വിഎസ് വീണ്ടും പൊതുപരിപാടിക്ക്; ഒത്തുതീര്‍പ്പിന് ഔദ്യോഗിക പക്ഷം

Tuesday 7 April 2015 9:08 pm IST

ആലപ്പുഴ: സിപിഎമ്മിലെ ഔദ്യൗഗിക പക്ഷത്തിന്റെ വിലക്ക് അവഗണിച്ച് പൊതുവേദികളില്‍ വി.എസ്. അച്യുതാനന്ദന്‍ സജീവമാകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് നീക്കങ്ങളുമായി ഔദ്യോഗിക പക്ഷം രംഗത്തെത്തി. കഴിഞ്ഞ 29ന് മാന്നാറില്‍ വിഎസ് അനുകൂലികള്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന് അച്യുതാനന്ദന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന ഭാഷ്യവുമായി ഇന്നലെ ഔദ്യോഗിക പക്ഷത്തെ പ്രമുഖനായ ജി. സുധാകരന്‍ തന്നെ രംഗത്തെത്തി. അച്യുതാനന്ദന് ജില്ലയിലെ ഏതു പൊതുപരിപാടിയിലും പങ്കെടുക്കാം. പാര്‍ട്ടി അതിനെ വിലക്കില്ല. മാന്നാറില്‍ അച്യുതാനന്ദന്‍ പങ്കെടുത്ത പരിപാടിയില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ മുദ്രാവാക്യം വിളിച്ചവരുടെ ലക്ഷ്യം മറ്റൊന്നാണ്, അവര്‍ക്ക് പാര്‍ട്ടിയോടും വിഎസിനോടും സ്‌നേഹമില്ല. ഇക്കാര്യങ്ങളാണ് പാര്‍ട്ടി പരിശോധിക്കുന്നതെന്നാണ് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിഎസിനെ പങ്കെടുപ്പിച്ച് മാന്നാറില്‍ പരിപാടി നടന്ന അന്നേദിവസം തന്നെ സംഘാടകരായ രണ്ട് ലോക്കല്‍ കമ്മറ്റിയംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയും പിറ്റേന്ന് അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്ത ഔദ്യോഗിക നേതൃത്വം ഇപ്പോള്‍ നിലപാടില്‍ അയവുവരുത്തി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. വിഎസ് പക്ഷം ഒത്തുതീര്‍പ്പിന് വഴങ്ങാത്ത സാഹചര്യത്തിലാണ് ഔദ്യോഗിക വിഭാഗത്തിന്റെ പുതിയ നീക്കം. സംഘാടകരായ ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക മാത്രമല്ല, പരിപാടിയില്‍ പങ്കെടുത്ത പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കാനുമാണ് നീക്കം. അതിനിടെ മുഹമ്മ കല്ലാപ്പുറത്ത് വിഎസ് അനുകൂലികളും പാര്‍ട്ടി അനുഭാവികളും നയിക്കുന്ന സമന്വയ ഗ്രന്ഥശാലയുടെ കെട്ടിടത്തിന്റെ 26ന് നടക്കുന്ന ഉദ്ഘാടനത്തിനും എതിര്‍പ്പ് മറികടന്ന് വിഎസ് എത്തുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ വിഎസ് പക്ഷത്തെ പ്രകോപിപ്പിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ഔദ്യോഗിക പക്ഷം പയറ്റുന്നത്. അതിനിടെ വിഎസ് ഇഫക്ട് മറികടക്കുന്നതിന് ഏതുവിധേനയും കെ.ആര്‍. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തന്നെ ആരംഭിച്ചു. കഴിഞ്ഞദിവസം ഗൗരിയമ്മയെ നേരില്‍ക്കണ്ട് കോടിയേരി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും ഗൗരിയമ്മ പഴയ നിലപാടില്‍ ഉറച്ചുനിന്നു. തന്റെ കൂടെയുള്ളവരെയും സിപിഎമ്മില്‍ എടുക്കണമെന്നാണ് ഗൗരിയമ്മയുടെ ആവശ്യം. മുന്‍ സെക്രട്ടറി പിണറായി വിജയനും പാര്‍ട്ടിയില്‍ തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് ഗൗരിയമ്മയെ പലതവണ സന്ദര്‍ശിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹപര്യത്തില്‍ സിപിഎം ഗൗരിയമ്മയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാനാണ് സാദ്ധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.