കുരങ്ങുപനി: മൂന്നു പേരുടെ നില ഗുരുതരം

Sunday 5 April 2015 8:49 pm IST

കല്‍പ്പറ്റ: ബത്തേരി താലൂക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ കുരങ്ങുപനി ഭീഷണിക്ക് ശമനമായില്ല. ഇപ്പോള്‍ ഒന്‍പത് പേര്‍ ചികില്‍സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരവുമാണ്. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ള സിന്ധുവെന്ന ആദിവാസി യുവതി ദിവസങ്ങളായി അബോധാവസ്ഥയിലാണ്. മരണാസന്ന സ്ഥിതിയിലുള്ളവരുടെ തുടര്‍ ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ലോകത്താദ്യമായി കര്‍ണാടകയില്‍ കണ്ടെത്തിയ ഈ രോഗത്തിന്റെ ചികിത്സ സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പൊതുവായ ചികിത്സാ ക്രമം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സയെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ അവസ്ഥ സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നല്‍കാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. സര്‍ക്കാര്‍ കണക്ക് പ്രകാരം കുരങ്ങുപനി മൂലം മരിച്ചവരുടെ എണ്ണം ഏഴാണ്. ഇതില്‍ അഞ്ച് പേരും ആദിവാസികളാണ്. എന്നാല്‍ കുരങ്ങു പനി ബാധിച്ച് ഇക്കഴിഞ്ഞ ജനുവരി ആദ്യ ആഴ്ച മുതല്‍ മാര്‍ച്ച് ആദ്യ ആഴ്ച വരെ മരിച്ചവര്‍ 11 എന്നാണ് അനൗദ്യോഗിക കണക്ക്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് സഹായധനം പ്രഖ്യാപിച്ചത്. ഇതില്‍ പൊതു വിഭാഗത്തില്‍പ്പെട്ട രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം വീതം കൊടുത്തു. മരണപ്പെട്ട അഞ്ച് ആദിവാസികളുടെയും കുടുംബങ്ങള്‍ക്ക് ഒരോ ലക്ഷം രൂപ വീതമേ ഇതുവരെ നല്‍കിയിട്ടുള്ളു. ശേഷിക്കുന്ന ഓരോ ലക്ഷം രൂപ വീതം ഇന്ന് വിതരണം ചെയ്യണമെന്ന് കുരങ്ങുപനി അവലോകനത്തിനായി വയനാട് കലക്‌ടേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വെച്ച് മന്ത്രി പി കെ ജയലക്ഷ്മി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുക യഥാസമയം ലഭ്യമായില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.