ഒരു കോടിയുടെ ബ്രൗണ്‍ഷുഗറുമായി എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

Wednesday 29 June 2011 11:07 pm IST

പൊന്നാനി: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിരൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി മൂന്ന്‌ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. സംഘത്തലവന്‍ ഓടി രക്ഷപ്പെട്ടു. മണ്ണാര്‍ക്കാട്‌ കാഞ്ഞിരപ്പുഴ കയ്യാലിക്കല്‍ സുബൈര്‍(38),സഹോദരന്‍ കയ്യാലിക്കല്‍ ഷെയറെഫ്‌ (33), പാലപ്പെട്ടി തറയില്‍ വീട്ടില്‍ മുജീബ്‌ (30) എന്നിവരാണ്‌ പിടിയിലായത്‌. സംഘത്തലവനായ ചെമ്പന്‍കുഴി ഹാരിസ്‌ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടു.
രക്ഷപ്പെട്ട ഹാരിസ്‌ മണ്ണാര്‍ക്കാട്‌ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ എസ്ഡിപിഐ മേഖലാ കണ്‍വീനറായിരുന്നു. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്‌. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്‌ ഹാരിസ്‌. മുമ്പ്‌ മണ്ണാര്‍ക്കാട്‌ വച്ച്‌ 20 വാളുകളുമായി അറസ്റ്റിലായിരുന്നു. സുബൈര്‍ എസ്ഡിപിഐ മണ്ണാര്‍ക്കാട്‌ ഏരിയ കമ്മിറ്റി പ്രസിഡന്റാണ്‌. മയക്കുമരുന്നില്‍ നിന്നുള്ള പണം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതായി സംശയമുണ്ട്‌. അന്താരാഷ്ട്ര സംഘങ്ങളുമായി പ്രതികള്‍ക്ക്‌ ബന്ധമുണ്ടോ എന്നും പോലീസ്‌ പരിശോധിച്ചുവരുന്നുണ്ട്‌.
പാലക്കാട്‌ നിന്നും കൊണ്ടുവന്ന ബ്രൗണ്‍ഷുഗര്‍, കഴിഞ്ഞ ദിവസം വൈകീട്ട്‌ നാലോടെ പാലപ്പെട്ടിയില്‍ വച്ച്‌ പൊന്നാനിയിലെ ഏജന്റായ മുജീബിന്‌ കൈമാറുന്നതിനിടെയാണ്‌ സംഘം പിടിയിലായത്‌. ഒരാഴ്ചയായി ഇവര്‍ പൊലീസ്‌ നിരീക്ഷണത്തിലായിരുന്നു.ഹാരിസാണ്‌ പാലക്കാട്‌ നിന്നും മൊത്തമായി മയക്കുമരുന്ന്‌ എത്തിക്കുന്നതെന്നും ഇയാള്‍ക്ക്‌ പ്രസ്ഥാനത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും മലപ്പുറം എസ്പി കെ. സേതുരാമന്‍ പറഞ്ഞു. ഹാരിസ്‌ പിടിയിലായാല്‍ മാത്രമേ മയക്കുമരുന്നിന്റെ ഉറവിടം വ്യക്തമാകൂ.
പെരുമ്പടപ്പ്‌ എസ്‌ ഐ ഫര്‍ഷാദ്‌,സിപിഒ മാരായ പി. വിനോദ്‌, എ. സുധീര്‍, ജയ്മോഹന്‍ ജോസഫ്‌, ടി. മണികണ്ഠന്‍, അനില്‍ എന്നിവരാണ്‌ സംഘത്തെ പിടികൂടിയത്‌. തിരൂര്‍ ഡിവൈഎസ്പി മോഹനകൃഷ്ണന്റെ നേതൃത്വത്തില്‍ പൊന്നാനി സിഐ ദിനരാജന്‍ കേസ്‌ അന്വേഷിക്കുന്നു.