കശ്യപ്, പ്രണോയ് രണ്ടാം റൗണ്ടില്‍

Wednesday 8 April 2015 10:03 pm IST

സിംഗപ്പൂര്‍: ഇന്ത്യന്‍ പുരുഷ താരങ്ങളായ പി. കശ്യപ്, എച്ച്.എസ്. പ്രണോയും വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം ദേശീയ ചാമ്പ്യന്‍ പി.സി. തുളസി ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യറൗണ്ടില്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനായ പി. കശ്യപ് കൊറിയയുടെ ലീ ഹ്യൂനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് രണ്ടാം റൗണ്ടിലെത്തിയത്. 33 മിനിറ്റ് നീണ്ട കളിയില്‍ 21-11, 21-13 എന്ന സ്‌കോറിനായിരുന്നു കശ്യപിന്റെ ജയം. മറ്റൊരു മത്സരത്തില്‍ യുവതാരം എച്ച്.എസ്. പ്രണോയ് ഹോങ്കോംഗ് താരം വോങ് വിങ് കി വിന്‍സന്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി. 40 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-15, 21-17 എന്ന സ്‌കോറിനായിരുന്നു പ്രണോയ് വിജയം കണ്ടത്. അതേസമയം മറ്റൊരു സിംഗിള്‍സില്‍ ഗുരുസായി ദത്ത് ആദ്യ റൗണ്ടില്‍ പുറത്തായി. നാലാം സീഡ് കൊറിയയുടെ സണ്‍ വാന്‍ ഹൊവിനോട് ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് ഗുരുസായിദത്ത് കീഴടങ്ങിയത്. സ്‌കോര്‍: 16-21, 21-12, 21-15. വനിതാ സിംഗിള്‍സില്‍ പി.സി. തുളസി ഡാനിഷ് താരം ലിനെ ജാര്‍സ്‌ഫെല്‍ഡറ്റിനോട് 21-16, 21-14 എന്ന സ്‌കോറിന് പരാജയപ്പെട്ടാണ് ആദ്യ റൗണ്ടില്‍ പുറത്തായത്. വനിതാ ഡബിള്‍സില്‍ ജ്വാലഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം കൊറിയന്‍ ജോഡികളെ 21-12, 21-16 എന്ന സ്‌കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. എന്നാല്‍ മറ്റ് വനിതാ ഡബിള്‍സ് മത്സരങ്ങളില്‍ പ്രദന്യ ഗ്രഡെ-ശിഖി റെഡ്ഡി സഖ്യവും ധന്യ നായര്‍-മോഹിത സഹദേവ് സഖ്യവും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. മിക്‌സഡ് ഡബിള്‍സില്‍ തരുണ്‍ ഖോന-ശിഖി റെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ പരാജയമേറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.