യെമനിലെ മികവുറ്റ രക്ഷാപ്രവര്‍ത്തനം

Tuesday 7 April 2015 8:48 pm IST

ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ ഭാരതം നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാദൗത്യത്തെ ആശയോടെയും ആവേശത്തോടെയുമാണ് ലോകം ഉറ്റുനോക്കുന്നത്. പ്രതിരോധ,വിദേശകാര്യ വകുപ്പുകളും മറ്റു സംഘടനകളും നടത്തിയ രക്ഷാദൗത്യം കാണിക്കുന്നത് സ്വന്തം പൗരന്മാരെ രക്ഷിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ അഭിമാനത്തോടെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭാരതത്തിലെ പൗരന്മാരെ മാത്രമല്ല, നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഭാരതസൈന്യവും സംവിധാനങ്ങളും സംരക്ഷണമൊരുക്കിയെന്നതും എടുത്തുപറയേണ്ടതാണ്. കര- നാവിക സേനകള്‍, വിദേശകാര്യ, ഷിപ്പിംഗ്, റെയില്‍വേ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, എയര്‍ഇന്ത്യ എന്നിവ തമ്മിലുള്ള നിരന്തര സഹകരണം രക്ഷാപ്രവര്‍ത്തനങ്ങളെ വലിയൊരളവില്‍ സഹായിച്ചു. ദിവസങ്ങളായി ജിബൂട്ടിയില്‍ തങ്ങുന്ന വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ. സിങ് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ ഏകോപിപ്പിച്ച് നേതൃത്വം നല്‍കുകയാണ്. ആപത്തില്‍പ്പെടുന്ന നമ്മുടെ പൗരന്മാര്‍ക്ക് സേവനം നല്‍കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ഭാരതത്തിന്റെ സന്നദ്ധതയെയാണ് യെമനിലെ ഒഴിപ്പിക്കല്‍ ശ്രമങ്ങളില്‍ പ്രതിഫലിക്കുന്നത്. ഭാരതത്തിന്റെ കഴിവും കരുത്തും കര്‍മ്മശേഷിയും ബോദ്ധ്യപ്പെട്ട മറ്റ് 23 രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി വിദേശകാര്യ വകുപ്പുമന്ത്രി സുഷമാ സ്വരാജും വ്യക്തമാക്കിയിട്ടുണ്ട്. യെമനില്‍ കുടുങ്ങിയ മുഴുവന്‍ ഭാരതീയരെയും മടക്കിക്കൊണ്ടുവരുന്നതിനുള്ള അന്തിമപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എന്തു പ്രതിസന്ധിയുണ്ടായാലും അവ പരിഹരിച്ച് ഭാരതീയരെ മുഴുവന്‍ മടക്കിക്കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖും വ്യക്തമാക്കി. ഇതുവരെ മൂവായിരത്തിലേറെപ്പേരെ കുടിയൊഴിപ്പിച്ചു. യെമനിലെ വിദൂരസ്ഥലങ്ങളിലും വിമതരുടെ കൈപ്പിടിയിലുള്ള സ്ഥലങ്ങളിലുമുള്ളവരെ കണ്ടെത്തി ഒഴിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം. ദിവസങ്ങളായി ഏറ്റുമുട്ടലും ബോംബുവര്‍ഷവും നടക്കുകയാണെങ്കിലും ഒരു ഭാരതീയനും ജീവനാശമോ പരിക്കേല്‍ക്കുകയോചെയ്യാത്തത് ഏറെ ആശ്വാസകരമാണ്. ഏദന്‍ തുറമുഖത്തേക്ക് അല്‍ഖ്വയ്ദയുടെ പിന്തുണയുള്ള ഹൂതി വിമതസൈന്യം മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ ഭാരതീയരെ ഏദന്‍ തുറമുഖത്ത് എത്തിച്ച് അവിടെനിന്ന് കപ്പലില്‍ ജിബൂട്ടിയിലേക്ക് കടത്തുക ദുഷ്‌കരമാകുകയാണ്. വിമതര്‍ തുറമുഖം പിടിച്ചടക്കിയാല്‍പിന്നെ ഒഴിപ്പിക്കല്‍ അസാധ്യമാകും. യെമനില്‍ അവസ്ഥ വളരെ മോശമാകുകയാണ്. രക്ഷാദൗത്യം കടുത്തിരിക്കുന്നു. എന്നിട്ടും അവിശ്രമം ശ്രമംതുടരുകയാണ് നമ്മുടെ സംഘം. സൗദ്യ അറേബ്യയുടെ നേതൃത്വത്തില്‍ ഒന്‍പത് അറബ് രാജ്യങ്ങള്‍ കൈകോര്‍ത്ത് വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. യെമന്റെ തലസ്ഥാനമായ സനയില്‍ പിടിമുറുക്കി ആധിപത്യം ഉറപ്പിച്ച വിമതരെ കീഴ്‌പ്പെടുത്തുകയാണ് ലക്ഷ്യം. വെടിയൊച്ച അടങ്ങിയ നേരമില്ല. ചൂടു ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം മുറ്റിനില്‍ക്കുന്ന സനയിലകപ്പെട്ട ഒട്ടേറെപേര്‍ക്ക് ഭാരതം രക്ഷനല്‍കി. ഇനി അധികം പേരില്ല. ആയിരത്തോളം ഭാരതീയര്‍ അവിടെ കല്യാണം കഴിച്ച് കുടുംബസമേതം തങ്ങുകയാണ്. അവര്‍ തിരിച്ചുവരാന്‍ തയ്യാറുണ്ടോ എന്നറിയില്ല. ഇതിനിടെ സനയില്‍ കുടുംബസമേതം കഴിയുന്ന മലപ്പുറം സ്വദേശി സല്‍മാനെ വിമതര്‍ തട്ടിക്കൊണ്ടുപോയതായി വാര്‍ത്തയുണ്ട്. ഏതായാലും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും ഒരുപോറലുമേല്‍ക്കാതെ രക്ഷിക്കാന്‍ നടത്തുന്ന ഭാരതസര്‍ക്കാരിന്റെ ശ്രമം മികവുറ്റതുതന്നെയാണ്. മുന്‍പ് ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉണ്ടായപ്പോള്‍ കണ്ട 'വിഴുങ്ങസ്യ' നയമല്ല ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത് എന്നത് ആര്‍ക്കും വ്യക്തമാകും. ഗള്‍ഫ് മേഖലയില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് ഭാരതീയര്‍ കഷ്ടപ്പെട്ട സമയം കൈമലര്‍ത്താനേ മുന്‍ സര്‍ക്കാരിന് സാധിച്ചിരുന്നുള്ളൂ. മലയാളിയായ പ്രവാസി കാര്യമന്ത്രിയുണ്ടായിട്ടും മലയാളികളടക്കമുള്ള ഭാരതീയരെ തിരിഞ്ഞുനോക്കാന്‍ തയ്യാറായില്ല. പ്രവാസിമന്ത്രി അന്ന് സുഖവാസത്തിലായിരുന്നു. ഇറാഖില്‍ യുദ്ധംമുറുകിയപ്പോള്‍ വി.പി. സിംഗ് മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി ഇന്ദ്രകുമാര്‍ ഗുജ്‌റാള്‍ അവിടെചെന്ന് സദ്ദാം ഹുസൈനെ കെട്ടിപിടിച്ച് വിവാദമുണ്ടാക്കി മടങ്ങുകയായിരുന്നു. ഇന്ന് സ്ഥിതിഗതികളാകെ മാറി. നീക്കങ്ങളെല്ലാം ചടുലമാണ്. നിഷ്‌ക്രിയമായ ഭൂതകാലത്തെ അയവിറക്കി വെറുതെ ഇരിക്കാതെ സക്രിയമായി ദൗത്യം നിര്‍വഹിക്കുന്നു. ഇത്രയും കരുതലോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയും സൈന്യത്തെയും അഭിമാനത്തോടെ അഭിനന്ദിക്കേണ്ട മുഹൂര്‍ത്തമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.