മലപ്പുറം: ആറന്മുള വിമാനത്താവളത്തിന് നല്കിയ അനുമതി റദ്ദാക്കാനാവില്ലെന്ന് പറഞ്ഞ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിക്കില്ലെന്ന് കേന്ദ്രമന്ത്രിയും ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അദ്ധ്യായമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയില്‍ വ്യോമയാന മന്ത്രാലയം നല്കിയ സത്യവാങ് മൂലം ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. സുപ്രീം കോടതിയും ഹരിത ട്രൈബ്യൂണലും വിമാനത്താവളം ആറന്മുളയില് പാടില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സത്യവാങ് മൂലം പിന്‍വലിക്കണം. വിമാനത്താവളത്തെ ശക്തമായി പ്രതിരോധിക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
ഹിന്ദു അവകാശ പത്രിക നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കും. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കി ഹിന്ദുവിരുദ്ധ സമീപനം തുടരാനാണ് ശ്രമിക്കുന്നതെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കും.
ഗവര്‍ണര്‍, സ്പീക്കര്‍ എന്നിവര്‍ക്കും മുന്നണി നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, എംപിമാര്‍, എംഎല്.എമാര്‍ എന്നിവര്‍ക്കും നിവേദനം സമര്‍പ്പിക്കും. സെക്രട്ടേറിയറ്റ് മാര്‍ച്ച്, മന്ത്രി വസതി മാര്‍ച്ച്, വഴി തടയല്‍ പ്രതിഷേധ പ്രകടനം, ഗ്രാമതല പ്രക്ഷോഭങ്ങള്‍ എന്നവയ്ക്ക് ഹിന്ദു ഐക്യവേദി നേതൃത്വം കൊടുക്കും.
സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്ന ഭൂരഹിത ജനസമൂഹത്തിന് ഭൂമി ലഭ്യമാക്കാന്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കും. പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കണം, സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച ഭൂമികളും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പിഎസ്സി, യുപിഎസ്സി, ബാങ്കിംഗ് മേഖല, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖല ജനപ്രതിനിധി സഭ, യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളില്‍ ജോലി തട്ടിയെടുത്തവരെക്കുറിച്ച് ദേശീയ പട്ടികജാതി കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കും.
ക്ഷേത്ര കാര്യങ്ങളില്‍ നടക്കുന്ന ധൂര്‍ത്ത്, ആഡംബരം എന്നിവ ചര്‍ച്ച ചെയ്യുന്നതിന് തന്ത്രിമാര്‍, വൈദിക ശ്രേഷ്ഠന്മാര്, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍, പണ്ഡിത ശ്രേഷ്ഠന്മാര് എന്നിവര്‍ പങ്കെടുക്കുന്ന ആചാര്യ സഭ ആഗസ്റ്റ് രണ്ടാം വാരം തൃശൂരില്‍ വിളിച്ച് ചേര്‍ക്കും.
മുഴുവന്‍ പഞ്ചായത്തുകളിലും പൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സംരക്ഷണം സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താന്‍ “പ്രകൃതി സൗഹാര്‍ദ്ദ മാതൃകാ സ്കൂള്‍ പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടത്തുന്നത്.
സംസ്ഥാനത്തെ 75 സ്കൂള്‍ ആദ്യ പടിയായി ദത്തെടുത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പഠന കളരികള്‍, പരിസ്ഥിതി സൗഹാര്‍ദ്ദ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. വിഷു നാളില്‍ പരമാവധി ഭവനങ്ങളില്‍ വിഷുക്കൈനീട്ടം നല്‍കും. മഹിളാ ഐക്യവേദി രണ്ടാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് രണ്ടിന് കോഴിക്കോട് നടക്കും. “
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്.ബിജു, കെ. പി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി പി. വി മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: