തിരുവനന്തപുരം: ആത്മാഭിമാനം ഉള്ളവരാണെങ്കില്‍ കേരളകോണ്‍ഗ്രസ്സ്-എം യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്. പി.സി. ജോര്‍ജനെ ഭയന്നിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ.എം. മാണിയുടെ കത്തില്‍ തീരുമാനം നീട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി. സി. ജോര്‍ജിനെതിരെയുള്ള നടപടി സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം ഒരു സാഹചര്യത്തില്‍ എന്തിന് മുന്നണിയില്‍ തുടരണമെന്ന് കെ.എം. മാണി ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.
സരിതയുടെ കത്ത് സോളാര്‍ കമ്മീഷന് തെളിവായി സ്വീകരിക്കണം. 23 പേജുള്ള സരിതയുടെ കത്ത് പത്തനംതിട്ടയില്‍ നിന്ന് അട്ടകുളങ്ങരയില്‍ എത്തിയപ്പോള്‍ നാല് പേജായി ചുരുങ്ങി. ഇത് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ്. സരിതയുടെ ഈ കത്ത് പോലീസ് പിടിച്ചെടുക്കണം. പത്തനംതിട്ട ജയില്‍ സൂപ്രണ്ടിനെ ചോദ്യം ചെയ്താല്‍ കത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കൂട്ട് ഉത്തരവാദിത്വം നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജി വെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: