ് എത്തുന്നത് പാര്‍ട്ടിക്ക് അടുത്ത തലവേദനയായി. വിഎസ് അനുകൂലികളാണ് വായനശാലയുടെ ഭാരവാഹികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.