ആറന്മുള: കെജിഎസിന്റെ നിലപാട് കോടതിയലക്ഷ്യം-കുമ്മനം

Wednesday 8 April 2015 10:14 pm IST

തിരുവനന്തപുരം: ആറന്മുള വിമാനത്താവളം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന കെജിഎസ് ഗ്രൂപ്പിന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. വിമാനത്താവള നിര്‍മാണം പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും പദ്ധതി പ്രദേശത്ത് ഭൂമിക്ക് അല്പം പോലും രൂപഭേദം വരുത്തരുതെന്നും എയര്‍പോര്‍ട്ട് പാടില്ലെന്നുമുള്ള ഗ്രീന്‍ ട്രൈബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും വിധികളെ കെജിഎസ് ഗ്രൂപ്പ് ഇപ്പോള്‍ തള്ളിപ്പറയുന്നത് ഖേദകരമാണ്. മധ്യതിരുവിതാംകൂറില്‍ ഒരു വിമാനത്താവളത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അത് ആറന്മുളയില്‍ തന്നെ നിര്‍മിക്കണമെന്നാണ് കെജിഎസ് ഗ്രൂപ്പിന്റെ നിലപാട്. ഈ നിര്‍ബന്ധബുദ്ധിയെയാണ് ആറന്മുളയിലെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. ആവശ്യമായ പഠനങ്ങള്‍ നടത്തി യുക്തമായ സ്ഥലങ്ങള്‍ വിമാനത്താവളത്തിന് കണ്ടെത്താനുള്ള ആര്‍ജവം കാട്ടേണ്ടതിന് പകരം സുപ്രീംകോടതിവിധി കാറ്റില്‍പ്പറത്തി പൈതൃകഗ്രാമമായ ആറന്മുളയെ നശിപ്പിക്കുവാനാണ് കെജിഎസ് ഗ്രൂപ്പ് ഒരുമ്പെടുന്നത്. ഇതിനു പിന്നില്‍ പല ദുരുദ്ദേശ്യങ്ങളും ആഗോള ഗൂഢാലോചനയുണ്ടെന്നും കുമ്മനം പറഞ്ഞു. കേന്ദ്രവ്യോമയാനമന്ത്രാലയം 2014 ഡിസംബറില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 2012 ആഗസ്റ്റ് 7ന് സ്റ്റിയറിംഗ് കമ്മറ്റി അനുമതി നല്‍കാനിടയായ സാഹചര്യം വിശദീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ സത്യവാങ്മൂലം ആറന്മുള വിമാനത്താവളം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതിയായി ചിത്രീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ്. അനുമതി കഴിഞ്ഞ സര്‍ക്കാരിന്റെതാണെങ്കില്‍ പോലും അത് പിന്‍വലിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. അതുകൊണ്ട് സത്യവാങ്മൂലം പിന്‍വലിക്കുകയും അനുമതി റദ്ദ് ചെയ്ത് വിവരം കോടതിയെ ധരിപ്പിക്കുകയും വേണം. രണ്ടാഴ്ച മുമ്പ് കേന്ദ്രവ്യോമയാനമന്ത്രി വിമാനത്താവളത്തിന് മന്ത്രാലയം അനുവാദം നല്‍കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആറന്മുള എയര്‍പോര്‍ട്ട് വിഷയം അടഞ്ഞ അധ്യായമാണെന്ന് പ്രസ്താവിക്കുകയുണ്ടായി. ഏറ്റവും ഒടുവിലായുള്ള ഇവരുടെ അഭിപ്രായപ്രകടനങ്ങളെ തമസ്‌കരിക്കുകയും കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഉയര്‍ത്തിക്കാട്ടി എയര്‍പോര്‍ട്ടിന് കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്ന് പ്രചരിപ്പിക്കുകയുമാണ് കെജിഎസ് ചെയ്യുന്നത്. പദ്ധതിപ്രദേശത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ മാത്രമാണ് ആറന്മുള ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്ന പ്രസ്താവനയും പച്ചക്കള്ളമാണ്. കേവലം ക്ഷേത്രത്തിന്റെ 100 മീറ്റര്‍ മാത്രം അകലെ റോഡ് വരെ വ്യവസായമേഖലയായി പ്രഖ്യാപിക്കുകയും സ്ഥലങ്ങള്‍ കമ്പനി വിലയ്ക്കു വാങ്ങുകയും ചെയ്തിട്ടുണ്ട്. 1800 വര്‍ഷത്തെ പഴക്കമുള്ള ആറന്മുളക്ഷേത്രം പുരാവസ്തു പ്രാധാന്യമുള്ളതാകയാല്‍ അതിന്റെ പത്തു കിലോമീറ്ററിനുള്ളില്‍ വിമാനത്താവളം പാടില്ലെന്ന് കേന്ദ്രപുരാവസ്തു നിയമം നിഷ്‌കര്‍ഷിക്കുന്നു കൊടിമരത്തിന്റെ പൊക്കം അഞ്ചുമീറ്റര്‍ കുറയ്ക്കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദ്ദേശത്തിനെതിരെയുള്ള കേസ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അവസാനിപ്പിച്ചതാണ്. ക്ഷേത്രവുമായി ഒരു കിലോമീറ്റര്‍ അകലമുള്ളതിനാല്‍ എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ അനുവദിക്കണമെന്ന നിലപാടാണ് കെജിഎസിനുള്ളതെങ്കില്‍ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടതായിരുന്നു. കോടതിയില്‍ എല്ലാ കേസിലും പരാജയപ്പെട്ട കെജിഎസ് ഗ്രൂപ്പ് കോടതിക്ക് പുറത്തുവന്ന് വിധിക്കെതിരെ നിലപാട് സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. വിമാനത്താവള നിര്‍മാണത്തിന് അനുകൂലമായ നടപടി ഏതുഭാഗത്തു നിന്നുണ്ടായാലും അതിശക്തമായി കര്‍മസമിതി എതിര്‍ക്കും. അധികൃതരെ തെറ്റിദ്ധരിപ്പിച്ചും കള്ളരേഖകള്‍ ഹാജരാക്കിയുമാണ് നാളിതുവരെ കെജിഎസ് അനുമതികള്‍ നേടിയത്. കംപ്‌ട്രോളര്‍ ഓഫ് ഓഡിറ്റര്‍ ജനറല്‍, വിജിലന്‍സ്-റവന്യൂ വകുപ്പുകള്‍, വിവിധ കോടതികള്‍ തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങളെല്ലാം കെജിഎസ് ഗ്രൂപ്പിനെതിരെ ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്. സിവിലായും ക്രിമിനലായുമുള്ള വകുപ്പുകള്‍ ഉപയോഗിച്ച് ശിക്ഷാ നടപടികള്‍ കെജിഎസിനെതിരെ സ്വീകരിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.