ജില്ലയിലെ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍

Monday 6 April 2015 10:38 pm IST

കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍. നല്ല വിളവ് ലഭിച്ചിട്ടും നെല്ല് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. നെല്ല് കൊയ്ത് മെതിച്ച് പാടശേഖരങ്ങളില്‍ തന്നെ മൂടിയിട്ടിട്ട് ആഴ്ചകളായി. ഇതുവരെയും നെല്ല് ഏറ്റെടുക്കാന്‍ പാഡി ഓഫീസര്‍മാര്‍ തയ്യാറായിട്ടില്ല. വേനല്‍മഴ കനത്തതോടെ പാടങ്ങളില്‍ വെള്ളം നിറഞ്ഞ് നെല്ല് നനഞ്ഞു കിളിര്‍ക്കാന്‍ ഇടയാകുമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു. പല കര്‍ഷകരുടെയും നെല്ല് മൂടയില്‍ കിടന്ന് കിളിര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അയ്മനം പഞ്ചായത്തിലെ മിക്ക പാടശേഖരങ്ങളിലും കര്‍ഷകര്‍ നെല്ലു കൂട്ടിയിട്ട് ഉദ്യോഗസ്ഥരെ കാത്തിരിക്കുകയാണ്. ആയിരക്കണക്കിന് കര്‍ഷകരാണ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തെതുടര്‍ന്ന് കഷ്ടത്തിലായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും വിളനഷ്ടം മൂലം പതിനായിരക്കണക്കിന് രൂപയാണ് ഓരോ കര്‍ഷകനും നഷ്ടമായത്. മില്ലുടമകളും പാഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് നെല്ല് ഏറ്റെടുക്കുന്നതിന് താമസം സൃഷ്ടിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്ലെടുക്കുന്ന പാടശേഖരങ്ങളിലെ കര്‍ഷരില്‍ നിന്ന് ക്വിന്റലിന് നാലു മുതല്‍ ആറു കിലോ വരെ നെല്ല് കുറവു വരുത്തിയാണ് എടുക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ നാലുതോട്, പുത്തന്‍കരി, തൊള്ളായിരം, തുടങ്ങിയ പാടശേഖരങ്ങളിലെ കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കാന്‍ താമസിക്കുന്നതില്‍ ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. നെല്ലെടുക്കാതെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന ജില്ലാ പാഡി ഓഫീസര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍, ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം, കുമ്മനം രവി, കെ.വി. നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.