ആ മറുവശവും കാണണം

Wednesday 8 April 2015 9:35 pm IST

റോഡുകള്‍ വീതികൂട്ടണമെന്ന അജിത്തിന്റെ കത്ത് നിത്യവുമിറങ്ങുന്ന ആയിരക്കണക്കിനുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഒരു നിര്‍ദ്ദേശമെന്നേ പറയേണ്ടൂ. ' "-Accidents do not happen but they are caused-'- ' എന്ന ഒറ്റവാക്യംതന്നെ അപകടങ്ങള്‍ക്ക് കാരണം നിരവധിയാണെന്ന് വ്യക്തമാക്കുന്നു. വാഹനമോടിക്കുമ്പോഴുള്ള നിസ്സംഗതാ മനോഭാവവും അശ്രദ്ധയും അവിദ്യയും ആവേശവുമെല്ലാമാണ് എണ്‍പത് ശതമാനം അപകടങ്ങള്‍ക്കും കാരണം. പത്തുശതമാനം റോഡിനും പത്ത് ശതമാനം വാഹനത്തിലെ തകരാറുകളും. ചില വീടുകളില്‍ രണ്ടും മൂന്നും കാറുകളും ബൈക്കുകളും വാങ്ങിക്കൂട്ടി ഉല്ലസിക്കുമ്പോള്‍ കൃഷിയിടങ്ങളും ചെറുകിട വ്യാപാരസ്ഥാപനങ്ങളും ഇല്ലാതാക്കിക്കൊണ്ട് റോഡുകള്‍ ആറും എട്ടും വരികള്‍ ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്നത് ദേശത്തിന്റെ അസ്ഥിത്വം തകര്‍ക്കുകയാണ്. ഗ്രാമങ്ങള്‍ പച്ചപിടിച്ചുനില്‍ക്കുന്നതു ആരോഗ്യകരമല്ലേ? ദേശീയപാത ആവശ്യമാണ്, കാരണം ദേശീയ ഭദ്രതക്കായി പട്ടാളത്തിന്റെ പാറ്റന്‍ടാങ്കുകള്‍ ഓടിക്കാന്‍ അവ ഇന്നേ ഉണ്ടാക്കേണ്ടേ? റോഡുവികസനത്തിന്റെ പേരില്‍ അശാസ്ത്രീയ വിമാനനിലയം പണിയാന്‍ പ്രകൃതിരമണീയതയെ നശിപ്പിക്കലും കാണാം. ഗ്രാമ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ ബസ്സിനു വരുവാനും പോകുവാനും വേണ്ട വീതി പോരേ? രണ്ടുഭാഗത്തും നടപ്പാതകള്‍ തകര്‍ക്കപ്പെടണമോ? പ്രധാനപാതകള്‍ക്ക് വരുവാനും പോകുവാനും രണ്ടുവരിപ്പാത പോരെ? അപ്പോള്‍തന്നെ മന്ത്രിപുങ്കവന്മാരുടെയും സര്‍ക്കാര്‍ വാഹവങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്ത് മിന്നിച്ചുപായുവാന്‍ സ്ഥലമുണ്ടാകുമല്ലോ? അകമ്പടിവാഹനത്തിന്റെ ചിന്നംവിളി കേട്ടാല്‍ 'ഏമാന്‍മാര്‍' വരുന്നെന്നും വഴിമാറണമെന്നും ജനങ്ങള്‍ക്കറിവുള്ളതാണല്ലോ? കാര്‍ഷികപ്രദേശങ്ങളേയും ചെറുകിട ഹോട്ടല്‍ വ്യാപാര സ്ഥാപനങ്ങളുടെയും തകര്‍ച്ച വിലക്കയറ്റവും ഉപജീവനമാര്‍ഗമില്ലാത്ത അവസ്ഥയും സൃഷ്ടിക്കും. സി.എല്‍. നാരായണസ്വാമി, ചേലക്കര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.