വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം: സിപിഎം - ലീഗ് ബാന്ധവത്തിന്റെ തെളിവ് - വി. മുരളീധരന്‍

Monday 6 April 2015 11:11 pm IST

നാദാപുരം: മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം പി.വി. അബ്ദുള്‍ വഹാബിന് നല്‍കിയത് സിപിഎം മുസ്ലിം ലീഗ് രഹസ്യ ബാന്ധവത്തിനുള്ള തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റ നേതൃത്വത്തില്‍ നാദാപുരം വടകര മേഖലയില്‍ നടക്കുന്ന ജനജാഗരണ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി സമ്പന്നര്‍ക്ക് പാര്‍ട്ടിയെ അടിയറവെക്കുകയാണ് ലീഗ് ചെയ്തിരിക്കുന്നത്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് വഹാബിനുള്ളത്. മുസ്ലിം ലീഗില്‍ സിപിഎമ്മിന്റെ താല്‍പ്പര്യം സംരക്ഷിക്കുകയാണോ അതോ സിപിഎമ്മില്‍ മുസ്ലീം ലീഗിന്റെ താല്‍പ്പര്യം സംരക്ഷിക്കുകയാണോ അബ്ദുള്‍ വഹാബ് ചെയ്യുന്നത് എന്നാണ് ഇനി അറിയേണ്ടത്. സമ്പന്ന മുസ്ലിം നേതൃത്വവുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന മാര്‍ക്‌സിസ്റ്റ് നേതൃത്വം ഭൂരിപക്ഷ സമുദായത്തിലെ പാവപ്പെട്ട അണികളെ വഞ്ചിക്കുകയാണ്. ദുബായ് മുതല്‍ കൈരളി ചാനല്‍, അബ്ദുള്‍ വഹാബ് തുടങ്ങി നാദാപുരത്തെ ഒത്തുതീര്‍പ്പിലെത്തി നില്‍ക്കുന്ന സിപിഎം മുസ്ലിം ലീഗ് ബാന്ധവം ഇന്ന് പരസ്യമായിരിക്കുകയാണ്. സിപിഎം നേതൃത്വം നടത്തുന്ന ഈ കള്ളക്കളി സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ തിരിച്ചറിയുകയാണ്. കൊന്നവനും കൊല്ലപ്പെട്ടവനും നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം സിപിഎം-മുസ്ലിംലീഗ് കൂട്ടുകെട്ടിന്റെ നേര്‍ക്കാഴ്ചയാണ്. നീതി ലഭിക്കണമെന്നാഗ്രഹിക്കുന്ന സിപിഎമ്മിലെ സാധാരണക്കാരന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ജനജാഗരണയാത്രയുടെ ലക്ഷ്യം. നാദാപുരത്ത് ശാന്തിയും സമാധാനവും വികസനവുമുണ്ടാക്കാന്‍ ഇരു പാര്‍ട്ടികളുടെയും അക്രമ വാഴ്ച ഇല്ലാതാക്കണം. ശാശ്വത സമാധാനത്തിന് മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഒത്തുതീര്‍പ്പില്ലാത്ത സഹകരണത്തിന് തുടക്കമിടുകയാണ് ജനജാഗരണയാത്രയുടെ ലക്ഷ്യം അദ്ദേഹം പറഞ്ഞു. ജാഥാ നായകന്‍ കെ. സുരേന്ദ്രന് വി. മുരളീധരന്‍ പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.കെ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്. എസ്. പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, ബിജെപി വക്താവ് വി.കെ. സജീവന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ. പ്രഭാകരന്‍ സ്വാഗതവും, പി. മധുപ്രകാശ് നന്ദിയും പറഞ്ഞു. പദയാത്ര ഇന്ന് വടകരയില്‍ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.