സുപ്രീംകോടതി വിധി വിരല്‍ചൂണ്ടുന്നത്

Monday 6 April 2015 9:51 pm IST

സംവരണത്തിന്റെ മാനദണ്ഡം ജാതി മാത്രമല്ല,സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തണമെന്നുമുള്ള സുപ്രീംകോടതിവിധി നമ്മുടെ നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അസമത്വം ഒരു പരിധിവരെ പരിഹരിക്കാന്‍ ഉതകുന്നതായിരിക്കുമെന്ന് പ്രത്യാശിക്കാം. സ്വാതന്ത്ര്യം കിട്ടി ആറുപതിറ്റാണ്ട് കഴിഞ്ഞിട്ടും സമൂഹത്തില്‍ അസമത്വം നിലനില്‍ക്കുന്നത് ജനായത്ത ഭരണസമ്പ്രദായത്തിന്റെ വൈകല്യംകൊണ്ടാണ്. ഭരണഘടന നിലവില്‍വന്നശേഷം രണ്ടോ മൂന്നോ പതിറ്റാണ്ടുകഴിഞ്ഞ് സമൂഹത്തില്‍നിന്നും ഒഴിച്ചുവിടേണ്ട ജാതി-മത സംവരണം വോട്ടുബാങ്ക് ലക്ഷ്യംവെച്ചും ധനത്തോടുള്ള ആര്‍ത്തിയുംമൂലം ഇപ്പോഴും ശക്തമായി നിലനിര്‍ത്തുന്നു എന്നുമാത്രമല്ല സംവരണത്തിന്റെ വ്യാപ്തി പുതിയതലങ്ങളിേലക്കും വ്യാപിപ്പിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു. ഭാരതത്തില്‍ എട്ടൊന്‍പത് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ജാട്ട് വിഭാഗക്കാര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം കൊടുക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിന്യായത്തിലാണ് സംരവരണത്തിന്റെ മാനദണ്ഡം ജാതി മാത്രമല്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിനുമുമ്പ് ജാതിയും ഉപജാതിയുമായി എണ്ണിയാലൊടുങ്ങാത്ത ജാതീയസംഘടനകള്‍ നിലനിന്നിരുന്നു. അതൊക്കെ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിഭജനമായിരുന്നു. അന്ന് തൊട്ടുകൂടായ്മയും നിലനിന്നിരുന്നു. അത് ആ കാലഘട്ടത്തിന്റെ രീതിയായിരുന്നു. എങ്കിലും 1936 മുതല്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തതുമുതല്‍ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും സമൂഹത്തില്‍നിന്ന് മാഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. ഭാരതം സ്വതന്ത്രമാവുകയും ഭരണഘടന നിലവില്‍വരികയും ചെയ്തപ്പോള്‍ അതിനനുസരിച്ചുള്ള മാറ്റങ്ങളും സമൂഹത്തില്‍ ഉണ്ടായി. ജാതിവിവേചനം ഇല്ലാതാക്കാന്‍ ജാതിയെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഭരണഘടനാശില്‍പി അംബേദ്ക്കര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ധരിക്കാന്‍ ജാതിയിലധിഷ്ഠിതമായ സംവരണമാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. അപ്പോഴും അദ്ദേഹം പറയുന്നുണ്ട് ഈ ജാതി എന്നത് ഉപയോഗപ്രദമായ പ്രവര്‍ത്തനത്തില്‍നിന്ന് ആളുകളെ അകറ്റുന്ന, തളര്‍ത്തുന്ന, അശക്തരാക്കുന്ന വ്യവസ്ഥയാണെന്ന്. അതുകൊണ്ട് ഒരു താല്‍ക്കാലിക സംവിധാനമായിട്ടായിരുന്നു അസ്പൃശ്യരെ ഉദ്ധരിക്കാന്‍ ജാതി അധിഷ്ഠിത സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഈ സംവരണം എത്രനാള്‍ തുടരണമെന്ന് ക്ലിപ്തപ്പെടുത്താത്തതുകൊണ്ട് മാറിമാറി വരുന്ന ഭരണക്കാര്‍ ഈ ജാതിസംവരണനയം വോട്ടുബാങ്ക് ലക്ഷ്യംവച്ച് നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍തന്നെ സംവരണസമുദായങ്ങള്‍ വളരെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. അതുകൊണ്ട് ജാതിസംവരണം നിര്‍ത്തലാക്കേണ്ടതിനുപകരം ജാട്ടുകള്‍ക്കുകൂടി സംവരണം നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭവിഷ്യത്ഫലമാണ് യുപിഎ അനുഭവിക്കുന്നത്. മേല്‍ത്തട്ട് പരിധി ഉയര്‍ത്തുന്നതും അശരണരെ ഉയര്‍ത്താനല്ല. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം ഇവയില്‍ അധിഷ്ഠിതമാണ് നമ്മുടെ രാജ്യം എന്നു പറയുന്നുണ്ടെങ്കിലും ഭരണചക്രം തിരിച്ചിരുന്നത് ഒരുപിടി സമ്പന്നരും മതമേധാവികളും ഉപദേശിച്ചതനുസരിച്ചായിരുന്നു. അവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും അനുകൂലമായ ഒരു കാലാവസ്ഥ സൃഷ്ടിക്കലാണ് ജാതി സെന്‍സസ് 2012 കൊണ്ട് ഉദ്ദേശിച്ചത്. സ്വാതന്ത്ര്യം കിട്ടി ഷഷ്ഠിപൂര്‍ത്തിയാഘോഷിച്ചിട്ടും മത-ജാതി വ്യവസ്ഥകള്‍ അവസാനിപ്പിക്കാതെ രാഷ്ട്രീയപാര്‍ട്ടികളും മതമേധാവികളും ചേര്‍ന്ന് വോട്ടുബാങ്ക് ലക്ഷ്യംവെച്ച് ജാതിവ്യവസ്ഥ തുടര്‍ന്നും നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാന്‍ പറ്റുന്നതല്ല. സച്ചാര്‍കമ്മീഷന്‍ നിഗമനങ്ങളില്‍കൂടെ മുസ്ലിം സമൂഹത്തിലെ മൊത്തം ജനങ്ങളും ദരിദ്രരാണന്ന് നിഗമനത്തില്‍ ഖജനാവിന്റെ ഭൂരിഭാഗവും അവരിലെ സമ്പന്നര്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു. അതുപോലെ ഭാരതത്തിലുള്ള മുഴുവന്‍ ജനസമൂഹത്തിനെയുംകൊണ്ട് എണ്ണത്തിന്റെ കണക്കുപറയിച്ച് യഥാര്‍ത്ഥ അവകാശികളെ മാറ്റിനിര്‍ത്തി അതതു സമുദായത്തിന്റെ ഉന്നതശ്രേണികളില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം തട്ടിയെടുക്കാനും അവരില്‍തന്നെ അധികാരം സ്ഥാപിച്ചെടുക്കാനുള്ള ഒരു കുറുക്കുവഴിയാണ് ഈ ജാതി സെന്‍സസ്. ഇതിനൊക്കെ ചെലവഴിച്ച ധനംകൊണ്ട് വല്ല വ്യവസായശാലകള്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ നാട് കുറെക്കൂടി പുരോഗമിക്കുമായിരുന്നു. 17-3-15 ലെ സുപ്രീംകോടതിവിധി വിരല്‍ചൂണ്ടുന്നത് സാമ്പത്തിക സംവരണം എന്ന ആശയത്തിലേക്കാണ്. അഞ്ചുപതിറ്റാണ്ടിന് മുമ്പുതന്നെ ഭാരത കേസരി മന്നത്ത് പത്മനാഭന്‍ ഉയര്‍ത്തിയ 'സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തില്‍' എന്ന ആശയം സാക്ഷാല്‍ക്കരിക്കട്ടെ! സംവരണ വ്യവസ്ഥ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഏകലവ്യനും വ്യാസനും അംബേദ്ക്കറുമൊക്കെ ഉന്നതിയില്‍ എത്തിയത്. എസ്. രാധാകൃഷ്ണപിള്ള, ഓച്ചിറ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.