പൂണൂല്‍ കല്യാണം നടത്താന്‍ ഭാരതയാത്ര

Sunday 5 April 2015 8:50 pm IST

തിരുവനന്തപുരം: സാമൂഹികസമത്വം ലക്ഷ്യമിട്ട് ബ്രാഹ്മണരാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍ക്ക് പൂണൂല്‍ കല്യാണം നടത്താന്‍ രണ്ടാം ഭാരതയാത്രക്കൊരുങ്ങുന്ന സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ കെ.കെ.ശരച്ചന്ദ്രബോസ് പതിനായിരം പൂണൂലിന് ഓര്‍ഡര്‍ നല്‍കി. വടക്കന്‍ മലബാറിലെ പയ്യന്നൂരില്‍നിന്നും മേയ് 9നാണ് രണ്ടാം ഭാരതയാത്ര ആരംഭിക്കുക. ഒന്‍പത് അടി ഉയരവും അഞ്ഞൂറുകിലോയിലധികം ഭാരവുമുള്ള പഞ്ചമുഖ ബ്രഹ്മാവിന്റെ വിഗ്രഹത്തിനെ സാക്ഷിനിര്‍ത്തി പരസ്യമായാണ്  സമൂഹ ഉപനയനം നടത്തുകയെന്നും വിഗ്രഹത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായും  ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ അഡ്വ.ബോസ് പറഞ്ഞു. ഭാരതയാത്രയില്‍ ഹൈന്ദവ ആചാര്യന്‍മാരാണ് ഉപനയനത്തിന് നേതൃത്വം നല്‍കുക. വേദകാലഘട്ടത്തിനുമുന്‍പുള്ള ആചാരപ്രകാരം പൂണൂല്‍ ധരിക്കാന്‍ സന്നദ്ധരാകുന്ന വ്യക്തികള്‍ക്ക് ഉപനയനം നടത്തുന്നതിന് ആദ്യഘട്ടത്തില്‍ പതിനായിരം പൂണൂലിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇത്രയും പൂണൂല്‍ തയ്യാറാക്കുന്നതിന് ഒരുമാസം വേണ്ടിവരും. 'ബ്രഹ്മജ്ഞാനമുള്ളവന്‍ ബ്രാഹ്മണന്‍' എന്ന വചനപ്രകാരം എല്ലാവരും ബ്രാഹ്മണരാണെന്ന് തെളിയിക്കുന്നതിനുള്ള ദൗത്യമേറ്റെടുത്ത അഡ്വ. ബോസ് ദക്ഷിണ കര്‍ണാടകത്തിലെ മാംഗല്‍രിലെ ഫാക്ടറിയിലാണ് പൂണുലിന് ഓര്‍ഡര്‍ നല്‍കിയത്. ജാതിമത ചിന്തകള്‍ക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ജൂണ്‍ 9ന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച ഒന്നാം പര്യടനം ആഗസ്റ്റ് 1 ന് ന്യൂദല്‍ഹിയിലാണ് സമാപിച്ചത്. ഇന്ത്യയിലുടനീളം 18,000 കിലോമീറ്റര്‍ താണ്ടിയ ഭാരതയാത്രയില്‍ 34 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. രണ്ടാം ഭാരതയാത്രയ്ക്കു ശേഷവും സമൂഹഉപനയനം തുടരും.   സമൂഹ ഉപനയനത്തിനായി വേദകാലത്തിനുമുന്‍പുള്ള  ആചാരാനുഷ്ഠനങ്ങളില്‍ വിദഗ്ധരായ ഹൈന്ദവാചാര്യന്‍മാരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അഡ്വ.ബോസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.