യെമന്‍ ദൗത്യം ഇന്നും തുടരും

Wednesday 8 April 2015 10:38 pm IST

ന്യൂദല്‍ഹി: യുദ്ധകലുഷിതമായ യെമനില്‍ നിന്നും ഭാരത പൗരന്മാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുന്ന ദൗത്യം ഇന്നും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യം ഇന്നലെ അവസാനിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. യെമനില്‍ കുടുങ്ങിക്കിടക്കുന്ന 140 നേഴ്‌സുമാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് രക്ഷാപ്രവര്‍ത്തനം നീട്ടിയതെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. വ്യോമാനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരെക്കൂടി മടക്കിയെത്തിക്കും. ഇന്നലെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 400പേരെ യെമനില്‍ നിന്നും ജിബൂത്തിയിലെത്തിച്ചു. ഇതുവരെ 4100പേരെയാണ് നാവിക-വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയത്. എല്ലാ പൗരന്മാരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും എന്നാല്‍ പലപല കാരണങ്ങളാല്‍ ചിലര്‍ യെമനില്‍ നിന്നും വിട്ടുപോരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും അങ്ങനെയായാല്‍ എന്തുചെയ്യുമെന്നും ജിബൂത്തിയില്‍ ക്യാമ്പ് ചെയ്യുന്ന വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ചോദിച്ചു. യെമനിലെ മഖാലത് തുറമുഖത്തു നിന്നും പാക്കിസ്ഥാന്‍ നാവികസേന രക്ഷപ്പെടുത്തിയ 11 ഭാരതീയരെയും ഇന്നലെ കറാച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍  ദല്‍ഹിയിലേക്ക് കൊണ്ടുവന്നു. ഇവരില്‍ അഞ്ചുപേര്‍ മലയാളികളാണ്. നാലു തമിഴ്‌നാട് സ്വദേശികളും രണ്ട് ഉത്തര്‍പ്രദേശുകാരും സംഘത്തില്‍ ഉള്‍പ്പെടുന്നു. നിരവധി പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് തങ്ങളെ രക്ഷിക്കാന്‍ പാക് നാവികസേന തയ്യാറായതെന്ന് വയനാട് സ്വദേശി ദീപക് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.